2020 January 24 Friday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പ്രിയ മോദിജിക്ക് രാജ്യദ്രോഹപൂര്‍വം

 

വിമര്‍ശനം ആര്‍ക്കെതിരേ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ഇതു പറഞ്ഞതിനു ശേഷവും അയ്യോ രാജ്യദ്രോഹം എന്ന് അലറിവിളിച്ച് വഴിയേ പോകുന്നവര്‍ക്കെതിരേ കേസെടുക്കുന്ന ഏര്‍പ്പാട് തുടരുന്നുണ്ടെന്നു സുപ്രിംകോടതിയോട് പറഞ്ഞത് ബഹുമാനപ്പെട്ട രാജ്യദ്രോഹി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ്. കോടതിവിധിയൊന്നും കോണ്‍സ്റ്റബിള്‍മാര്‍ക്ക് മനസിലാകില്ല, അവര്‍ക്ക് ഐ.പി.സിയേ മനസിലാകൂ. അതുകൊണ്ട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ നിയമം പുതുക്കാന്‍ നിര്‍ദേശിക്കണമെന്നാണ് വക്കീല്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പൊലിസുകാരല്ല, മജിസ്‌ട്രേറ്റാണ് കേസിന്റെ വകുപ്പും വിധിയുമെല്ലാം നോക്കേണ്ടത്. അവര്‍ക്കു വിധിയെല്ലാം അറിയാമെന്നായിരുന്നു സുപ്രിംകോടതി ജഡ്ജി ഭൂഷണ് നല്‍കിയ മറുപടി. ഇപ്പോഴത്തെ രാജ്യദ്രോഹക്കേസുകള്‍ കാണുമ്പോള്‍ അക്കാര്യത്തില്‍ സംശയമുണ്ട്. നിയമം പൊലിസുകാരനും അറിയാതാവും, വക്കീലിനും അറിയാതാവും, ചില മജിസ്‌ട്രേറ്റുമാര്‍ക്കും അറിയാതാവും. അത്ര ഉഷാറായാണ് രാജ്യദ്രോഹക്കേസുകള്‍ ഓരോരുത്തരുടെ തലയില്‍ ഇടിത്തീ പോലെ വന്നുപതിക്കുന്നത്. ആര്‍ക്കെതിരേയാണ് എന്തെങ്കിലുമൊരു കേസ് ഫയല്‍ ചെയ്യേണ്ടത് എന്നു കണ്ടെത്താന്‍ മാത്രമായി രാവിലെ പത്രം വായിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ കുറവാണ്. വക്കീലന്മാര്‍ക്ക് അതില്ലാതെയും ജീവിച്ചുപോകാന്‍ ഇവിടെ വകയുണ്ട്.
ബിഹാര്‍ മഹാരാജ്യത്ത് സ്ഥിതി അത്രയൊന്നും സുഖകരമല്ല എന്നാണു തോന്നുന്നത്. അവിടെ സുധീര്‍ കുമാര്‍ ഓഝ എന്നൊരു വക്കീലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായ രാജ്യദ്രോഹക്കേസിന്റെ ഉപജ്ഞാതാവ്. ഈ വക്കീല്‍ സുപ്രിംകോടതി വിധി വായിച്ചിട്ടില്ല. വായിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി എന്നുപറഞ്ഞ് വക്കീല്‍ കേസ് ഫയല്‍ ചെയ്യുമായിരുന്നില്ല, കേസെടുക്കാന്‍ സ്ഥലം മജിസ്‌ട്രേറ്റ് ഉത്തരവിടുമായിരുന്നുമില്ല. ഈ വക്കീല്‍ ആരുടെയെങ്കിലും കേസ് വാദിച്ച് കാശുണ്ടാക്കുന്ന ടൈപ്പ് സാദാ വക്കീലല്ല. കേസെല്ലാം പുള്ളിക്കാരന്‍ തന്നെ കണ്ടെത്തി ഫയല്‍ ചെയ്തുകൊള്ളും. പൊതുതാല്‍പര്യ ഹരജിയിലാണു പുള്ളിക്കാരന് സ്‌പെഷലൈസേഷന്‍.
അന്‍പതാം വയസിനിടയില്‍ 745 ഈ ടൈപ്പ് കേസുകളാണത്രെ ഫയല്‍ ചെയ്തിട്ടുള്ളത്. ഇതിനൊക്കെ എവിടെനിന്ന് കാശ്, ഈ കേസ് നടത്താന്‍ കോടതി പണം ഇങ്ങോട്ട് തരുമോ എന്നൊന്നും ചോദിക്കരുത് കേട്ടോ. ഏതാണ്ട് എല്ലാ കേസുകളും തള്ളപ്പെടുകയാണു പതിവ്. അല്ലെങ്കില്‍, തള്ളുന്ന ഘട്ടം എത്തുംമുന്‍പ് സംഗതി ഒത്തുതീര്‍പ്പാക്കുന്നുണ്ടാവാം. ശിക്ഷിപ്പിച്ച് ജയിലിലിടുവിക്കലൊന്നുമാവില്ല ആ പുണ്യാത്മാവിന്റെ ഉദ്ദേശ്യം. രാജ്യസ്‌നേഹത്തിന്റെ ആധിക്യം മൂലം ചെയ്തുപോകുന്നതാണ്. കുറച്ച് പബ്ലിസിറ്റിയും കുറച്ചല്ലാതെ കോടതിച്ചെലവും കിട്ടിയാല്‍ സംഗതി ഒത്തുതീര്‍ക്കാവുന്നതല്ലേ ഉള്ളൂ.
