2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ബന്ധുവാര്… ശത്രുവാര്… ‘

എ. സജീവന്‍

ജീവിതത്തിലെ മധ്യാഹ്നം പിന്നിട്ട വേളയിലും ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ ഭവാനി ടീച്ചര്‍ അതിയായി ആഗ്രഹിച്ചത് ജീവിതസായാഹ്നത്തില്‍ താങ്ങും തണലുമായി അവനോ അവളോ ഉണ്ടാകുമല്ലോ എന്ന വിശ്വാസത്തിലായിരുന്നു.

ആ ഭവാനി ടീച്ചര്‍ നാലഞ്ചുനാള്‍ മുമ്പ് ഈ ലോകത്തോടു വിട പറഞ്ഞു. ആ വേര്‍പാടു വാര്‍ത്തയ്ക്ക് ചില മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ട് ‘മരണത്തിലും അനാഥയായി ഭവാനി ടീച്ചര്‍’ എന്നാണ്.

ശരിയാണ്…, വാര്‍ത്തകളില്‍ വായിച്ച കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഭവാനിടീച്ചറുടെ മരണമറിഞ്ഞ് എത്തിയത് ഒരേയൊരു ബന്ധു മാത്രം. അതുപോലും ആവര്‍ത്തിച്ചുള്ള നിര്‍ബന്ധത്തിനുശേഷമായിരുന്നത്രെ. നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ചിതകൊളുത്താന്‍ തയാറായെങ്കിലും സംസ്‌കാരം കഴിഞ്ഞയുടന്‍ അദ്ദേഹം തിരിച്ചുപോകുകയും ചെയ്തു.
വാര്‍ത്തയില്‍ പറഞ്ഞതൊക്കെ ശരിയെങ്കില്‍, അറുപത്തിരണ്ടാം വയസ്സില്‍ സ്വന്തംകുഞ്ഞിനു ജന്മം നല്‍കിയ ടീച്ചര്‍, അതിനു മുമ്പു ഭയന്ന അനാഥത്വം അവരെ അന്ത്യനാളില്‍ ക്രൂരമായി പിടികൂടുക തന്നെ ചെയ്തു എന്നു പറയേണ്ടിവരും.

പക്ഷേ, അങ്ങനെ പറയണമെങ്കില്‍ ടീച്ചര്‍ക്കു രോഗശയ്യയിലും മരണവേളയിലും മരണാനന്തരനിമിഷങ്ങളിലും സനാഥത്വം കൊടുത്ത ചില സുമനസ്സുകളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം മറക്കുകയും മറയ്ക്കുകയും ചെയ്യേണ്ടിവരും. വാര്‍ത്തയില്‍ പറഞ്ഞപോലെ ജീവിതത്തിന്റെ അന്ത്യനിമിഷത്തിലോ മരണവേളയിലോ മൃതദേഹസംസ്‌കാരംവരെയുള്ള ഘട്ടത്തിലോ ഭവാനി ടീച്ചര്‍ അനാഥയായിരുന്നില്ല, സനാഥയായിരുന്നു.

ജീവിതകാലം മുഴുവന്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കടിച്ചുകീറുന്നവര്‍ കണ്ണു തുറന്നു കേള്‍ക്കേണ്ടതാണ് ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍. അതില്‍ ഉറ്റവരുടെയും ഉടയവരുടെയും ഭാഗത്തുനിന്നുണ്ടായ അവഗണനയുടെ ക്രൂരകഥയുണ്ട്. ആരോരും കൂടെയില്ലെന്നു ബോധ്യപ്പെട്ട നിമിഷത്തില്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിച്ച ടീച്ചറുടെ കണ്ണീര്‍കഥയുണ്ട്. ഏകാന്തജീവിതത്തിന്റെ ഭയാനകതയും രോഗാവസ്ഥയുടെ ദുരിതങ്ങളുമുണ്ട്.

