
ബെര്‍ലിന്‍: ജര്‍മന്‍ കപ്പിലെ ആവേശകരമായ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്ക് ചാംപ്യന്മാരായി. ഷൂട്ടൗട്ടില്‍ 4-3നാണ് ബയേണ്‍ ജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ജര്‍മന്‍ കപ്പില്‍ ബയേണിന്റെ 18ാം കിരീട നേട്ടം കൂടിയാണിത്. എന്നാല്‍ ജര്‍മന്‍ കപ്പ് ഫൈനലിലെ ഡോര്‍ട്മുണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത് . കഴിഞ്ഞ നാലു സീസണിലുമായി കാര്യമായ കിരീടനേട്ടങ്ങളും ഡോര്‍ട്മുണ്ടിന് അവകാശപ്പെടാനില്ല.
കോച്ച് പെപ് ഗെര്‍ഡിയോളയുടെ അവസാന മത്സരം എന്ന നിലയില്‍ പ്രസക്തമായിരുന്നു മത്സരം. എന്തു വിലകൊടുത്തും ജയിക്കാനുറച്ചാണ് ബയേണ്‍ കളത്തിലിറങ്ങിയത്. എന്നാല്‍ അതിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ബയേണിന് സാധിച്ചില്ല. ആദ്യ പകുതിയില്‍ ഡഗ്ലസ് കോസ്റ്റയുടെ തകര്‍പ്പനൊരു നീക്കം ഗോളാവുമെന്ന് കരുതിയെങ്കിലും ഡോര്‍ട്മുണ്ട് ഗോളി റോമന്‍ ബുര്‍ക്കിയുടെ തകര്‍പ്പന്‍ സേവ് താരത്തിന് ഗോള്‍ നിഷേധിച്ചു.
മറുവശത്ത് ഔബമേയാങിനും അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബൊറൂസിയയുടെ ഗോണ്‍സാലോ കാസ്ട്രോയും ബയേണിന്റെ തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തി. ഭാഗ്യം കൊണ്ടാണ് റിബറി കാര്‍ഡ് കാണാതെ രക്ഷപ്പെട്ടത്.
രണ്ടാം പകുതിയിലും ഇരുടീമുകളും അവസരം തുലയ്ക്കുന്നതിലും മുന്നില്‍ നിന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടിയില്‍ ബൊറൂസിയക്ക് വേണ്ടി ഷിന്‍ജി കഗാവ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ബയേണിന് വേണ്ടി ആര്‍തുറോ വിദാല്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ബൊറൂസിയയുടെ രണ്ടാം കിക്കെടുത്ത സ്വെന്‍ ബെന്ഡറുടെ കിക്ക് നൂയര്‍ സേവ് ചെയ്തു. പിന്നീട് ലെവന്‍ഡോവ്സ്കി, തോമസ്, മുള്ളര്‍, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ബയേണിനായി സ്കോര്‍ ചെയ്തപ്പോള്‍ ജോഷ്വാ കിമ്മിച്ചിന്റെ ഷോട്ട് പാഴായി. ബൊറൂസിയയുടെ സോക്രട്ടീസ് പാപാസ്തതോപൗലോസ് മൂന്നാം കിക്ക് പാഴാക്കിയപ്പോള്‍ ഔബമേയാങ്, മാര്‍ക്കോ റൂസ് എന്നിവര്‍ ലക്ഷ്യം കണ്ടു.