2018 May 22 Tuesday
യുക്തിസഹമായി ചിന്തിക്കില്ലെന്ന് ശഠിക്കുന്നവര്‍ മൗലികവാദി, യുക്തിസഹമായി ചിന്തിക്കാന്‍ കഴിയാത്തവന്‍ വിഡ്ഢി, യുക്തിസഹമായി ചിന്തിക്കാന്‍ ധൈര്യപ്പെടാത്തവന്‍ അടിമ.
-വില്യം ഡ്രമന്‍ഡ്

ഫൈനല്‍ ലക്ഷ്യമിട്ട് ചെന്നൈയിനും ഗോവയും

ഐ.എസ്.എല്‍ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സി- എഫ്.സി ഗോവ പോരാട്ടം

 

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തില്‍ ഇന്ന് ചെന്നൈയില്‍ എഫ്.സി- എഫ്.സി ഗോവയെ നേരിടും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ഗോവയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഒരു എവേ ഗോളിന്റെ മുന്‍ തൂക്കം ചെന്നൈയിനുണ്ട്. നേരത്തെ 2015ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.
ഗോവയില്‍ അന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ വിജയിച്ച് കപ്പ് സ്വന്തമാക്കിയിരുന്നു. ആ കണക്ക് തീര്‍ക്കാന്‍ ഗോവയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞാല്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ചെന്നൈയിന് ഫൈനലിലേക്ക് കടക്കാം. മറുഭാഗത്ത് ഗോവയ്ക്ക് വിജയം അനിവാര്യമാണ്.
ചെന്നൈയിന്‍ എഫ്.സിയുടെ പ്രതിരോധം ശക്തമാണ്. നാല് പേരില്‍ മൂന്നും വിദേശ കളിക്കാര്‍. മൂന്ന് വിദേശ കളിക്കാരുമായി പ്രതിരോധം തീര്‍ത്ത ഏക ടീമാണ് ചെന്നൈയിന്‍. അത് തകര്‍ക്കുക എന്നത് എളുപ്പമാകില്ല. ഗോവയുടെ മുന്നേറ്റക്കാരായ കോറോ, ലാന്‍സറോട്ടെ എന്നിവര്‍ക്ക് ഏറെ തലവേദന ഇവര്‍ സൃഷ്ടിക്കും.
ഒരു സസ്‌പെന്‍ഷന് ശേഷം ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ തിരിച്ചെത്തി എന്നത് ഗോവയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ചുവപ്പ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുള്ള മൂന്ന് മത്സരങ്ങളില്‍ രണ്ടും ഗോളൊന്നും വഴങ്ങാതെയാണ് ഗോവ കളിച്ചത്. അത് നവീന്‍ കുമാറിന്റെ നേട്ടമാണ്. ജംഷഡ്പൂരിനെതിരേ കളിച്ച അതേ രീതിയിലായിരിക്കും തങ്ങള്‍ കളിക്കുക എന്ന് കോച്ച് ആണയിടുന്നു. അന്ന് വെറും സമനില മതിയായിരുന്നു. പക്ഷെ ടീം കളിച്ചു വിജയിച്ചു.
‘ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഏറെ പ്രയത്‌നത്തോടെ നേടിയതാണ് സമനില. ചെന്നൈയില്‍ നടക്കാന്‍ പോകുന്ന മത്സരത്തില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്തിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഗുണമാണ്. പക്ഷെ അവര്‍ ഗോളടിച്ചാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. ഗോവയുടെ കളിക്കാരില്‍ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കറിയാം. വിചാരിച്ച രീതിയില്‍ കളി നീങ്ങിയില്ലെങ്കില്‍ ഒരു പെനാല്‍റ്റി ഷൂട്ടൗട്ടാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.
‘ശക്തമായ ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ചെന്നൈയില്‍ നേരത്തെ കളിച്ചപ്പോള്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് ഞങ്ങള്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് രണ്ട് ഗോളടിച്ച് അവര്‍ കളിയിലേക്ക് തിരികെയെത്തി. ഞങ്ങളുടെ കളിയില്‍ ഏറെ ആത്മവിശ്വാസമുണ്ട്. അതാണ് ഞങ്ങളുടെ ശക്തിയും’ ഗോവ കോച്ച് സെര്‍ജിയോ ലൊബേറ വ്യക്തമാക്കി.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.