
പാരിസ്: ഫ്രഞ്ച് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിങ് മന്ദഗതിയില്‍. വൈകിട്ട് അഞ്ചുവരെ 35.33 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
18 ശതമാനം പേരാണ് ഉച്ചവരെ വോട്ട് രേഖപ്പെടുത്തിയത്. 2012ല്‍ ഇത് 21.4 ശതമാനമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ഉച്ചവരെ 19.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 4.75 കോടി പേര്‍ക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം.
അഭിപ്രായ സര്‍വേപ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍ മാര്‍ഷെ സഖ്യത്തിന് 450 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. 7-110 സീറ്റാണ് കണ്‍സര്‍വേറ്റീവ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രവചിക്കപ്പെടുന്നത്. ഇന്നലെ വടക്കന്‍ തീരദേശ നഗരമായ ലെ തോക്വിറ്റില് മാക്രോണ്‍ വോട്ട് രേഖപ്പെടുത്തി. 577 അംഗ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ 400 ലധികം സീറ്റാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പും ലെ ഹാവ്റേയില് വോട്ടുചെയ്തു.
പ്രതിപക്ഷ പാര്‍ട്ടിയെ നയിക്കുന്ന മരിന് ലെ പെന്‍ വടക്കന്‍ നഗരമായ ഹെനിന് ബേ മോണ്ടില് വോട്ടു ചെയ്തു. മരിന് ലെ പെന്‍ ഇവിടെ മത്സരിക്കുന്നുണ്ട്.
മത്സരിച്ചത് 1000 സ്ഥാനാര്‍ഥികള്‍
ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 577 സീറ്റിലേക്ക് 1000 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഒന്നാം ഘട്ടത്തില്‍ സ്ഥാനാര്‍ഥികളുടെ എണ്ണം 7,800 ആയിരുന്നു. പാര്‍ലമെന്റിലെ രണ്ടു സഭകളില്‍ ഒന്നാണ് ലെജിസ്ലേറ്റീവ് അസംബ്ലി. മറ്റൊന്ന് സെനറ്റാണ്. ഭൂരിപക്ഷം നേടാന്‍ 289 സീറ്റ് വേണം.
ഒരു ജില്ലയെ പ്രതിനിധീകരിച്ചാണ് ഒരു സീറ്റ്. ഒന്നാം ഘട്ടത്തില്‍ മുന്നിലെത്തിയ രണ്ടു പേര്‍ക്ക് മാത്രമേ രണ്ടാംഘട്ടത്തില്‍ മത്സരിക്കാനാകൂ. രണ്ടാം ഘട്ടത്തില്‍ ജയിക്കുന്നയാളാണ് പാര്‍ലമെന്റ് അംഗമാകുക. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് തെരഞ്ഞെടുപ്പ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കും. ഫലം ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിക്കും.