2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ  പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തും

 
 
ഗുരുതര രോഗമുള്ളവര്‍ക്ക് പ്രത്യേക സെന്ററുകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സി.എഫ്.എല്‍.ടി.സി) പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രോഗ ലക്ഷണമില്ലാത്തവരായ കൊവിഡ് പോസിറ്റീവായവര്‍ക്ക് മാത്രമായി പ്രത്യേകം സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കാനാണ് തീരുമാനം. ആദ്യ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ മൂന്നും നാലും ദിവസത്തിനു ശേഷമുള്ള പരിശോധനയില്‍ നെഗറ്റീവായി മാറുന്നതിനെ തുടര്‍ന്നാണ് രോഗ ലക്ഷണമില്ലാത്തവര്‍ക്ക് മാത്രമായി സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രണ്ടു കാറ്റഗറിയായി തിരിച്ചായിരിക്കും സി.എഫ്.എല്‍.ടി.സികളില്‍ ചികിത്സ ഒരുക്കുക. ഗുരുതരമായ കൊവിഡ് ലക്ഷണമുള്ളവരെ എ കാറ്റഗറിയിലും രോഗ ലക്ഷണമില്ലാത്ത പോസിറ്റീവാകുന്നവരെ ബി കാറ്റഗറിയിലും ഉള്‍പ്പെടുത്തും. അതീവ ഗുരുതരാവസ്ഥയിലുള്ളതും വെന്റിലേറ്റര്‍ സൗകര്യം വേണ്ടവരെയും കൊവിഡ് ആശുപത്രികളിലായിരിക്കും പ്രവേശിപ്പിക്കുക. മറ്റു ആരോഗ്യ പ്രശനമുള്ളവര്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ എ കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുന്ന സി.എഫ്.എല്‍.ടി.സികളിലായിരിക്കും പ്രവേശിപ്പിക്കുക. ബി കാറ്റഗറിയില്‍ പ്രവേശിപ്പിക്കുന്നവര്‍ മറ്റു രോഗങ്ങളില്ലാത്തവരും കൊവിഡ് രോഗ ലക്ഷണമില്ലാത്തവരും ആയിരിക്കും.
ഓരോ ജില്ലയ്ക്കും ഗുരുതരാമായ രോഗ ലക്ഷമുള്ളവരെ പ്രവേശിപ്പിക്കാന്‍ എ കാറ്റഗറിയില്‍ ആയിരം കിടക്കകള്‍ ഉള്ള സി.എഫ്.എല്‍.ടിസികള്‍ ഒരുക്കും. അത്തരം സി.എഫ്.എല്‍.ടി.സികള്‍ കൊവിഡ് ആശുപത്രികള്‍ക്ക് സമീപമാണെന്ന് ഉറപ്പാക്കും. തെരഞ്ഞെടുത്ത സി.എഫ്.എല്‍.ടി.സികളെ ഹയര്‍ ക്ലിനിക്കല്‍ ഗ്രേഡ് സി.എഫ്.എല്‍.ടി.സിയായി ഉയര്‍ത്തും. 
കൂടാതെ എല്ലാ ജില്ലയിലും ഓരോ  പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂനിറ്റ് (പി.എം.എസ്.യു) തുടങ്ങാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരെ ഉടനടി സി.എഫ്.എല്‍.ടി.സികളില്‍ എത്തിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നും നോണ്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാനുമാണ് പി.എം.എസ്.യു ഒരുക്കുന്നത്.
ജില്ലാ തലത്തിലുള്ള പി.എം.എസ്.യുകള്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരെ വിവിധ ആശുപത്രികളില്‍ എത്തിക്കാന്‍ സഹായിക്കും. എല്ലാ ആശുപത്രികളിലും ബെഡ് ഒക്യുപ്പന്‍സി നിലയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും ഇവരുടെ പക്കലുണ്ടാകും. മറ്റു സ്ഥലങ്ങളില്‍ നിന്നു റഫര്‍ ചെയ്യുന്നവരെ എളുപ്പത്തില്‍ കൊവിഡ് ആശുപത്രികളിലോ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററുകളിലോ എത്തിക്കാന്‍ കഴിയും.
 കിടക്കകള്‍, ഐ.സി.യു, പൊതു, സ്വകാര്യ ആശുപത്രികളുടെ വെന്റിലേറ്ററുകള്‍ എന്നിവ ഇ ജാഗ്രതയിലൂടെയോ സമാനമായ ഐ.ടി സംവിധാനത്തിലൂടെയോ പി.എം.എസ്.യുകള്‍ നിരീക്ഷിക്കും. ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും ജില്ലാ തലത്തിലുള്ള പി.എം.എസ്.യുവിന്റെ ചുമതല. സംസ്ഥാനതല ചുമതല ദേശീയ ആരോഗ്യ മിഷന്‍ ഡയരക്ടര്‍ക്കായിരിക്കും. 
 
സി.എഫ്.എല്‍.ടി.സികള്‍ റെഡി
സംസ്ഥാനത്ത് ഇപ്പോള്‍ 101 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 12,801 കിടക്കകളാണുള്ളത്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സി.എഫ്.എല്‍.ടി.സികളാണ് കൂട്ടിച്ചേര്‍ക്കുന്നത്. 30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സി.എഫ്.എല്‍.ടി.സികള്‍ കണ്ടെത്തിയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.