2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഫാസിസത്തെ എതിര്‍ക്കുന്നത് ഗൂഢാലോചനയല്ല: വരവര റാവു

അറസ്റ്റിലായവരെ വീടുകളിലെത്തിച്ചു

 

 

ഹൈദരാബാദ്: ഫാസിസത്തിന്റെ ആശയങ്ങളെ എതിര്‍ക്കുന്നത് ഗൂഢാലോചനയല്ലെന്നും തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും കവിയും ആക്ടിവിസ്റ്റുമായി വരവര റാവു. മാവോവാദി ബന്ധമാരോപിച്ച് ഇദ്ദേഹമടക്കം അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ അറസ്റ്റ് തടഞ്ഞ സുപ്രിംകോടതി സെപ്റ്റംബര്‍ ആറുവരെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് വരവര റാവു അടക്കമുള്ളവരെ പൊലിസ് വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. നിയമത്തില്‍ വിശ്വാസമുണ്ടെന്നും തനിക്കെതിരായ കേസുകള്‍ മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതു ഗൂഢാലോചനയാണെങ്കില്‍ അതിലും വലിയ ഗൂഢാലോചനയാണ് ഭീമ കൊറേഗാവ് കലാപത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെയാണ് വരവര റാവുവിനെ തിരികെ വീട്ടിലെത്തിച്ചത്. വീട്ടുകാരല്ലാത്ത ആരെയും വീട്ടില്‍ പ്രവേശിക്കാന്‍ പൊലിസ് സമ്മതിക്കുന്നില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തെ കൂടാതെ സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ എന്നിവരെയും അവരവരുടെ വീടുകളില്‍ എത്തിച്ചിട്ടുണ്ട്. ഇവരുടെ വസതികള്‍ക്കു മുന്നില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവരെ 28നാണ് പൂനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.