2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബംഗ്ലാദേശി പെണ്‍കുട്ടികളുടെ തീരാദുരിതത്തിന് വിട; ഇന്നു നാട്ടിലേക്ക് തിരിക്കും

ജില്ലാ കലക്ടര്‍ക്കും ലീഗല്‍ സര്‍വിസ് അതോറിറ്റിക്കും രൂക്ഷ വിമര്‍ശനം
കോഴിക്കോട്: ‘എത്രയോ തവണ ഞങ്ങള്‍ മൂന്നുപേരും ജില്ലാ കലക്ടറെയും ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയെയും നേരില്‍ കണ്ട് വിഷമം പറഞ്ഞിട്ടുണ്ട്. ഞങ്ങളെ ഇവിടെ പിടിച്ചുവച്ചിരിക്കുന്നത് എന്തിനാണെന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. തിരിച്ചു നാട്ടിലെത്തിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് കേണപേക്ഷിച്ചിട്ടുണ്ട്. പക്ഷേ രണ്ടുപേരും ഒന്നും ചെയ്തില്ല. എന്തു തെറ്റാണ് സാറുമാരേ ഞങ്ങള്‍ ചെയ്തത്. ജോലി തരാം എന്നു പറഞ്ഞു പറ്റിച്ച് ഇവിടെ കൊണ്ടുവന്ന് ചതിച്ചവര്‍ പുറത്ത് സുഖമായി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഇവിടെ പിടിച്ചുവച്ചത് എന്തിനായിരുന്നു? സാക്ഷികളായ ഞങ്ങളെ ഇങ്ങനെ പിടിച്ചുവയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും പറഞ്ഞിരുന്നില്ലേ. അപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്ക് ആരു സമാധാനം പറയും?’ പീഡനത്തിനിരയായി എട്ടുവര്‍ഷം വെള്ളിമാട്കുന്ന് മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ് നാളെ നാട്ടിലേക്ക് തിരിച്ചുപോകുന്ന ബംഗ്ലാദേശി പെണ്‍കുട്ടികള്‍ക്ക് കോര്‍പറേഷന്‍ നല്‍കിയ യാത്രയയപ്പിനിടെ വിങ്ങിപ്പൊട്ടി സദസിനോട് ചോദിച്ചതാണിത്. അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ നിസ്സഹായരായി സദസ് ഒന്നടങ്കം മൗനംപൂണ്ടു.
നഷ്ടപ്പെട്ട അവരുടെ ജീവിതത്തിനു പകരം നല്‍കാന്‍ അവരുടെ വാക്കുകള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ അവരുടെ വേദനയ്ക്ക് അല്‍പ്പമെങ്കിലും ശമനമേകാന്‍ അനൂപേട്ടനും സ്വപ്നച്ചേച്ചിക്കും കഴിഞ്ഞിരുന്നു. വീട്ടുകാരെ ഇനി ഈ ജീവിതത്തില്‍ കാണാമെന്ന എല്ലാ പ്രതീക്ഷയും അവസാനിച്ചു നില്‍ക്കുമ്പോഴാണ് ആം ഓഫ് ജോയ്‌യിലെ അനൂപേട്ടനെയും ചേച്ചിയെയും പരിചയപ്പെടുന്നത്. ഞങ്ങളെ ഇവിടെ നിന്നു പറഞ്ഞയക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന ധൈര്യവും വിശ്വാസവും തന്നത് അവരാണ്. ഞങ്ങളുടെ ഹൈക്കമ്മിഷണറെ ഇവിടെ കൊണ്ട് വന്നതും പെര്‍മിറ്റ് ശരിയാക്കി തന്നതും പത്രങ്ങളിലൊക്കെ ഞങ്ങളെക്കുറിച്ചുള്ള വാര്‍ത്ത നല്‍കിയതും അവരായിരുന്നു. എന്നിട്ടും കേസ് തീരുന്നതുവരെ പോകാന്‍ പാടില്ലെന്നാണ് പൊലിസും മലപ്പുറത്തെ പ്രോസിക്യൂട്ടറും പറഞ്ഞത്. ഈ കാരണം പറഞ്ഞ് കലക്ടറും ഞങ്ങള്‍ പോകുന്നതിനെതിരേ കത്ത് നല്‍കി. പിന്നീട് സ്വപ്നച്ചേച്ചിയാണ് ഞങ്ങള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തി നാട്ടിലേക്ക് പോകാനുള്ള ഉത്തരവ് വാങ്ങിച്ചു തന്നത്. അവര്‍ക്കെല്ലാം ഒരു പാട് നന്ദിയുണ്ട്. ഞങ്ങള്‍ ഇവിടെ നിന്നു യാത്രയാകുമ്പോള്‍  ഇവിടെ ഉണ്ടാകേണ്ടത് സഹായിച്ചവരാണ്, അല്ലാതെ സഹായിച്ചവരെ ഉപദ്രവിക്കുന്നവരല്ല. വേദനയോടെ പെണ്‍കുട്ടികള്‍ പറഞ്ഞു നിര്‍ത്തി. അപ്പോഴും നോവുന്ന മുഖങ്ങളില്‍ തിളങ്ങി നിന്നിരുന്നു, നീണ്ട കാത്തിരിപ്പിനു ശേഷം ജനിച്ചു വളര്‍ന്ന നാട്ടിലെത്തുന്നതിന്റെ സന്തോഷം.
ഇന്നു വൈകിട്ട് ചെന്നെ മെയിലിന് മൂന്നുപേരും ബംഗ്ലാദേശിലേക്ക് തിരിച്ചുപോകും. മലപ്പുറം പൊലിസിന്റെ അകമ്പടിയോടെ കുട്ടികളെ പെട്രാപോളിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറും. നാലു ദിവസത്തിനുള്ളില്‍ അവര്‍ക്ക് സ്വന്തം വീട്ടിലെത്താം. അവരെ വീടുകളിലെത്തിക്കാന്‍ ബംഗ്ലാദേശിലെ എന്‍.ജി.ഒയെ ഏര്‍പ്പാടാക്കിയതായി ആം ഓഫ് ജോയ് പ്രവര്‍ത്തകന്‍ അനൂപ് സുപ്രഭാതത്തോടു പറഞ്ഞു. കുട്ടികളുടെ തിരിച്ചു പോക്കിന് മുന്നോടിയായി മഹിളാമന്ദിരത്തില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പു പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ പുതിയ ജീവിതത്തിനായി പോരാടിയ ആം ഓഫ് ജോയിക്കും പുനര്‍ജനിക്കും മേയര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അനിതാ രാജന്‍, എം.എം പത്മാവതി, അഡ്വ. സീനത്ത്, ബിജുലാല്‍, പ്രശാന്ത്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതാസ്, ലോ കോളജ് പ്രിന്‍സിപ്പല്‍ ജവഹര്‍, മഹിളാമന്ദിരം സൂപ്രണ്ട് സതി, തങ്കപ്പന്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News