
കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ നടത്താനിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ബി.ജെ.പിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. രഥയാത്ര വര്‍ഗീയ സംഘര്ഷത്തിനിടയാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ഹൈക്കോടതി അനുമതി നിഷേധിച്ചത്.
ഇന്നലെ സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ബംഗാളിലെ കൂച്ച് ബിഹാറിലാണ് ഇന്നു രഥയാത്ര തുടങ്ങാനിരുന്നത്. ഇവിടെനിന്നു രഥയാത്ര തുടങ്ങാന്‍ കൂച്ച് ബിഹാര്‍ പൊലിസ് സൂപ്രണ്ട് അനുമതി നല്‍കിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കിഷോര്‍ ദത്ത പറഞ്ഞു.
ഇന്നലെ ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ, എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആരായിരിക്കും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നു ഹൈക്കോടതി ചോദിച്ചപ്പോള്‍ അതു സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നായിരുന്നു ബി.ജെ.പിക്കുവേണ്ടി ഹാജരായ അഭിഭാഷകന് അനിന്ദ്യ മിത്ര പറഞ്ഞത്. ഇതു നിരസിച്ചുകൊണ്ട് അഡ്വക്കറ്റ് ജനറല്‍ നല്കിയ സത്യവാങ്മൂലം പരിഗണിച്ചാണ് അമിത്ഷായുടെ യാത്രയ്ക്കു കോടതി അനുമതി നിഷേധിച്ചത്.