2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

പ്രിയപ്പെട്ടവരെ, ഞാനിപ്പോള്‍ ശവപ്പെട്ടിയിലാണ്..!

മരണശയ്യയില്‍ ശ്രീജിത്ത്

അനുജന്റെ ജീവനെടുത്തവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ സന്ധിയില്ലാ സമരം

അജേഷ് ചന്ദ്രന്‍

തിരുവനന്തപുരം: അനുജന്റെ മരിക്കാത്ത ഓര്‍മകളുടെ ഊര്‍ജത്തില്‍ ശവപ്പെട്ടിയിലൊരു ജീവന്‍… നീതി ലഭിക്കുംവരെ ജീവനുണ്ടാകുമോ എന്നുറപ്പില്ല… എങ്കിലും ശ്രീജിത്ത് സമരത്തിലാണ്… അനുജന്റെ ജീവനെടുത്തവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ സന്ധിയില്ലാ സമരത്തില്‍…
അനുജന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണയോടെ ശ്രീജിത്തിന്റെ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 782ാം ദിവസം സമരം അവസാനിപ്പിച്ച് ശ്രീജിത്ത് വീട്ടിലേക്ക് മടങ്ങി. എന്നാല്‍, അന്വേഷണം പ്രഹസനമായെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ വീണ്ടും സമരവുമായെത്തിയിരിക്കുന്നത്. അന്വേഷണം ഇഴയുന്നതും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ നടപടി ഉണ്ടാവാത്തതുമാണ് സമരത്തിലേക്കുള്ള രണ്ടാം വരവിന് ഇടയാക്കിയത്.
സമരം തുടങ്ങി 1000 ദിനങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് ദിവസമായി ശവപ്പെട്ടിയില്‍ കിടന്നാണ് ഉപവാസസമരം. തന്റെ അനുജനെ ഇല്ലാതാക്കിയ പൊലിസ് തന്നെ തന്നെയും ഇല്ലാതാക്കുമെന്ന് ശ്രീജിത്ത് പറയുന്നു. സമരാവശ്യത്തിന് ശവപ്പെട്ടി നിര്‍മിച്ചുകൊണ്ടിരുന്ന രാത്രിയില്‍ പൊലിസ് സംഘം തന്നെ ഉപദ്രവിച്ചു. കൈപിടിച്ച് തിരിച്ചു. ശവപ്പെട്ടി തല്ലിക്കൂട്ടുവാനായി കൊണ്ടുവന്ന സാമഗ്രികള്‍ പിടിച്ചെടുത്തു. പൊലിസ് ഗുണ്ടായിസമാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പിണറായിയുടെ പൊലിസ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ശ്രീജിത്ത് ആരോപിച്ചു. ഏത് വിധേനയും തന്നെ നശിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നീതി വൈകുന്നതിനെതിരേ പോരാടുന്ന തന്റെ മരണം ഈ ശവപ്പെട്ടിയില്‍ കിടന്നുകൊണ്ടായിരിക്കാമെന്നും ശ്രീജിത്ത് സുപ്രഭാതത്തോട് പറഞ്ഞു.
സി.ബി.ഐ അന്വേഷണം തുടങ്ങിയത് കഴിഞ്ഞ ജനുവരി രണ്ടിനാണ്. അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍ വന്ന് സംസാരിച്ച് മടങ്ങി. പിന്നെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പ്രതിസ്ഥാനത്തു നില്‍ക്കുന്ന പൊലിസുകാരെ ചോദ്യംചെയ്തതു പോലുമില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ ഒരു വേലകാട്ടിയതുപോലെയാണ് അന്വേഷണം പ്രഖ്യാപിക്കല്‍ അനുഭവപ്പെടുന്നത്. മാത്രമല്ല മൊഴി നല്‍കാന്‍ സി.ബി.ഐ ഓഫിസിലെത്തിയ തന്നെ പരിഹസിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം 30ന് സി.ബി.ഐ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ മുട്ടത്തറയിലെ ഓഫിസില്‍ മൊഴി നല്‍കാന്‍ ചെന്നെങ്കിലും മൊഴിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ വെറുതേ ചില ചോദ്യങ്ങള്‍ ചോദിച്ചു. ബാക്കി കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിക്കൊള്ളാം എന്നുപറഞ്ഞ് തിരിച്ചയച്ചു. അതിലൊക്കെ ആരുടെയോ ഇടപെടലുണ്ടെന്ന സംശയമാണ് ശ്രീജിത്ത് പ്രകടിപ്പിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതുവരെ ഉപവാസസമരം തുടരുമെന്നും ശ്രീജിത്ത് പറയുന്നു. സമരത്തിന്റെ 1009ാം ദിനമാണ് ഇന്ന്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.