2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

പ്രൗഢിയോടെ കുമ്പുക്കല്‍ കുരുമുളക്

 

തളിപ്പറമ്പ്: നഷ്ടപ്പെട്ടുപോയ കുരുമുളക് കൃഷിയുടെ പെരുമ തിരിച്ചുപിടിക്കാന്‍ പൊരുതുന്ന മലബാറിലെ കര്‍ഷകര്‍ക്ക് പ്രചോദനമേകി അത്യുല്‍പാദന ശേഷിയുള്ള കുമ്പുക്കല്‍ കുരുമുളക് തൈകള്‍ ജില്ലയില്‍ വിപണനത്തിന് തയാറായി. സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേത്രി ബക്കളം കാനൂലിലെ കെ.വി സിമിയാണ് ഇവ ഉത്പാദിപ്പിച്ചത്. കുമ്പുക്കല്‍ പി.ഡി.എസ് വിത്തിനങ്ങളാണ് ഇത്തവണ പ്രധാനമായും ഉത്പാദിപ്പിച്ചിരിക്കുന്നത്.
1956ല്‍ പീരുമേട്ടിലെ കര്‍ഷകനായ കുമ്പുക്കല്‍ വര്‍ഗീസാണ് വിത്ത് വികസിപ്പിച്ചെടുത്തത്. തന്റെ കൃഷിയിടത്തിലെ മുഴുവന്‍ കുരുമുളക് വള്ളികളും ദ്രുതവാട്ടം വന്ന് നശിച്ചപ്പോള്‍ ബാക്കിയായ ഒരു തൈയില്‍ നിന്നാണ് ഈ വിത്തിനത്തിന്റെ പിറവി. 2037 വരെ ഇതിന്റെ പേറ്റന്റും കുമ്പുക്കല്‍ വര്‍ഗീസിന് സ്വന്തമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ സിമിയുടെ ഫാമില്‍ മാത്രമാണ് കുമ്പുക്കല്‍ വിത്തിനങ്ങള്‍ ലഭിക്കുക.
പുറം വിപണിയേക്കാള്‍ മിതമായ നിരക്കില്‍ വിപണനം ചെയ്യാനായി 4,000 തൈകളാണ് സിമി ഇത്തവണ ബക്കളത്തെ ഫാമില്‍ തയാറാക്കിയിരിക്കുന്നത്. ചാണകവും പിണ്ണാക്കുമടങ്ങുന്ന സാധാരണ വളം ഉപയോഗിച്ചാല്‍ തന്നെ 12 മാസം കൊണ്ട് കായ്ഫലം ഇതിന് ലഭിക്കും. ഇവക്ക് പുറമെ പന്നിയൂര്‍ 1, പന്നിയൂര്‍ 2 ഇനങ്ങളില്‍പ്പെട്ട കുരുമുളക് തൈകളും സിമിയുടെ ഫാമില്‍ വില്‍പ്പനക്ക് സജ്ജമായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.