അതേസമയം, ഒരു പരിചയവുമില്ലാതിരുന്നിട്ടും, ഒരേ മതത്തില്‍പ്പെട്ടവര്‍പോലുമല്ലാതിരുന്നിട്ടും അന്ത്യനാളുകളില്‍ ടീച്ചര്‍ക്കു താങ്ങും തണലുമായി നിന്ന് അവരെ ആരോഗ്യാവസ്ഥയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ വിശ്രമില്ലാതെ യത്‌നിച്ച ഒരു കൂട്ടം സുമനസ്സുകളുടെ ഹൃദയഹാരിയായ കഥയുമുണ്ട്.
ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ ആളില്ലാത്തതിന്റെ പേരില്‍ ടീച്ചറുടെ മൃതദേഹം അനാഥപ്രേതമായി സംസ്‌കരിക്കപ്പെടാതിരിക്കാന്‍ അവരുടെ ബന്ധുക്കളെ തേടിപ്പിടിച്ചു കൊണ്ടുവരാനും പണച്ചെലവു നോക്കാതെ ടീച്ചറുടെ മതവിശ്വാസപ്രകാരം സംസ്‌കാരം നടത്താനും ആ സുമനസ്സുകള്‍ നടത്തിയ പരിശ്രമത്തിന്റെ കഥ കൂടി കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം ഉതിര്‍ത്തുപോകും.

ഏതൊരു സ്ത്രീയുടെയും മനസ്സിലെ ആഗ്രഹം പോലെ മാതാവാകുക എന്നതായിരുന്നു യൗവനകാലം മുതല്‍ ഭവാനി ടീച്ചറുടെ ജീവിതാഭിലാഷം. പക്ഷേ, വിവാഹിതയായി കാലമേറെ കഴിഞ്ഞിട്ടും ആ മോഹം നടന്നില്ല. ഒടുവില്‍, ടീച്ചറുടെ ദുഃഖം മനസ്സിലാക്കിയ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ വിവാഹമോചനം നേടി മറ്റൊരു വിവാഹത്തിനു തയാറായി.

രണ്ടാം വിവാഹത്തിലും സന്താനഭാഗ്യം ടീച്ചറെ കനിഞ്ഞില്ല. സ്വത്തും പണവുമെല്ലാമുണ്ടായിട്ടും തന്റെ അന്ത്യനാളില്‍ താങ്ങായി നില്‍ക്കാനും മരണാനന്തര കര്‍മങ്ങള്‍ നടത്താനും ആരുമുണ്ടാകില്ലല്ലോ എന്ന ചിന്ത അവരെ അലട്ടി. തനിക്കു ദൈവം കുഞ്ഞിനെ നല്‍കില്ലെന്നു ബോധ്യമായപ്പോള്‍ അവരുടെ ഉള്ളില്‍ മറ്റൊരു ആശയമുദിച്ചു. ഭര്‍ത്താവിനെക്കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിക്കുക. ആ ബന്ധത്തിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തമെന്നോണം ലാളിച്ചു വളര്‍ത്തമല്ലോ.

ഭര്‍ത്താവ് വിവാഹിതനാകുകയും കുഞ്ഞുണ്ടാകുകയുമൊക്കെ ചെയ്‌തെങ്കിലും ഭവാനിടീച്ചര്‍ക്ക് ആ കുഞ്ഞിനെ ലാളിക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ടു. ആ ഘട്ടത്തിലാണു ഭവാനി ടീച്ചര്‍ ടെസ്റ്റ്യൂബ് ശിശുവിന്റെ മാതാവാകാനുള്ള ചികിത്സയ്ക്കു തീരുമാനിക്കുന്നത്. വീട്ടുകാരില്‍ മിക്കവരുടെയും കഠിനമായ എതിര്‍പ്പുണ്ടായിട്ടും ടീച്ചര്‍ ആ മോഹം സാധിച്ചെടുത്തു. ഭവാനി ടീച്ചറുടെ ജീവിതത്തിനു വെളിച്ചമായി കണ്ണന്‍ പിറന്നു.

