
ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു കീഴടക്കി ഡല്‍ഹി ഡയര്‍ഡെവിള്‍സ് പ്ലേയോഫ് പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 18.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 150 റണ്‍സെടുത്തു വിജയം പിടിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന റിഷഭ് പന്ത് (39), സഞ്ജു സാംസണ് (34) കൂട്ടുകെട്ടാണ് പുറത്താകാതെ നിന്നു ഡല്‍ഹിക്ക് വിജയമൊരുക്കിയത്.
ഇരുവരും 26 പന്തുകള്‍ നേരിട്ടു. റിഷഭ് പന്ത് രണ്ടു ഫോറും മൂന്നു സിക്സും പറത്തിയപ്പോള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നു രണ്ടു സിക്സറുകളാണ് പിറന്നത്. നേരത്തെ ഓപണര്‍ ക്വിന്റന്‍ ഡി കോക്ക് 31 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും പറത്തി 44 റണ്‍സെടുത്തു മികച്ച തുടക്കം നല്കി. ഹൈദരാബാദിനായി മോയ്സിസ് ഹെന്റികസ് രണ്ടും നെഹ്റ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച ഹൈദരാബാദിനെ ഡല്‍ഹി ബൗളര്‍മാരുടെ തന്ത്രപരമായ ബൗളിങാണ് പിടിച്ചുകെട്ടിയത്. നായകന് വാര്‍ണര്‍ 30 പന്തില്‍ 46 റണ്‍സെടുത്തു ഹൈദരാബാദിനു മികച്ച തുടക്കം നല്കി. 34 റണ്‍സുമായി ശിഖര്‍ ധവാന് വാര്‍ണര്‍ക്കു മികച്ച പിന്തുണ നല്കി. ഇരുവരും പുറത്തായ ശേഷം എത്തിയ കെയ്ന്‍ വില്ല്യംസന് മികച്ച തുടക്കമിട്ടെങ്കിലും വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല. 27 റണ്‍സുമായി വില്ല്യംസന് മടങ്ങിയ ശേഷം വന്ന ഒരാള്‍ക്കു പോലും മികവു പുലര്‍ത്താന്‍ സാധിക്കാതെയും പോയി. നാലോവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസും മൂന്നോവറില്‍ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അമിത് മിശ്രയുമയാണ് ഹൈദരാബാദിനെ വെട്ടിലാക്കിയത്. കോള്‍ട്ടര്‍ നെയ്ല്‍ രണ്ടും ജയന്ത് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സഹീര്‍ ഖാനു പകരം ജെ.പി ഡുമിനിയാണ് ഡല്‍ഹിയെ നയിച്ചത്.