2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫാസിസം വിജയിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്

സ്വാതന്ത്ര്യലബ്ധിയുടെ എഴുപതാം വര്‍ഷത്തില്‍ ഇന്ത്യ വലിയൊരു ചോദ്യചിഹ്നത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തിയ ശേഷം എഴുത്തുകാരും പത്രപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ, അല്ലെങ്കില്‍ ഭരണകൂടത്തെ പുറമേനിന്നു നയിക്കുന്ന ശക്തികളുടെ പിന്‍ബലത്തോടെയാണ് ഇവയെല്ലാം നടക്കുന്നത്.

 

രമേശ് ചെന്നിത്തല rameshchennithala@gmail.com

തങ്ങളെ വിമര്‍ശിക്കുന്നവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അവര്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കപ്പെടേണ്ടവരാണെന്നതും ഫാസിസത്തിന്റെ പ്രഖ്യാപിത നയമാണ്. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെ മത ഫാസിസ്റ്റുകളുടെ വധശിക്ഷ ഏറ്റുവാങ്ങിയവരെല്ലാം ചെയ്ത കുറ്റമൊന്നുമാത്രമായിരുന്നു. 

 

വിമര്‍ശനം ജനാധിപത്യ സമൂഹത്തിന്റെ അന്തസ്സത്തയാണെന്നും ഒരു ബഹുസ്വര ലിബറല്‍ സമൂഹത്തെ നിലനിര്‍ത്തുന്ന സ്വതന്ത്രവും നിര്‍ഭയവുമായ വിമര്‍ശന സ്വാതന്ത്ര്യമാണെന്നും അവര്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. അതിന് അവര്‍ കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവിതമായിരുന്നു. എന്നാല്‍, തങ്ങളുടെ ജീവിതങ്ങളെ വരുംനാളുകളിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനമായി നല്‍കിയാണ് അവര്‍ നമ്മെ വിട്ടുപോയത്.

ഗൗരി ലങ്കേഷിന്റെ മരണത്തെ, അല്ല കൊലപാതകത്തെ നമ്മള്‍ എങ്ങനെ വായിച്ചെടുക്കണം? അല്ലെങ്കില്‍ ഈ കൊല ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതെന്ത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഏകതാനമായ ഉത്തരം നമ്മള്‍ പ്രതീക്ഷിക്കരുത്. കാരണം ഫാസിസത്തിന്റെ വളര്‍ച്ചയും വ്യാപനവും അതിന്റെ ഏതെങ്കിലും ഒരു പ്രത്യേക സാമൂഹികാന്തരീക്ഷത്തില്‍ സംഭവിക്കുന്നതല്ല.
രാഷ്ട്രപിതാവിന്റെ ഹീനമായ കൊലപാതകം മുതല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഫാസിസം പല മുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല രാഷ്ട്രീയ രൂപങ്ങള്‍ അത് കൈക്കൊണ്ടിട്ടുണ്ട്. ഗാന്ധിജിയുടെ കൊലപാതകത്തില്‍ ഹിന്ദു മഹാസഭാനേതാവ് സവര്‍ക്കറിനുണ്ടായിരുന്ന പങ്ക് വ്യക്തമായിരുന്നതുകൊണ്ട് ആ കക്ഷിയെ സ്വതന്ത്രഭാരതത്തില്‍ ജനങ്ങള്‍ ഒറ്റപ്പെടുത്തി. അപ്പോള്‍ അത് രൂപം മാറി ജനസംഘമായി. അതേ ആശയം, അതേ മുഖങ്ങള്‍ എന്നാല്‍, പേരുമാത്രം മാറി.

