
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന വെബസൈറ്റിലെ ലിങ്കില്‍ അപേക്ഷിച്ച ജില്ല, അപേക്ഷാ നമ്പര്‍, ജനനത്തിയതി എന്നിവ നല്കി അലോട്ട്മെന്റ് പരിശോധിക്കാം. ഇന്നും നാളെയുമായി വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രസ്തുത പേജില്‍ ലഭ്യമാകുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റര്‍ ഒരു പേജിന്റെ രണ്ടു വശങ്ങളിലായി പ്രിന്റ് എടുത്തു വേണം അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ പ്രവേശനത്തിന് എത്തേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്കു സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടാം.