2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഫ്രാന്‍സില്‍ സര്‍ക്കാര്‍ ഇന്ധന തീരുവ പിന്‍വലിച്ചു; പ്രതിഷേധക്കാര്‍ സമരം പിന്‍വലിച്ചില്ല!

 

പാരീസ്: ഇന്ധന തീരുവ വര്‍ധനവ് പിന്‍വലിക്കാന്‍ ഫ്രാന്‍സ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാതെ ‘മഞ്ഞക്കുപ്പായക്കാര്‍’. കൂടുതല്‍ ആവശ്യങ്ങളുന്നയിച്ചു പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങുമെന്നു ഫ്രഞ്ച് സര്‍ക്കാര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ആക്രമണങ്ങളുണ്ടാകുമെന്ന ആശങ്ക ഇപ്പോഴുമുണ്ടെന്നും ചിലര്‍ക്കു പ്രശ്‌നങ്ങള്‍ക്കു പരിഹാരം വേണ്ടെന്നാണ് ആഗ്രഹമെന്നും ആരോഗ്യ മന്ത്രി ആഗ്നസ് ബെയ്‌സന്‍ പറഞ്ഞു.
രാജ്യത്തെ സ്‌കൂള്‍ സമ്പ്രദായം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു നിരവധി പേര്‍ ഇന്നലെ യുനലൈന്‍ നഗരത്തില്‍ പ്രതിഷേധിച്ചു. 140 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പാരിസിലെയും മാര്‍സിയല്ലയിലെയും നിരവധി സ്‌കൂളുകള്‍ പ്രതിഷേധം കാരണം ഇന്നലെ പ്രവര്‍ത്തിച്ചിട്ടില്ല. അതിനിടെ, ശനിയാഴ്ച മഞ്ഞക്കുപ്പായക്കാര്‍ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാജ്യത്തുടനീളം സുരക്ഷയ്ക്കായി 65,000 പൊലിസുകാരെ അധികമായി നിയോഗിക്കുമെന്നു പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഇന്ധന തീരുവ പിന്‍വലിച്ചതിനു പിന്നാലെ 40 ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്. മിനിമം പെന്‍ഷന്‍, നികുതി സമ്പ്രദായത്തിലെ മാറ്റം, വിരമിക്കല്‍ പ്രായം കുറയ്ക്കുക തുടങ്ങിയവ പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍പ്പെട്ടതാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.