സമ്പൂര്‍ണമായൊരു വര്‍ഗീയ പാര്‍ട്ടിയായത് കൊണ്ട് ജനസംഘത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശത്ത് മാത്രമെ വേരുപിടിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ജനതാപാര്‍ട്ടിയില്‍ നുഴഞ്ഞുകയറിക്കൊണ്ട് ജനസംഘം പതിയെ ഭാരതീയ ജനതാപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. അതേ വര്‍ഗീയ ആശയം. അതേ നേതാക്കള്‍. പക്ഷേ, പേരുമാത്രം വീണ്ടും മാറി. ഇതാണ് ഫാസിസത്തിന്റെ രസതന്ത്രം. രൂപങ്ങള്‍ അവര്‍ മാറ്റിക്കൊണ്ടിരിക്കും. പക്ഷേ, വിനാശകരമായ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും മാറുകയേയില്ല.
പിതാവും പ്രമുഖ കന്നട എഴുത്തുകാരനുമായ പി. ലങ്കേഷിനെ പോലെ തന്നെ ഗൗരിയും തന്റെ സെക്യുലര്‍ ലിബറല്‍ ചിന്തകളില്‍ ഉറച്ചുനിന്നുകൊണ്ടാണ് വര്‍ഗീയതക്കും ഫാസിസത്തിനും അന്യവല്‍ക്കരണത്തിനുമെതിരേ പോരാടിയത്. തന്റെ ലങ്കേഷ് പത്രിക എന്ന വാരികയിലൂടെ ദലിത് ന്യൂനപക്ഷ പോരാട്ടങ്ങള്‍ക്ക് പുതിയൊരു മുഖം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ലങ്കേഷിന്റെ മരണശേഷം മകള്‍ ഗൗരി ലങ്കേഷ് പത്രിക ഏറ്റെടുക്കുകയും അത് ഗൗരി ലങ്കേഷ് പത്രിക ആയി മാറുകയും ചെയ്തതോടെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേയുള്ള വലിയ പോരാട്ടമുഖം തുറക്കുകയായിരുന്നു. അതിന് അവര്‍ വലിയ വിലയും കൊടുക്കേണ്ടി വന്നു. ബി.ജെ.പി സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള സംഘടനകള്‍ നിരവധി കേസുകള്‍ അവര്‍ക്കെതിരേ കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമുള്ള കോടതികളില്‍ നല്‍കിയിരുന്നു. അതോടൊപ്പം വ്യക്തിപരമായ ഭീഷണികളും അവര്‍ക്കെതിരേ ധാരാളമുണ്ടായിരുന്നു. കല്‍ബുര്‍ഗിയും ധാബോല്‍ക്കറും തങ്ങളുട കൊലയ്ക്കു മുമ്പ് ഇതേ അവസ്ഥകള്‍ നേരിട്ടിരുന്നുവെന്ന് മാധ്യമങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞു. ഇതാണ് ഫാസിസത്തിന്റെ വേട്ടയാടല്‍. ഇരയെ നാലുപാടും നിന്ന് വളഞ്ഞിട്ട് ആക്രമിക്കും. നിയമപരമായി, മാനസികമായി, കായികമായി അങ്ങനെ പല രൂപത്തില്‍ ഒരേസമയം തങ്ങളുടെ വിമര്‍ശകരെ ആക്രമിച്ച് നിലംപരിശാക്കാനുള്ള തന്ത്രങ്ങള്‍ ഫാസിസ്റ്റുകള്‍ക്ക് സ്വായത്തമാണ്. അവസാനം ഇരയെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്നതോടെ തങ്ങളുടെ ഒരു വലിയ ശത്രു അവസാനിച്ചുവെന്ന ചിന്തയാല്‍ അവര്‍ ഉന്‍മത്തരാകും.

സ്വാതന്ത്ര്യലബ്ധിയുടെ എഴുപതാം വര്‍ഷത്തില്‍ ഇന്ത്യ വലിയൊരു ചോദ്യചിഹ്നത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തിയ ശേഷം എഴുത്തുകാരും പത്രപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ, അല്ലെങ്കില്‍ ഭരണകൂടത്തെ പുറമേനിന്നു നയിക്കുന്ന ശക്തികളുടെ പിന്‍ബലത്തോടെയാണ് ഇവയെല്ലാം നടക്കുന്നത്.

ഗൗരി ലങ്കേഷിനെ ഇല്ലാതാക്കിയതിലൂടെ തങ്ങള്‍ നിര്‍ണായകവിജയം നേടിയെന്ന് ഫാസിസ്റ്റുകള്‍ ആഹ്ലാദിക്കുന്നുണ്ടാകും. എന്നാല്‍, ഏകാധിപത്യവും ഫാസിസവും മതവര്‍ഗീയതയും ഒരിക്കലും ആത്യന്തിക വിജയം നേടിയിട്ടില്ലെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കറിയാം. ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവരാണല്ലോ ഫാസിസ്റ്റുകള്‍.

ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും ധാബോല്‍ക്കറുടെയും കൊലപാതകങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുക വെറും കൊലകള്‍ എന്നായിരിക്കില്ല. മറിച്ച് ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും സ്വതന്ത്ര ചിന്തയും അഭംഗുരം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ നല്‍കപ്പെട്ട ബലികള്‍ എന്നായിരിക്കും. ഇത്തരം ജീവാര്‍പ്പണങ്ങളാണ് മതേതര ജനാധിപത്യ ഇന്ത്യയെ പടുത്തുയര്‍ത്തിയതെന്നും നമ്മള്‍ വിസ്മരിക്കരുത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.