പിന്നീടുള്ള ഒന്നരവര്‍ഷക്കാലം ടീച്ചര്‍ അതുവരെ വാര്‍ത്ത കണ്ണീരിനെല്ലാം സന്തോഷക്കടലില്‍ അലിഞ്ഞ് ഇല്ലാതാകുകയായിരുന്നു. താനാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയെന്നു ടീച്ചര്‍ നിനച്ചു. പക്ഷേ, ജീവിതഗതി നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്കു കഴിയില്ലല്ലോ. ഒരിക്കല്‍, ടീച്ചര്‍ മുറിയില്‍ വസ്ത്രം മാറുന്നതിനിടയില്‍ വീട്ടമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കണ്ണന്‍ വെള്ളം നിറഞ്ഞ ബക്കറ്റിലേയ്ക്കു വീണു. മകനെ അന്വേഷിച്ചെത്തുമ്പോഴേയ്ക്കും അവന്‍ ഈ ലോകത്തുനിന്നു വിടവാങ്ങിയിരുന്നു.
അതോടെ ഭവാനി ടീച്ചര്‍ ആകെ തകര്‍ന്നു. വിധിയുടെ തിരിച്ചടിയേക്കാള്‍ ഭയാനകമായിരുന്നു ഉറ്റവരുടെ കുറ്റപ്പെടുത്തല്‍. അത് അവരുടെ ജീവിതത്തെ ഒറ്റപ്പെടലിലേയ്ക്കു നയിച്ചു. താന്‍ ഭയന്ന അനാഥത്വം തന്നെ അതിവേഗം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നു ബോധ്യപ്പെട്ടപ്പോള്‍ ജീവിതസായാഹ്നത്തില്‍ വീടുവിട്ടിറങ്ങി. മാനന്തവാടിയില്‍ വാടകവീടെടുത്തു താമസിച്ചു. കുട്ടികള്‍ക്കു ട്യൂഷനെടുത്തും മറ്റും ഏകാന്തതയെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചു.

ഇതിനിടയില്‍ തലച്ചോറിലെ രക്തസ്രാവം മൂലം കുഴഞ്ഞുവീണു. ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. ബന്ധുക്കളാരും പരിചരിക്കാനെത്തിയില്ല.
ഇതിനിടയിലാണ്, വിവരമറിഞ്ഞു കല്‍പ്പറ്റയിലെ പീസ് വില്ലേജ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയത്. ടീച്ചറുടെ സംരക്ഷണവും ചികിത്സാച്ചെലവുകളും അവര്‍ ഏറ്റെടുത്തു. വിദഗ്ധചികിത്സയ്ക്കായി അവര്‍ ടീച്ചറെ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവിലും മറ്റുമായി ആഴ്ചകളോളം കിടന്ന ടീച്ചറുടെ ചികിത്സയ്ക്കായി വരുമായിരുന്ന വന്‍തുക വിംസ് ആശുപത്രി സ്വയം വഹിക്കുകയായിരുന്നെന്നു പീസ് വില്ലേജ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായ മുഹമ്മദ് ലബീബ് പറയുന്നു. ചികിത്സയെ തുടര്‍ന്ന് ഏതാണ്ടു രോഗമുക്തയായിരുന്ന ഭവാനി ടീച്ചര്‍ പെട്ടെന്നു പ്രമേഹം മൂര്‍ച്ഛിച്ചാണു മരിക്കുന്നത്.

ആശുപത്രിയില്‍ വച്ചു മരിച്ച രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ ആരെങ്കിലും ഏറ്റെടുക്കണം. മൂന്നുദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടും ആരും വന്നില്ലെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി അനാഥശവമായി സംസ്‌കരിക്കുകയാണു ചെയ്യുക. ജീവിതത്തിലുടനീളം അനാഥത്വം ഭയന്ന ടീച്ചറെ കൈയൊഴിയാന്‍ പീസ് വില്ലേജ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്കു മനസ്സുവന്നില്ല.
അവര്‍ ടീച്ചറുടെ ബന്ധുക്കളില്‍ പലരെയും ഫോണില്‍ വിളിച്ചു. പലരില്‍നിന്നും അനുകൂല പ്രതികരണമുണ്ടായില്ലെന്നു ലബീബ് പറയുന്നു. ഏറെ നിര്‍ബന്ധിച്ചാണ് ഒരു ബന്ധു വന്നത്. മറ്റാരെങ്കിലും എത്തുമെന്നു കരുതി രാത്രിവരെ കാത്തു. ആരുമെത്തിയില്ല. എങ്കിലും, പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തന്നെ മുന്‍കൈയെടുത്ത് ഹിന്ദു ആചാരപ്രകാരം ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു. ചിത കൊളുത്താന്‍ ആ ബന്ധു തയാറായതു മഹാമനസ്‌കത.

ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ ഒരു സിനിമാഗാനത്തിലെ വരികള്‍ മനസ്സിലേയ്ക്ക് അരിച്ചെത്തുന്നു,
‘ബന്ധുവാര്…, ശത്രുവാര് ….’

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.