ഈ അഛാ ആദ്മി പത്രക്കാരോട് പറഞ്ഞത് എന്തെന്നോ; ‘പ്രധാനമന്ത്രിക്ക് ആരു കത്തെഴുതുന്നതിനും ഞാന്‍ എതിരല്ല. പക്ഷേ, അതു മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി അവര്‍ ബോധപൂര്‍വം രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായ കേടുവരുത്തുന്നു. അതാണു പ്രശ്‌നം’. സംഗതി മനസിലായല്ലോ. അതാണു പ്രശ്‌നം. പ്രധാനമന്ത്രിക്കു മാനഹാനി ഉണ്ടായിരിക്കുന്നു, രാജ്യത്തിന് അഭിമാനക്ഷതം സംഭവിച്ചിരിക്കുന്നു. ഇതു രണ്ടും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുമോ എന്ന് ഇനി മറ്റേ മജിസ്‌ട്രേറ്റ് തീരുമാനിക്കട്ടെ.
പ്രധാനമന്ത്രിയുടെ യശസ്സിനെക്കുറിച്ച് ഇത്രയും വേവലാതിയുള്ള അഭിഭാഷകന്‍ പ്രധാനമന്ത്രിയെത്തന്നെ കോടതിയിലേക്ക് വലിച്ചിഴക്കുക കൂടിയാണു ചെയ്യുന്നത്. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അത്രയെളുപ്പം തള്ളിക്കളയാനാവുമോ വക്കീലേ…
അസ്സല്‍ രാജ്യസ്‌നേഹികള്‍ ചിലര്‍ ഈ കേസില്‍ പ്രതിക്കൂട്ടിലാകാന്‍ സാധ്യതയുണ്ട് എന്നാണ് ഈ നിയമ അജ്ഞനു തോന്നുന്നത്. നമ്പര്‍ ഒന്ന്: കുപ്രസിദ്ധരായ 49 രാജ്യദ്രോഹികള്‍ ചേര്‍ന്ന് രാജ്യദ്രോഹപൂര്‍വം കത്തെഴുതിയത് പത്രം ഓഫിസിലേക്കൊന്നുമല്ല, പ്രധാനമന്ത്രിക്കാണ്. ഇത്രയും രാജ്യദ്രോഹപരമായ ഒരു കത്തു കിട്ടിയിട്ട് മാസം മൂന്നായിട്ടും ഈ ഗുരുതരമായ കുറ്റം പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയോ രാജാവിനേക്കാള്‍ രാജഭക്തിയുള്ള പി.എം.ഒ ഉദ്യോഗസ്ഥരോ പ്രധാനമന്ത്രിയേക്കാള്‍ കണിശക്കാരനായ മന്ത്രിപ്രധാനി അമിത് ഷാജിയോ എന്തുകൊണ്ട് സന്നദ്ധരായില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. അതിന് ഉത്തരം പറയാന്‍ പ്രധാനമന്ത്രിയെക്കൂടി കോടതിയിലേക്കു വിളിക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം. അത് ഇതിനേക്കാള്‍ വലിയ രാജ്യദ്രോഹമാകുമോ ഇതിനും പുറമെ, രാജ്യദ്രോഹികള്‍ പരസ്യപ്പെടുത്തിയ കത്തുമൂലം പ്രധാനമന്ത്രിയുടെ യശസ്സിനു കേടുപാട് സംഭവിച്ചുവെന്നും ആരോപണമുണ്ടല്ലോ. അതിനും പ്രധാനമന്ത്രി തന്നെയല്ലേ സമാധാനം പറയേണ്ടത്. ആകപ്പാടെ നോക്കുമ്പോള്‍ കേസില്‍ പ്രതിഭാഗമാണോ വാദിഭാഗമാണോ പ്രതിക്കൂട്ടിലെത്തുക എന്നു കണ്ടറിയണം.
രാജ്യദ്രോഹക്കേസ് ഒരുപക്ഷേ, അധികം താമസിയാതെ ഹൈക്കോടതിയോ സുപ്രിംകോടതിയോ എടുത്ത് ചവറ്റുകൊട്ടയിലിട്ടേക്കാം. ഇനി അതു ചെയ്തില്ലെങ്കിലും ഈ 49 ജ്ഞാനികള്‍ ഭയപ്പെടേണ്ട കാര്യമില്ല. അധികം വൈകാതെ എന്തെങ്കിലും സല്‍പ്പേരോ മേല്‍വിലാസമോ ഉള്ള ഏതാണ്ട് എല്ലാവര്‍ക്കുമെതിരേ ഈ ടൈപ്പ് കേസുകള്‍ വരാതിരിക്കില്ല. പ്രധാനമന്ത്രിക്ക് അയച്ച കത്തുതന്നെ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട് പരസ്യപ്പെടുത്തുന്നുണ്ട്.
തുല്യചെയ്തിക്കു തുല്യകേസ് എന്ന ന്യായപ്രകാരം ഇവരെയെല്ലാം രാജ്യേദ്രോഹക്കേസ് പ്രതികളാക്കാം. ഇതൊന്നുമില്ലാതെ തന്നെ, രാഹുല്‍ ഗാന്ധിയടക്കം എണ്ണമറ്റ ആളുകള്‍ക്കെതിരേ ഈ കേസ് വന്നു കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം എണ്ണം പെരുകിപ്പെരുകി വന്‍ ജനക്കൂട്ടമായേക്കും. പെരുകട്ടെ, അങ്ങനെ പെരുകട്ടെ…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.