2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള പൊലിസ് നടപടി തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി ഒറ്റപ്പെട്ടിരിക്കെ നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും.
നാളെ രാഷ്ട്രപതി സഭാംഗങ്ങളെ അഭിസംബോധന ചെയ്യും. 25ന് റെയില്‍വേ ബജറ്റും 29നു പൊതുബജറ്റും അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ 26നു പുറത്തുവിടും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ അടുത്തമാസം 16ന് അവസാനിക്കും. രണ്ടാം സെഷന്‍ ഏപ്രില്‍ 25നു തുടങ്ങി മെയ് 13വരെ നീണ്ടുനില്‍ക്കും. കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്നു കരുതുന്ന കാലയളവിലാകും ബജറ്റ് സമ്മേളനം നടക്കുക.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായമഭ്യര്‍ഥിച്ച് കഴിഞ്ഞദിവസങ്ങളില്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ശനിയാഴ്ച ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്നിരുന്നു. ഇന്നു സ്പീക്കറും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവും യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേര്‍ന്ന് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷകക്ഷി നേതാക്കളെയും കാണുന്നുണ്ട്.

2014 മെയില്‍ അധികാരമേറ്റ ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനവിധേയമായ സഹാചര്യത്തിലാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് തെലങ്കാന എം.പിയും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കേസെടുത്തിരുന്നു. വിഷയത്തില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

രോഹിതിനെ പുറത്താക്കാന്‍ അഞ്ചുതവണ സ്മൃതി ഇറാനി സര്‍വകലാശാലാ വി.സിക്കു കത്തെഴുതിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ലഭിച്ച ഈ അവസരങ്ങള്‍ പ്രതിപക്ഷം ഉപയോഗിക്കുന്നതോടെ പാര്‍ലമെന്റ് പ്രക്ഷുബ്ധമാവും.

രാജ്യദ്രോഹക്കുറ്റം ചുമത്തി ജെ.എന്‍.യു വിദ്യാര്‍ഥികളെ വേട്ടയാടുന്ന നടപടിയാവും സഭയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു പ്രധാനവിഷയം. ഈ വിഷയത്തില്‍ രാജ്യത്തെ ഇടതുപക്ഷകക്ഷികള്‍ സംയുക്തമായി പ്രക്ഷോഭം നടത്തിവരികയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എ.എ.പിയും ജെ.എന്‍.യു വിഷയത്തില്‍ സജീവമായി ഇടപെട്ടതിനാല് അവരും ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവരും.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ്യയുടെയും ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നീക്കം, വിലക്കയറ്റം, ഇന്ധനവില, കാര്‍ഷകരംഗം, തൊഴിലുറപ്പുപദ്ധതി തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും.

ന്യൂനപക്ഷ പദവി സംബന്ധിച്ച പ്രശ്‌നം ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന്് കോണ്‍ഗ്രസും ഇടതുകക്ഷികളും ജെ.ഡി.യുവും അറിയിച്ചിരുന്നു. കേരളത്തിലെ സോളാര്‍ വിഷയം ഉയര്‍ത്തിയാവും കോണ്‍ഗ്രസിനെ ഭരണപക്ഷം പ്രതിരോധിക്കുക. സോളാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇതിനകം ബി.ജെ.പി അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.