
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: മുന്നോട്ടുവച്ച കാല് പിന്നോട്ടെടുക്കാതെ തൊട്ടതെല്ലാം പൊന്നാക്കി സിദാന്റെ പിന്മുറക്കാര് ഫൈനലിലേക്ക്. ആദ്യ ലോകകപ്പ് കിരീടമോഹവുമായെത്തിയ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍ കടന്നു. 15നു രാത്രി 8.30ന് ലുഷ്നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് – ക്രൊയേഷ്യ മത്സരത്തിലെ വിജയികളുമായി ഫ്രാന്‍സ് ഏറ്റുമുട്ടും. 12 വര്‍ഷത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. 1998, 2006 എന്നീ ലോകകപ്പുകളിലാണ് ഫ്രാന്‍സ് ഇതിനു മുന്‍പ് ഫൈനല്‍ കളിച്ചത്. 1998ല്‍ ചാംപ്യന്മാരായ ഫ്രാന്‍സ് 2006ല്‍ ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ടു.
51ാം മിനുട്ടില്‍ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്ന പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റി നേടിയ ഗോളിലാണ് ഫ്രാന്‍സിന്റെ വിജയം. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് പ്രതിരോധ താരങ്ങള്‍ സെമിഫൈനലില്‍ ഫ്രാന്‍സിന്റെ രക്ഷകരായെത്തുന്നത്. 1998ല്‍ ക്രൊയേഷ്യക്കെതിരേ നടന്ന സെമിഫൈനലില്‍ പ്രതിരോധ താരം തുറാം ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയിരുന്നു. 46ാം മിനുട്ടില്‍ സൂക്കറിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 47, 69 മിനുട്ടുകളില്‍ തുറാം നേടിയ ഗോളിലാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. അന്ന് ഫൈനലില്‍ ബ്രസീലിനെ 3-0ത്തിന് തോല്പിച്ച് ഫ്രാന്‍സ് കിരീടവുമുയര്‍ത്തി.
റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇന്നലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മികച്ച തന്ത്രങ്ങളും മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു കളിച്ചു. 13ാം മിനുട്ടിലാണ് ആദ്യ മുന്നേറ്റം നടന്നത്. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് എംബാപെയെ ലക്ഷ്യംവച്ച് പോഗ്ബ നല്കിയ നെടുനീളന്‍ ത്രൂപാസ് ഓടിപ്പിടിക്കും മുന്‍പേ ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസ് കൈകളിലാക്കി. 15ാം മിനുട്ടില്‍ ഫ്രാന്‍സ് ഗോള്‍മുഖത്ത് കെവിന് ഡിബ്രുയ്ന് ഒരുക്കിയ അവസരം ഹസാര്‍ഡിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. 19ാം മിനുട്ടില്‍ ഗോള്‍വല ലക്ഷ്യമാക്കി ഹസാര്‍ഡ് ഒരു മിന്നല്‍ ഷോട്ടുതിര്‍ത്തെങ്കിലും വരാനെയുടെ ഇടപെടലില്‍ പന്ത് പുറത്തേക്ക് പോയി. 21ാം മിനുട്ടില്‍ നാസര്‍ ചാഡ്ലിയെടുത്ത കോര്‍ണര്‍ ഫ്രാന്‍സ് ഗോള്‍മുഖത്ത് കൂട്ടപ്പൊരിച്ചിലുണ്ടാക്കി. ഇതിനിടയിലൂടെ പ്രതിരോധ താരം ആല്ദെര്വെറേള്ഡ് തൊടുത്ത ഗോളെന്നുറച്ച തകര്‍പ്പന്‍ ഷോട്ട് ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ലോറിസ് തട്ടിയകറ്റി. ലോറിസും കോര്‍ട്ടോയിസും ഗോള്‍വലക്ക് മുന്നില്‍ വന്മതില് തീര്‍ത്തതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
51ാം മിനുട്ടിലാണ് മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ഗോള്‍ പിറന്നത്. ഗ്രീസ്മാന് എടുത്ത കോര്‍ണര്‍ കിക്കിന് ഉയര്‍ന്ന് ചാടിയ ഉംറ്റിറ്റി ബുള്ളറ്റ് ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. മാര്‍ക്ക് ചെയ്ത ഫെല്ലെയ്നിയെയും ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസിനെയും കാഴ്ചക്കാരനാക്കിയായിരുന്നു ഉംറ്റിറ്റിയുടെ ഗോള്‍. ഗോള്‍ വീണതോടെ ബെല്‍ജിയം പോരാട്ടവീര്യം പുറത്തെടുത്തു. ഹസാര്‍ഡിന്റെ വേഗതയേറിയ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ഫ്രാന്‍സ് പ്രതിരോധം വിയര്‍ത്തു. 56ാം മിനുട്ടില്‍ ഫ്രാന്‍സിന് ലീഡ് നേടാന്‍ ലഭിച്ച ഒരു അവസരം ജിറൂദ് പാഴാക്കി. എംബാപെയുടെ മനോഹര പാസ് ജിറൂദ് ഗോളിലേക്ക് തൊടുത്തെങ്കിലും ദുര്‍ബല ഷോട്ടില്‍ കോര്‍ട്ടോയിസിന്റെ കാലില്‍ തട്ടി പന്ത് പുറത്തേക്ക് പോയി. 60ാം മിനുട്ടില്‍ മെര്ട്ടനെസ് വന്നതോടെ ബെല്‍ജിയം കൂടുതല്‍ അക്രമണകാരികളായി. മെര്‍ട്ടനസ് വലതുവിങ്ങില്‍ നിന്ന് ഗോള്‍മുഖം ലക്ഷ്യംവച്ച് മികച്ച പാസുകള്‍ നല്‍കിയെങ്കിലും ലുക്കാക്കുവിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 81ാം മിനുട്ടില്‍ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ വിറ്റ്സെലിന്റെ ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പര്‍ ലോറിസ് രക്ഷപ്പെടുത്തി. അവസാന മിനുട്ടുകളില്‍ മധ്യനിര താരങ്ങളെയും പ്രതിരോധത്തിലേക്ക് വലിച്ച് ഫ്രാന്‍സ് ബെല്‍ജിയം ആക്രമണത്തെ ചെറുത്തു. ലുക്കാക്കുവിനും ഡിബ്രുയ്നും ഹസാര്‍ഡിന് പൂര്‍ണ പിന്തുണ നല്കാന് കഴിയാതെ വന്നതാണ് ബെല്‍ജിയത്തെ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റിയത്. കിട്ടിയ അവസരങ്ങളെല്ലാം ഫെല്ലെയ്നി പാഴാക്കിയതോടെ പതനം പൂര്‍ണമായി. ദെഷാംപ്സിന്റെ പ്രതിരോധ തന്ത്രമാണ് ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.