2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പ്രിയപ്പെട്ട ലിയോ… തിരിച്ചു വരൂ…

ബ്യൂണസ് ഐറിസ്: കനത്ത മഴയെ വക വെയ്ക്കാതെ ഇളം നീലയും വെള്ളയും കലര്‍ന്ന പതാകകളും മെസ്സിയെന്നെഴുതിയ പത്താം നമ്പര്‍ അര്‍ജന്റൈന്‍ ജേഴ്‌സിയും പിടിച്ച് നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ബ്യൂണസ് അയേഴ്‌സില്‍ തിങ്ങിക്കൂടിയിരുന്നു. അമേരിക്കയില്‍ നിന്നു തിരിച്ചെത്തുന്ന തങ്ങളുടെ ടീമിനെ കാത്ത്. ലോകത്തെ ഞെട്ടിച്ച് 29ാം വയസ്സില്‍ അര്‍ജന്റീന കുപ്പായം അഴിച്ചുവയ്ക്കാന്‍ തീരുമാനിച്ച ലയണല്‍ മെസ്സിയോടു തിരിച്ചു വരണമെന്നു ആവശ്യപ്പെട്ടുള്ള ബാനറുകളും അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ടീമിനെ ഉപേക്ഷിച്ച് പോകരുതെന്നു മറ്റൊരു ബാനര്‍. സ്വന്തം മാതാവിനേക്കാള്‍ മെസ്സി ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നുവെന്നെഴുതിയ ബാനറും ഒരാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ടീമിന്റെ ബസ് കടന്നു പോയപ്പോള്‍ ചിലര്‍ അതിന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നു. ബസിലിരുന്ന മെസ്സി ഇതൊന്നും ഒരുപക്ഷേ കണ്ടിരിക്കാനിടയില്ല. 

അര്‍ജന്റീന മാത്രമല്ല ലോകം മുഴുവന്‍ ഇപ്പോള്‍ അതാണ് ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മെസ്സി അര്‍ജന്റീനയ്ക്കായി ഇനി കളത്തിലേക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് താങ്കള്‍ തിരിച്ചു വരൂ. ബാഴ്‌സയിലേയും അര്‍ജന്റീനയിലേയും സഹ താരങ്ങള്‍, അര്‍ജന്റീന പ്രസിഡന്റ് മൗറീസിയോ മാക്രി, ഇതിഹാസ താരം ഡീഗോ മറഡോണ എന്നിവരെല്ലാം സൂപ്പര്‍ താരം തിരിച്ചുവരണമെന്നാവശ്യപ്പെട്ടു.
എത്ര കടുത്ത തീരുമാനമാണ് മെസ്സി എടുത്തതെന്നു തനിക്കു ഊഹിക്കാന്‍ കഴിയുമെന്നു ബാഴ്‌സയിലെ സഹ താരം ജറാര്‍ഡ് പീക്വെ. മെസ്സി അര്‍ജന്റീന ടീമിന്റെ അഭിമാന താരമാണ്. ഇനിയും ധാരാളം വര്‍ഷങ്ങള്‍ അദ്ദേഹം ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമായി നില്‍ക്കുന്നതു കാണുന്നതാണ് സന്തോഷം തരുന്ന കാര്യമെന്ന് അര്‍ജന്റീന പ്രസിഡന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഇനിയും ലയണല്‍ മെസ്സിയെ കാണമെന്ന ആഗ്രഹമാണ് ഇതിഹാസം മറഡോണ പ്രകടിപ്പിച്ചത്. വിരമിക്കരുതെന്നും ദേശീയ ടീമിനൊപ്പം മെസ്സി തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തീരുമാനം പുനഃപരിശോധിച്ച് 2018ലെ റഷ്യന്‍ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീനയെ ലോക ചാംപ്യന്‍മാരാക്കാന്‍ മെസ്സി റഷ്യയിലേക്ക് പോകണം. ടീമിനെ മുന്നേറാന്‍ സഹായിക്കുന്ന യുവാക്കളെ കൂടുതലായി ആശ്രയിക്കണം. മെസ്സി വിരമിക്കണമെന്നു പറയുന്നവര്‍ അര്‍ജന്റീന ഫുട്‌ബോളിനു വരാനിരിക്കുന്ന ദുരന്തമെന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോളിന്റെ അവസ്ഥയില്‍ താന്‍ ദുഃഖിതനും ദേഷ്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റൈന്‍ ടീം താഴെയെത്തി, ഏറെ താഴെ പോയെന്നു പറഞ്ഞ് മറഡോണ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനേയും വിമര്‍ശിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.