2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്ലസ്ടു 80.94% വി.എച്ച്.എസ്.ഇ 87.72%

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 80.94 ശതമാനവും വി.എച്ച്.എസ്.ഇ പാര്‍ട്ട് ഒന്നിനും രണ്ടിനുമായി 87.72 ശതമാനവും പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ 79.3 ശതമാനവും വിജയം. പ്ലസ്ടുവിന് കഴിഞ്ഞവര്‍ഷം 83.96 ശതമാനമായിരുന്നു വിജയം.
പ്ലസ്ടുവില്‍ 2,033 സ്‌കൂളുകളില്‍നിന്നായി 3,61,683 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 2,92,753 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. ഒന്നാംവര്‍ഷത്തെ മാര്‍ക്കുകൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഊര്‍ജതന്ത്രം, രസതന്ത്രം, കണക്ക് എന്നീ വിഷയങ്ങളില്‍ ഇരട്ട മൂല്യനിര്‍ണയം നടത്തിയാണ് മാര്‍ക്ക് കണക്കാക്കിയത്. രണ്ടു മൂല്യനിര്‍ണയങ്ങളും തമ്മില്‍ പത്തു ശതമാനത്തിലധികം വ്യത്യാസംവന്ന വിഷയങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തിയിരുന്നു.
പ്ലസ്ടുവിന് 125 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കുംനേടി. 9,870 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇതില്‍ 6,905 പേരും പെണ്‍കുട്ടികളാണ്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം – 84.86 ശതമാനം. കുറവ് പത്തനംതിട്ടയിലാണ് – 72.4 ശതമാനം. 72 സ്‌കൂളുകള്‍ നൂറുമേനി കരസ്ഥമാക്കി.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ 93.22 ശതമാനം വിജയം കരസ്ഥമാക്കി. ഇവിടെ 826 കുട്ടികളാണ് പരീക്ഷ എഴുതിയത്. മലപ്പുറം ജില്ലയിലെ പാലോമേട് എസ്.വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 83.3 ശതമാനവും കല്ലിങ്ങപറമ്പ് എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 80 ശതമാനവും വിജയവും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ കൊല്ലം ജില്ല നൂറുമേനി വിജയംനേടി.
വി.എച്ച്.എസ്.ഇ പരീക്ഷയില്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 24,588 വിദ്യാര്‍ഥികളും പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ 22,152 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യതനേടി. കഴിഞ്ഞവര്‍ഷം 91.63 ശതമാനമായിരുന്ന വിജയം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയത് പാലക്കാട് ജില്ലയും (94.12 ശതമാനവും) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയുമാണ് (71.7ശതമാനം). പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയത് പാലക്കാട് ജില്ലയും (84.64 ശതമാനവും) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയുമാണ് (62.46ശതമാനം). 29 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. അട്ടപ്പാടി സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 79.07 ശതമാനവും പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ 65.2ശതമാനവും വിജയം കൈവരിച്ചു.

 സേ പരീക്ഷ ജൂണ്‍ രണ്ടുമുതല്‍

സേ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ടുമുതല്‍ എട്ടു വരെ നടക്കും. രണ്ടാംവര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമേ സേ പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. പരീക്ഷക്കായി ഫീസടക്കാനുള്ള അവസാന തീയതി ഈ മാസം 18 ആണ്. പരീക്ഷ എഴുതിയ സെന്ററുകളിലാണ് അപേക്ഷ നല്‍കേണ്ടത്. സേ പരീക്ഷക്ക് പേപ്പര്‍ ഒന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റിന് 500 രൂപയുമാണ് ഫീസ്. ഇതിനുപുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപകൂടി അടക്കണം. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതിയ കേന്ദ്രത്തില്‍നിന്ന് മൈഗ്രേഷന്‍ സര്‍ട്ടിക്കറ്റുകള്‍ വിതരണം ചെയ്യും. ഇതിനായി പ്രത്യേക ഫീസ് ഇടാക്കില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.