2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

 

ഫറോക്ക്: നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 11ന് ചെയര്‍പേഴ്‌സണിനും ഉച്ചക്ക് ശേഷം മൂന്നിന് വൈസ്ചയര്‍മാന്റെ തെരഞ്ഞെടുപ്പുമാണ് നടക്കുക.
നഗരസഭ 21ാം ഡിവിഷന്‍ കല്ലംപാറയില്‍ നിന്നുള്ള സ്വതന്ത്ര കൗണ്‍സിലര്‍ ഖമറുല്‍ ലൈലയെ ചെയര്‍പേഴ്‌സനാക്കി ഭരണം പിടിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. യു.ഡി.എഫില്‍നിന്നു നിലവിലെ ചെയര്‍പേഴ്‌സനായിരുന്ന മുസ്‌ലിം ലീഗിലെ പി. റുബീനയും വൈസ് ചെയര്‍മാനായിരുന്ന് കോണ്‍ഗ്രസിലെ വി. മുഹമ്മദ് ഹസനും മത്സരിക്കും. ഇവര്‍ ഇന്നു രാവിലെ നാമനിര്‍ദ്ദേശ പത്രിക നല്‍കും. കഴിഞ്ഞ മാസം പതിനാറിനാണ് നിലവിലെ ചെയര്‍പേഴ്‌സനെയും വൈസ്‌ചെയര്‍മാനെയും എല്‍.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
രണ്ടര വര്‍ഷമായി നഗരസഭ ഭരിച്ചത് യു.ഡി.എഫായിരുന്നു. ഭരണസമിതിക്കുള്ളിലെ കടുത്ത വിഭാഗീയത മുതലെടുത്താണ് എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. ആകെ 38 അംഗ നഗരസഭയില്‍ 18 എല്‍.ഡി.എഫിനും 17 എണ്ണം യു.ഡി.എഫിനുമാണ്. രണ്ടു സ്വതന്ത്രരും ബി.ജെ.പിക്ക് ഒരു അംഗവുമാണുളളത്. സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് നഗരസഭ ഭരണം യു.ഡി.എഫ് നടത്തിയിരുന്നത്. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം 22 വോട്ടുകള്‍ നേടിയാണ് പാസായത്. അവിശ്വാസം ചര്‍ച്ച ചെയ്യുന്ന കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. എന്നാല്‍ ഇതു ലംഘിച്ചു ഒന്നാം ഡിവിഷനില്‍നിന്നു വിജയിച്ച കൗണ്‍സിലറും ഒന്നര വര്‍ഷം നഗരസഭ ചെയര്‍പേഴ്‌സണുമായിരുന്നു ലീഗിലെ ടി. സുഹറാബി, കോണ്‍ഗ്രസിന്റെ 11ാം ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ടി ശാലിനി, 35ാം ഡിവിഷന്‍ കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയ എന്നിവരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കൂടാതെ എല്‍.ഡി.എഫ് ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തുന്ന സ്വതന്ത്ര കൗണ്‍സിലര്‍ ഖമറുല്‍ ലൈലയും അവിശ്വാസത്തെ അനുകൂലിച്ചു വോട്ട് ചെയ്തു.
ലീഗ് പിന്തുണയോടെ മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗം ഖമറുല്‍ ലൈലയെ കൂടെ നിര്‍ത്താനുളള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടത് യു.ഡി.എഫിനു തിരിച്ചടിയായി. രണ്ടു തവണ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി.പി.എമ്മിലെ എം. സുധര്‍മയെ മാറ്റിയാണ് എല്‍.ഡി.എഫ് സ്വതന്ത്ര കൗണ്‍സിലര്‍ക്ക് ചെയര്‍പേഴ്‌സന്‍ സ്ഥാനം നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News