2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഫൈസല്‍വധം: മഠത്തില്‍ നാരായണന്‍ അറസ്റ്റില്‍

തിരൂരങ്ങാടി: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലി(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ സൂത്രധാരന്‍ മഠത്തില്‍ നാരായണ(47)നെ ക്രൈംബ്രാഞ്ച് പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രനു മുന്‍പാകെ കീഴടങ്ങിയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയായ നാരായണന്‍ ആര്‍.എസ്.എസിന്റെ തിരൂര്‍ താലൂക്ക് സഹകാര്യവാഹക് ആണ്. ഫൈസല്‍ വധത്തിനു ശേഷം മധുര, പഴനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു.
നാരായണന്‍ അറസ്റ്റിലായതോടെ ഫൈസല്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. ഒളിവിലായിരുന്ന മറ്റൊരുപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബി(26)നെ അന്വേഷണസംഘം തിങ്കളാഴ്ച മൈസൂരില്‍ അറസ്റ്റ് ചെയ്തിരുന്നു.
തിരൂര്‍ യാസര്‍ വധക്കേസിലെ പ്രതിയായിരുന്നു നാരായണന്‍. വധിക്കുന്നതിനു മുന്‍പ് മൂന്നുതവണ ഇയാള്‍ ഫൈസലിനെ തിരിച്ചറിയാനായി കൊടിഞ്ഞിയില്‍ എത്തിയതായി പൊലിസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും പൊലിസ് തിരയുന്നുണ്ട്. നേരത്തെ അറസ്റ്റിലായ 11 പ്രതികളുടെ വീട്ടുകാരെയും ബന്ധുക്കളെയും മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി തിങ്കളാഴ്ച പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണു സൂചന. 2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഫൈസല്‍ വെട്ടേറ്റു മരിച്ചത്.
ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തിരൂര്‍ പുല്ലൂണി കാരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) ഗൂഢാലോചനാ കേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന്‍ (30) ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) ,വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48), ബിബിന് ഒളിച്ചു താമസിക്കാന്‍ സഹായിച്ച കേസില്‍ തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27),എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഗൂഢാലോചനാ കേസില്‍ കഴിഞ്ഞ 31ന് പൊലീസ് അറസ്റ്റ് ചെയ്ത ജയകുമാറിനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ബിബിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫൈസല്‍ വധക്കേസിലെ മറ്റൊരു സൂത്രധാരനായ പുളിക്കല്‍ ഹരിദാസനുമായി അടുത്ത ബന്ധമാണ് നാരായണന് ഉള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.