2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഫലസ്തീനിയുടെ ആക്രമണത്തില്‍ ഇസ്‌റാഈലി കൊല്ലപ്പെട്ടു; സൈനികനു ഗുരുതര പരുക്ക്

 

തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനി യുവാവ് നടത്തിയ ആക്രമണത്തില്‍ ഇസ്‌റാഈലി കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഏരിയയിലുള്ള നിയമവിരുദ്ധ ജൂതകുടിയേറ്റ കേന്ദ്രത്തില്‍ വസിക്കുന്നയാളാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ ഇവിടെയെത്തിയ ഫലസ്തീനി കുടിയേറ്റ കേന്ദ്രത്തിനു മുന്നിലുണ്ടായിരുന്ന ഇസ്‌റാഈലി സൈനികനെ കത്തികൊണ്ട് ആക്രമിച്ചശേഷം തോക്ക് തട്ടിപ്പറിച്ചെടുത്താണ് വെടിവയ്പ് നടത്തിയത്. ഇതിനിടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ക്കുനേരെ വെടിവച്ചശേഷം ആ കാറുമായി യുവാവ് കടന്നുകളയുകയായിരുന്നു. കാറില്‍ പോവുന്നതിനിടെ മറ്റൊരു സൈനികനുനേരെയും വെടിയുതിര്‍ത്തു.
കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും അയാള്‍ സൈനികനാണോ എന്നതും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, രണ്ടുസൈനികര്‍ക്കു പരുക്കേറ്റതായി ഇസ്‌റാഈല്‍ അറിയിച്ചു. കത്തികൊണ്ടുള്ള കുത്തേറ്റ സൈനികന്റെ നില ഗുരുതരമാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. അക്രമിയെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, കുത്തേറ്റ സൈനികന്‍ കൊല്ലപ്പെട്ടതായി പ്രമുഖ ലബനീസ് മാധ്യമം അല്‍മനാര്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം ഇസ്‌റാഈല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
വെടിവയ്പ് നടത്തിയയാള്‍ക്ക് ഫലസ്തീനിലെ പോരാട്ട സംഘടനകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഫലസ്തീനില്‍ അധിനിവേശ സൈന്യം നടത്തിവരുന്ന ക്രൂരതകള്‍ക്കുള്ള സ്വാഭാവിക തിരിച്ചടിയാണിതെന്ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ്‌ലാമിക് ജിഹാദും പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ഇസ്‌റാഈല്‍ സൈന്യം രണ്ടു ഫലസ്തീനികളെ കൊലപ്പെടുത്തിയിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ലക്ഷ്യംവച്ച് റോക്കറ്റാക്രമണം ഉണ്ടായെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞയാഴ്ചത്തെ ഇസ്‌റാഈല്‍ ആക്രമണം. എന്നാല്‍, റോക്കറ്റാക്രമണം ഹമാസും ഇസ്‌ലാമിക് ജിഹാദും നിഷേധിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.