2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഫൈവ്സ്റ്റാര്‍ ജിറോണ: ലാലിഗ വേള്‍ഡ് പ്രീ-സീസണ്‍ കിരീടം ജിറോണ എഫ്.സിക്ക്

ജലീല്‍ അരൂക്കുറ്റി

 

കൊച്ചി: മനോഹരമായ യൂറോപ്യന്‍ ശൈലിയില്‍ കളം നിറഞ്ഞാടി ലാലിഗയുടെ സ്പാനിഷ് കരുത്തന്മാരായ ജിറോണ എഫ്.സി പ്രഥമ ലാലിഗ വേള്‍ഡ് പ്രീ-സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ചാണ് ജിറോണയുടെ കിരീടനേട്ടം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ 6-0ന് തകര്‍ത്ത ജിറോണ ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കപ്പുമായി മടങ്ങിയത്.
കളിയുടെ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്തിയ ജിറോണക്കായി എറിക് മോണ്‍ടെസ്, പെഡ്രോ പോറോ, അലക്‌സ് ഗ്രാനല്‍, അദായ് ബെനിറ്റ്‌സ്, അലക്‌സ് ഗാര്‍ഷ്യ എന്നിവര്‍ വല കുലുക്കി. കളിച്ച രണ്ടു കളികളിലും ഒരു ഗോള്‍ പോലും നേടാനാകാതെ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് യഥാര്‍ഥ പ്രൊഫഷണല്‍ ടീമുകളുമായി കളിക്കാന്‍ കഴിഞ്ഞത് ഐ.എസ്.എല്‍ സീസണില്‍ കരുത്ത് പകരുമെന്ന ആശ്വാസത്തിലാണ് കളിക്കാരും കാണികളും.
കേരളത്തിന്റെ മഞ്ഞപ്പടയെ കല്‍പന്തുകളിയിലെ ആക്രമണശൈലിയുടെ വിവിധ രീതികള്‍ പരിചയപ്പെടുത്തികൊണ്ട് ആദ്യമായി ഇന്ത്യയില്‍ കളിക്കാനെത്തുന്ന സ്പനിഷ് ക്ലബ് മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ വളരെ വേഗത്തില്‍ ഇടംപിടിക്കുന്ന കാഴ്ചയായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. വന്നിറങ്ങിയ ദിവസം തന്നെ ആസ്‌ത്രേലിയന്‍ ക്ലബായ മെല്‍ബണ്‍ എഫ്.സിയെ ഏകപക്ഷീയമായ ആറു ഗോളിന് പരായപ്പെടുത്തി നാടുകടത്തിയ സ്പാനിഷ് പട അവസാന മത്സരത്തില്‍ ആതിഥേയരെ പച്ചതൊടിക്കാതെ കളിയുടെ പൂര്‍ണസമയവും കവരുകയായിരുന്നു. മെല്‍ബണിനെതിരേ തുടക്കം മുതല്‍ തന്നെ ഗോള്‍വല നിറച്ച് പ്രതിരോധത്തിന്റെ കുന്തമുന തീര്‍ത്ത ജിറോണ എഫ്.സി ഇന്നലെ ആദ്യപകുതിയില്‍ ഒരു ഗോള്‍ മാത്രം അടിച്ചുകൊണ്ട് കല്‍പന്ത് കളി ആസ്വദിക്കുകയായിരുന്നു.

അടിമുടി മാറ്റം വരുത്തി ഇരുടീമുകളും

മെല്‍ബണ്‍ സിറ്റിക്കെതിരേ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെ ഡേവിഡ് ജെയിംസ് ഇന്നലെ ജിറോണക്കെതിരേ കളത്തിലിറക്കിയത്. ഗോള്‍കീപ്പര്‍ ധീരജ് സിങ്, നെമന്‍ജ പെസിച്ച്, ഡംഗല്‍, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ക്ക് പകരം നവീന്‍ കുമാര്‍, മുഹമ്മദ് റാകിപ്, കറേജ് പെക്കൂസണ്‍, സക്കീര്‍ മുണ്ടംപാറ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അതേസമയം അടിമുടി മാറിയാണ് ജിറോണയും കളത്തിലിറങ്ങിയത്. മെല്‍ബണിനെതിരേ കളിച്ച നിരയില്‍ പെറെ പോണ്‍സ് റിയേര, യുവാന്‍ പെഡ്രോ എന്നിവരെ മാത്രമാണ് ജിറോണ നിലനിര്‍ത്തിയത്. ടീമംഗങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ അവസരം നല്‍കുന്ന രീതിയാണ് ജിറോണ സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്‌സ് 4-2-3-1 എന്ന ഫോര്‍മേഷന്‍ സ്വീകരിച്ചപ്പോള്‍ ജിറോണ 4-4- 2-1 എന്നനിലയിലാണ് ഇറങ്ങിയത്.

