2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ബജ്‌രംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സയാനാ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ബജ്‌രംഗ്ദള്‍ ജില്ലാ കണ്‍വീനറുമായ യോഗേഷ് രാജ് അറസ്റ്റില്‍. മൂന്നുദിവസത്തെ ഒളിവുജീവിതത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്.
കൊലപാതകം, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരേ ബുലന്ദ്ഷഹര്‍ പൊലിസ് കേസെടുത്തിരുന്നു.
താന്‍ നിരപരാധിയാണെന്നും സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഒളിവില്‍ കഴിയുന്ന സ്ഥലത്തുനിന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതിനു പിന്നാലെയാണ് യോഗേഷ് പിടിയിലായത്. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തില്‍ 87 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ കലാപത്തിന്റെ ആസൂത്രകരിലൊരാളെന്ന് കരുതുന്ന യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാള്‍ ഒളിവിലാണ്.
തിങ്കളാഴ്ച നടന്ന കലാപത്തിനു തൊട്ടുമുന്‍പുള്ള ദിവസം രാവിലെ പ്രദേശത്തെ സ്‌കൂളില്‍ ഇയാളുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ യോഗം നടന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനംചെയ്ത് ഇയാള്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അംഗങ്ങളെ ആഹ്വാനംചെയ്തതിന്റെ സന്ദേശങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന ഇയാളും ഇന്നലെ പുതിയ വിഡിയോ പുറത്തുവിട്ടു. ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനും അഴിമതിക്കാരനും ആയിരുന്നു സുബോദെന്ന് ശിഖര്‍ അഗര്‍വാള്‍ വിഡിയോയില്‍ ആരോപിച്ചു.
തങ്ങള്‍ സംഘര്‍ഷ സമയത്ത് പൊലിസ് സ്റ്റേഷനുള്ളില്‍ ആയിരുന്നുവെന്നാണ് തിങ്കളാഴ്ച സയാനയില്‍ നടന്ന മുഴുവന്‍ സംഭവങ്ങളുടെയും ആസൂത്രകരും കേസിലെ പ്രധാനപ്രതികളുമായ യോഗേഷും ശിഖര്‍ അഗര്‍വാളും വിഡിയോകളില്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം പൊലിസ് തള്ളിയിട്ടുണ്ട്. കലാപസമയത്ത് അക്രമിക്കൂട്ടത്തില്‍ രണ്ടുപേരും ഉണ്ടായിരുന്നതായും പൊലിസ് പറയുന്നു. കലാപങ്ങള്‍ക്കു കാരണമായെന്നു പറയപ്പെടുന്ന പശുവിന്റെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ്‌ചെയ്തത് യോഗേഷിന്റെ മൊഴിപ്രകാരമാണ്.
മുസ്‌ലിംകളായ ഏതാനുംപേര്‍ പശുവിനെ അറുക്കുന്നത് കണ്ടുവെന്നാണ് യോഗേഷ് പൊലിസിനോട് പറഞ്ഞത്. എന്നാല്‍ യോഗേഷ് സംഭവസ്ഥലത്ത് എത്തുന്നതിനും നാലുമണിക്കൂര്‍ മുമ്പെങ്കിലും വയലില്‍ മൂന്ന് പശുക്കളുടെ ശരീരഭാഗങ്ങള്‍ കണ്ട കാര്യം പൊലിസിനെ അറിയിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.
പശുവിന്റെ അവശിഷ്ടം കണ്ടെത്തിയ വയലിന്റെ ഉടമയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ക്രമസമാധാനപാലനത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ വിമര്‍ശനം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി.
യു.പിയിലെ വിവിധ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ഡല്‍ഹിയിലെത്തിയതെങ്കിലും കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയും ചര്‍ച്ചയാവും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.