2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഫ്രൂട്ടേറിയന്‍

റഹ്മാന്‍ കിടങ്ങയം

ഡല്‍ഹിയിലേക്കുള്ള അയാളുടെ ആദ്യത്തെ യാത്രയാണ്. ദീര്‍ഘദൂര യാത്രയായതുകൊണ്ട് എ.സി കംപാര്‍ട്ട്‌മെന്റ് തന്നെ ബുക്ക് ചെയ്യണമെന്ന് ഒരു നിബന്ധന വച്ചു കൂടെപ്പോന്ന സുഹൃത്തായ വക്കീല്‍. അല്‍പം പ്രൈവസി കിട്ടാന്‍ അതാണു നല്ലത്. അല്ലാത്തപക്ഷം ഉത്തരേന്ത്യയിലൂടെയുള്ള യാത്രയില്‍ കണ്ണില്‍ക്കണ്ട അലവലാതികളൊക്കെ കയറി കംപാര്‍ട്ട്‌മെന്റില്‍ ഒച്ചയും ബഹളവുമായി ആകെ അലങ്കോലമാക്കി യാത്രയെ മടുപ്പിക്കും.

അയാള്‍ക്കത് ഒരു വിനോദയാത്രയായിരുന്നില്ല. ഒരു ജീവന്മരണ പോരാട്ടത്തിനുള്ള അവസാശ്രമമായിരുന്നു. സുപ്രിംകോടതിയിലൊരു അപ്പീല്‍ ഫയല്‍ ചെയ്യണം. ജയിലഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ അച്ഛനെ രക്ഷിച്ചെടുക്കാന്‍ മകന്‍ നടത്തുന്ന അവസാന യുദ്ധം. വക്കീലും ട്രെയിനിലുള്ള എറണാകുളത്തുകാരന്‍ ജിജി എന്ന ചെറുപ്പക്കാരനും തമ്മില്‍ പെട്ടെന്നു സൗഹൃദത്തിലായി. അവര്‍ സംസാരിച്ചും ചിരിച്ചും ഉല്ലസിച്ചും സമയം കളഞ്ഞപ്പോള്‍ അയാള്‍ മാത്രം ഭാവിയെക്കുറിച്ചോര്‍ത്ത് നിസംഗനായി പുറം കാഴ്ചകള്‍ നോക്കി ഇരുന്നു. ഓടുന്ന വണ്ടിയുടെ വിന്‍ഡോ സ്‌ക്രീനിലൂടെ പ്രകൃതി അയാളെ ഭാരതദേശത്തിന്റെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണിച്ചു സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് ആ മധ്യവയസ്‌കരായ ദമ്പതികള്‍ വണ്ടിയില്‍ കയറിയത്. ഉന്നത കുലജാതരെന്നു പ്രകടമായിത്തന്നെ തോന്നിപ്പിക്കുന്ന വേഷവും ഭാവവും. പക്ഷെ, സ്വഭാവത്തില്‍ ഒട്ടും കുലീനത കണ്ടില്ല. വണ്ടിയില്‍ കയറി വന്നപ്പോഴേ പോര്‍ട്ടര്‍മാരുമായി വഴക്കടിച്ചുകൊണ്ടാണ് ആ സ്ത്രീയുടെ വരവ്. മുകളിലേക്കു പിരിച്ചുവച്ച നരച്ച കൊമ്പന്‍ മീശയൊക്കെയുണ്ടെങ്കിലും ഭാര്യയുടെ മുമ്പില്‍ പൂച്ചയെപ്പോലെ ചൂളിപ്പിടിച്ചാണു കണവന്റെ നില്‍പ്പ്. വെളുത്തു തുടുത്ത സുന്ദരിയാണെങ്കിലും അപാര പൊങ്ങച്ചക്കാരിയായിരുന്നു ആ സ്ത്രീ. വണ്ടിയില്‍ കയറിയിരുന്നതേ അവര്‍ സഹയാത്രികരോടു വലിയ ശബ്ദത്തില്‍ ഓരോന്ന് സംസാരിച്ചുതുടങ്ങി. ഭര്‍ത്താവാണെങ്കില്‍ വണ്ടിയില്‍ കയറിയ പാടേ തനിക്കുള്ള ബര്‍ത്തില്‍ കിടന്നു ഭീകരമായി കൂര്‍ക്കം വലിച്ചുതുടങ്ങിയിരുന്നു.
എല്ലാവരോടും പെട്ടെന്നു സൗഹൃദം സ്ഥാപിക്കാന്‍ പ്രത്യേക കഴിവുള്ള ജിജി ആ സ്ത്രീയുമായി പെട്ടെന്നുതന്നെ കൂട്ടായി. ആയമ്മ അവന്റെ മുന്‍പില്‍ അവരുടെ പൊങ്ങച്ചക്കെട്ടുകള്‍ നിരന്തരം അഴിച്ചു കൊണ്ടിരിക്കുകയാണ്. വക്കീലും നല്ല ശ്രോതാവായി കൂടെയുണ്ട്.
”നോക്കൂ… ഇവര്‍ ഫ്രൂട്ടേറിയനാണത്രേ!” ഇടയ്ക്ക് അയാളെ നോക്കി ജിജി പറഞ്ഞു.
”ദിവസത്തിലൊരു നേരം ഫ്രൂട്ട്‌സ് മാത്രമേ കഴിക്കൂന്ന് ”
ട്രെയിന്‍ അന്നേരം മഥുര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കുചേലന്റെ വിശപ്പ്
അകക്കണ്ണുകൊണ്ടറിഞ്ഞ ശ്രീകൃഷ്ണന്റെ മഥുരയില്‍. അയാളാണെങ്കില്‍ ട്രെയിനിനു പുറത്തു കണ്ട ഒരു കാഴ്ചയില്‍ കരള്‍ വിങ്ങിയിരിക്കുകയും. കരിയും ചളിയും നിറഞ്ഞ്, മലവും മൂത്രവും ഇടകലര്‍ന്നു വൃത്തികേടായ റെയില്‍പ്പാളത്തിലൊരിടത്തിരുന്ന് കറുത്തു കരുവാളിച്ച ദേഹവും ചപ്രത്തലമുടിയുമുള്ള ഒരു രണ്ടുവയസുകാരന്‍ കുട്ടി ആരോ വലിച്ചെറിഞ്ഞ ഒരു ചീഞ്ഞ പഴം ആര്‍ത്തിയോടെ തിന്നുകയാണ്.
ഫ്രൂട്ടേറിയന്‍!
സ്ത്രീ തന്റെ ഭക്ഷണരീതികളെക്കുറിച്ച് അഭിമാനത്തോടെ പിന്നെയും വലിയ ശബ്ദത്തില്‍
വാചാലമാവാന്‍ തുടങ്ങിയതും അയാള്‍ സകലതും മറന്ന് സീറ്റില്‍നിന്നു ചാടിയെണീറ്റ്
അവരുടെ മുന്‍പില്‍ ചെന്ന് കംപാര്‍ട്ട്‌മെന്റ് കുലുങ്ങുന്ന ശബ്ദത്തില്‍ കൊടുത്തു ഒരാട്ട്.
‘ഫ്ഭ!’

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News