പ്രതിരോധത്തില്‍ ഊന്നി മഞ്ഞപ്പട

കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളുമായി ജിറോണ തന്നെയായിരുന്നു മുന്നില്‍. പന്തടക്കത്തിലും അവസരങ്ങള്‍ മെനയുന്നതിലും അവര്‍ക്കൊപ്പമെത്താന്‍ ഗ്യാലറിയുടെ പൂര്‍ണ പിന്തുണയില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. അപൂര്‍വമായി മാത്രമാണ് ജിറോണ ബോക്‌സിലേക്ക് പന്ത് എത്തിയതുപോലും. ജിറോണയുടെ ഗോളി പലപ്പോഴും ഗോള്‍ബോക്‌സിന് പുറത്ത് വളരെ മുന്നിലെത്തി കളി കാണുന്ന അവസ്ഥയിലായിരുന്നു.
എന്നാല്‍ ഒന്‍പതാം മിനുറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി ബ്ലാസേ്‌റ്റേഴ്‌സിനു മികച്ചൊരു അവസരം ലഭിച്ചു. ഇടതുവിങ്ങില്‍നിന്ന് പെക്കൂസണ്‍ ബോക്‌സിലേക്കു പന്ത് നീട്ടി നല്‍കിയെങ്കിലും കൃത്യമായി പന്ത് കാലിലൊതുക്കി ഷോട്ടെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റൊജാനോവിച്ചിന് കഴിഞ്ഞില്ല.
രണ്ടു മിനിറ്റിനു ശേഷം ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ മാനി തൊടുത്ത ഷോട്ട് ജിങ്കാന്‍ കോര്‍ണറിനു വഴങ്ങി രക്ഷപ്പെടുത്തി. 19-ാം മിനിറ്റില്‍ റൂബെന്‍ അല്‍കാറെസ് എടുത്ത ഷോട്ട് നവീന്‍ കുമാര്‍ കൈയിലൊതുക്കി ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനുട്ടില്‍ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നു കെസിറോണ്‍ കിസിറ്റോ വലതുവിങ്ങിലൂടെ കുതിക്കുന്ന പ്രശാന്തിനെ ലക്ഷ്യമാക്കി പന്ത് നല്‍കിയെങ്കിലും ഏറെ മുന്നോട്ടുപോയതിനാല്‍ പ്രശാന്തിന് പന്ത് പിടിക്കാനായില്ല.
ജിറോണ താരങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടി പലതും വിഫലമായി. ഗോള്‍കീപ്പര്‍ നവീന്‍കുമാറും മികച്ച രക്ഷപ്പെടുത്തലുകളുമായി കളംനിറഞ്ഞു. 33ാം മിനുറ്റില്‍ അലെക്‌സ് ഗാര്‍നെലിന്റെ ക്രോസ് സിറില്‍ കാലി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 43ാം മിനുട്ടില്‍ ജിറോണ ലക്ഷ്യം കണ്ടു. പൊറോ നീട്ടിനല്‍കിയ പന്ത് റാകിപിനെയും മറികടന്ന് എറിക് മോണ്‍ടെസിന്റെ കാലില്‍. താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പറെ മറികടന്ന് വലയില്‍ കയറി.

 

ഗോള്‍വല നിറച്ച് രണ്ടാം പകുതി

ആദ്യപകുതിയിലെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തെറിഞ്ഞ് രണ്ടാം പകുതിയില്‍ ജിറോണ നിരന്തരമായി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടിയ ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെ തങ്ങളുടെ ഗോള്‍മുഖത്ത് നിഷ്ഫലമാക്കുന്നതിലും വിജയിച്ചു. രണ്ടാം പകുതി ആരംഭിച്ച് എട്ടു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ രണ്ടാമതും പന്തെത്തി. 53ാം മിനിറ്റില്‍ ഡേവിഡ് ടിമോര്‍ കൊപോവി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സ്വീകരിച്ച് പെഡ്രോ പോറോ പായിച്ച ഷോട്ടാണ് ഗോളി നവീന്‍കുമാറിനെ കീഴടക്കി വലയിലെത്തിയത്.
നാലു മിനിട്ടിനുശേഷം മൂന്നാം ഗോളും ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങി. പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം അലക്‌സ് ഗ്രാനെല്‍ പായിച്ച കിടിലന്‍ ഷോട്ട് നീരവ് കുമാറിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 61ാം മിനിറ്റില്‍ പൊപ്ലാറ്റ്‌നിക്കിനെ ബോക്‌സിന് പുറത്തുവച്ച് ഫൗള്‍ ചെയ്തതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഉപയോഗപ്പെടുത്താന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. പെക്കൂസന്റെ ഷോട്ട് ജിറോണ ഉയര്‍ത്തിയ പ്രതിരോധ മതിലിനുമുകളിലൂടെ പറന്ന് ഗോളിയെയും കീഴ്‌പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. 73ാം മിനിറ്റില്‍ ഇടതുവിങിലൂടെ മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം അദായ് ബെനിറ്റ്‌സ് പായിച്ച തകര്‍പ്പന്‍ ഷോട്ടില്‍ നാലാം ഗോളും പിറന്നു.
തുടര്‍ന്നും നിരവധി അവസരങ്ങള്‍ ജിറോണ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ വീഴാതെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. എന്നാല്‍ അവസാന നിമിഷം 90ാം മിനിട്ടില്‍ ജിറോണക്ക് ലഭിച്ച പെനാല്‍റ്റി അഞ്ചാം ഗോളിലേക്ക് വഴിവച്ചു. ബോക്‌സിനുള്ളില്‍ വച്ച് അനസിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അലക്‌സ് ഗാര്‍ഷ്യയുടെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയില്‍ കയറിതോടെ വന്‍വിജയവുമായി ജിറോണ കളമൊഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.