2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഫ്രഞ്ചുകാരന്റെ നഷ്ടപ്പെട്ട പഴ്സ് തിരിച്ചു നല്‍കി അസര്‍ബൈജാന്‍കാരന്‍ കടം വീട്ടി

മക്ക: പുണ്യ ഭൂമിയില്‍ സത്യസന്ധതയുടെ പര്യായം തീര്‍ത്ത് അസര്‍ബൈജാന്‍ ഹാജി മാതൃകയായി. ഹറമിലെ ത്വവാഫിനിടയില്‍ ലഭിച്ച പഴ്‌സ് അതിന്റെ ഉടമയെ തിരഞ്ഞു പിടിച്ച് കൊടുത്താണ് ഇദ്ദേഹം തന്റെ കടമ നിര്‍വഹിച്ചത്. ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ സമ്മേളിക്കുന്ന ഇവിടെ അസാധ്യമായതെന്നു ഇരുവരും കരുതിയിരുന്ന കാര്യമാണ് ഒടുവില്‍ സംഭവിച്ചത്. അസര്‍ബൈജാനില്‍ നിന്നുള്ള തീര്‍ഥാടകന്‍ അബ്ദുല്ലയാണ് അത്യാഹ്ലാദത്തോടെ ഹജ്ജ് നിര്‍വ്വഹിക്കുന്നത്.

വിശുദ്ധ കഅബ ത്വവാഫ് ചെയ്യുന്നതിടെയാണ് വിവിധ രാജ്യങ്ങളുടെ കറന്‍സികളും ക്രെഡിറ്റ് കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ പഴ്‌സ് ഫ്രഞ്ച് തീര്‍ഥാടകന്‍ ഇബ്ന്‍ സറൂഖിന്റെ പക്കല്‍ നിന്നും നഷ്ടമായത്. തീര്‍ഥാടന യാത്രയിലെ ചെലവുകള്‍ക്കായി കൈയില്‍ കരുതിയ പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടതോടെ ഇബ്ന്‍ സറൂഖ് വേവലാതിയിലായി. ഇത്രയും ലക്ഷങ്ങള്‍ സമ്മേളിക്കുന്നതിനിടയില്‍ ഇത് തിരിച്ചു കിട്ടുകയെന്നത് അസാധ്യമാണെന്ന് കരുതിയ അദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകി. ഇതേസമയം തനിക്ക് ലഭിച്ച പഴ്‌സിന്റെ ഉടമയെ അന്വേഷിച്ചു നടക്കുകയായിരുന്നു അസര്‍ബൈജാന്‍ കാരനായ അബ്ദുല്ല.

പഴ്‌സില്‍ നിന്ന് ലഭിച്ച ഫ്രാന്‍സിലെ മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടണ്ടില്ല. ഫ്രാന്‍സിലെ ലാന്റ് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബന്ധുക്കളില്‍ ഒരാള്‍ ഫോണെടുത്തു. പഴ്‌സിന്റെ ഉടമയെ കണ്ടെണ്ടത്തുന്നതിന് സഹായിക്കണമെന്ന് ബന്ധുവിനോട് അബ്ദുല്ല ആവശ്യപ്പെട്ടു.

ഫ്രാന്‍സിലെ ബന്ധു മറ്റു രാജ്യത്ത് കഴിയുന്ന ഇബ്ന്‍ സറൂഖിന്റെ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. ഹജ്ജ് യാത്രയില്‍ ഭര്‍ത്താവിനെ അനുഗമിച്ച സുഹൃത്തിന്റെ ഫോണില്‍ ബന്ധപ്പെട്ട് ഭാര്യ പഴ്‌സും പണവും രേഖകളും അസര്‍ബൈജാനില്‍ നിന്നുള്ള തീര്‍ഥാടകന് വീണു കിട്ടിയ കാര്യം പ്രിയതമനെ അറിയിച്ചു. ഇതേസമയത്ത് ത്വവാഫ് എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതരെ സമീപിച്ചും പഴ്‌സ് ഉടമയെ കണ്ടെണ്ടത്തുന്നതിന് അബ്ദുല്ല ശ്രമം നടത്തിയിരുന്നു. ഇവരുടേയും ഡാറ്റാ ബേസില്‍ അന്വേഷണം നടത്തി ഫ്രഞ്ച് തീര്‍ഥാടകന് സേവനം നല്‍കുന്ന ഫീല്‍ഡ് ഓഫിസുമായി ആശയ വിനിമയം നടത്തി ഇബ്ന്‍ സറൂഖിനെ വിളിച്ചുവരുത്തി പഴ്‌സ് കൈമാറുന്നതിന് അധികൃതര്‍ അബ്ദുല്ലയെ സഹായിച്ചു.
1974 ല്‍ താന്‍ ഹജ്ജ് നിര്‍വഹിച്ചിരുന്നെന്നും അന്ന് തന്റെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നെന്നും അബ്ദുല്ല പറഞ്ഞു. അന്ന് ഹറം സുരക്ഷാ സേനയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് പഴ്‌സ് തിരിച്ചു നല്‍കിയത്. വീണുകിട്ടിയ പഴ്‌സ് യഥാര്‍ഥ ഉടമയെ കണ്ടെണ്ടത്തി തിരിച്ചു നല്‍കിയതിലൂടെ 44 വര്‍ഷം പഴക്കമുള്ള കടമാണ് താന്‍ ഇപ്പോള്‍ വീട്ടിയിരിക്കുന്നതെന്ന് അബ്ദുല്ല പറഞ്ഞു.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.