2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ബഹ്‌റൈനിലെ വിമാന യാത്രക്കാര്‍ നേരത്തെ എയര്‍പോര്‍ട്ടിലെത്തണം

ഉബൈദുല്ല റഹ്മാനി

മനാമ: പെരുന്നാള്‍ അവധി ദിനങ്ങളില്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടുവഴി യാത്രപോകുന്നവര്‍ നിര്‍ബന്ധമായും  മൂന്നു മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പെരുന്നാള്‍ അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത് വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനൂം സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെ എത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം നേരത്തെയുള്ളതാണെങ്കിലും പലരും ഇത് പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് അധികൃതരുടെ പ്രത്യേക നിര്‍ദേശം. പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍  ഈ നിര്‍ദേശം പാലിക്കാതിരുന്നാല്‍ ഒരു പക്ഷേ യാത്ര മുടങ്ങാനിടയാക്കുമെന്നും അധികൃതരോട് സഹകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ മുവണ്‍പിക്ക് ഹോട്ടലിന് പിന്നിലായി ഗലാലി ഏരിയയില്‍ 4,000 വാഹനങ്ങള്‍ക്കുള്ള അധിക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്. ഈ ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും അരമണിക്കൂര്‍ ഇടവിട്ട് ഷട്ടില്‍ സര്‍വീസും ലഭ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നാട്ടിലേക്ക് പുറപ്പെടുന്ന ചില പ്രവാസികള്‍ എയര്‍പോര്‍ട്ടിലെ അധിക പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കാനായി അവസാന മണിക്കൂറില്‍ സുഹൃത്തുക്കളുടെ വാഹനത്തില്‍ ഇവിടെ എത്തുന്നത് പതിവാണെന്നും അത്തരം യാത്രക്കാരാണ് ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും പെരുന്നാള്‍ അവധിയിലുള്ള യാത്രമുടങ്ങിയാല്‍ വലിയ നഷ്ടമാണുണ്ടാകുകയെന്നും എയര്‍പോര്‍ട്ട് ജിവനക്കാരന്‍ കൂടിയായ ഒരു മലയാളി ഇവിടെ സുപ്രഭാതത്തോട് പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.