2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രാമാണിക നിലപാട്

ചേലാകര്‍മം: കഥയറിയാതെ ആട്ടം കാണുന്നവര്‍: 2

 

പ്രൊഫ. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി 9895476566

സ്ത്രീ ചേലാകര്‍മം തന്നെ പ്രാകൃതവും അപരിഷ്‌കൃതവുമെന്നാണല്ലോ പുരോഗമനവാദികളുടെ വാദം. അത് ഇസ്‌ലാമികമോ സാമുദായികമോ അല്ലെന്ന് ശരീഅത്ത് വിരോധികളെ സുഖിപ്പിക്കുന്നതിന് മതേതരരാകാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലളിതമായ ചോദ്യം ഇതാണ്: ഏത് മാനദണ്ഡം വച്ചാണ് ഇവര്‍ ഒരു കാര്യം പ്രാകൃതവും പരിഷ്‌കൃതവുമാണെന്ന് വിധിക്കുന്നത്? യൂറോപ്യരും പാശ്ചാത്യരും ചെയ്യുന്ന ആഭാസങ്ങള്‍ പരിഷ്‌കൃതവും അവര്‍ ചെയ്യാത്തത് പ്രാകൃതവുമാണോ? ധര്‍മത്തിനും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്തവരുടെ പരിഷ്‌കാരം ധര്‍മബോധമുള്ളവര്‍ക്ക് സ്വീകാര്യമല്ല.
ഉദരം തുളച്ചും നാഭി തുളച്ചും ആഭരണം ധരിക്കുന്ന ട്രെന്റ് പാശ്ചാത്യന്‍ നാടുകളില്‍ വര്‍ധിച്ച് വരികയാണ്. ഡോ. ഡെസ്മണ്ട് മോറിസ് എഴുതുന്നു: ‘പാശ്ചാത്യ രാജ്യങ്ങളില്‍ സമീപകാലത്ത് യുവതികള്‍ ഉദര പ്രദര്‍ശനം തുടങ്ങി. അതിനിടെ നാഭിപ്രദേശം തുളച്ച് ആഭരണങ്ങള്‍ അണിയുന്ന പതിവ് തുടങ്ങി … ഇപ്പോള്‍ അലങ്കാരമായ പൊക്കിള്‍ സ്റ്റഡുകളും വളയങ്ങളും പ്രദര്‍ശിപ്പിക്കപ്പെടുന്നു. മുന്‍പ് ഒരു പ്രത്യേക ന്യൂനപക്ഷം മാത്രം ചെയ്തിരുന്ന പൊക്കിള്‍ തുളക്കല്‍ ഇപ്പോള്‍ ഒരു വ്യാപക പരിഷ്‌കാരമായി മാറിയിരിക്കുന്നു’ (നഗ്‌നാരി, പേജ്: 182).
സ്ത്രീത്വത്തെ അവഹേളിക്കുന്ന ഈ രീതികളൊന്നും പ്രാകൃതമോ അപരിഷ്‌കൃതമോ ആണെന്ന് ഒരു പത്രത്തിനും തോന്നിയിട്ടില്ല. കാരണം അത് ചെയ്യുന്നത് പാശ്ചാത്യരാണ്.
ഒരു മതത്തിന്റെയും ദര്‍ശനങ്ങളുടെയും നിര്‍ദേശമില്ലാതെ തന്നെ പിഞ്ചു കുഞ്ഞുങ്ങളുടെയടക്കം കാതും മൂക്കും തുളക്കുന്നത് നമ്മുടെ നാട്ടില്‍ വ്യാപകമാണല്ലോ. കേവല ഭംഗിയാണ് ലക്ഷ്യം. ഇതിനെതിരേ ഒരു കാംപയിന്‍ ആരും നടത്തിയതായി കേട്ടിട്ടില്ല. സ്വന്തം വീടുകളില്‍ നടക്കുന്ന കാത് കുത്തലിന് തെളിവന്വേഷിച്ച് സലഫികള്‍ കഷ്ടപ്പെടുന്നതും കണ്ടിട്ടില്ല.

ഏതാണ് പ്രാകൃതം
പല ആഫ്രിക്കന്‍ നാടുകളിലും പ്രാകൃത രീതിയില്‍ സ്ത്രീ ചേലാകര്‍മം നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. അവിടെ പുരുഷ ചേലാകര്‍മവും പ്രാകൃത രീതിയിലാണെന്നോര്‍ക്കണം. ഗോത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന ഈ ചേലാകര്‍മത്തെ ഇസ്‌ലാമുമായി ബന്ധിപ്പിക്കേണ്ടതില്ല. ആളുകള്‍ അപരിഷ്‌കൃതരാകുമ്പോള്‍ പ്രവര്‍ത്തനവും അപരിഷ്‌കൃതമായിരിക്കും. വിവാഹം, ലൈംഗികത, ശിക്ഷാ മുറകള്‍ മുതല്‍ വസ്ത്രധാരണവും ഭക്ഷണരീതിയും വരെ അപരിഷ്‌കൃതമാണ് അവിടെ പല ഗോത്രങ്ങളിലും. അവിടെ നടക്കുന്ന സ്ത്രീ ചേലാകര്‍മങ്ങളില്‍ മാന്യമായതും ക്രൂരമായതും അതിക്രൂരമായതുമുണ്ട്.
എന്നാല്‍, ഇതൊന്നുമല്ല ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഭഗശിശ്‌നികയുടെ അറ്റം അല്‍പം മാത്രം നീക്കം ചെയ്യലാണ് ഇസ്‌ലാമില്‍ സ്ത്രീ ചേലാകര്‍മം. അതും ചേലാകര്‍മം ശാരീരികമായി അപകടമുണ്ടാക്കാത്തവരുടെ മാത്രം. ഇതില്‍ പ്രാകൃതത്വമോ ക്രൂരതയോ ഇല്ല. പുരുഷ ചേലാകര്‍മത്തെക്കാള്‍ ലഘുവാണിത്.
പക്ഷേ, ശാസ്ത്രീയ കണ്ടെത്തല്‍ എന്ന നിലക്കല്ല; മതനിയമം എന്ന നിലയിലാണ് മുസ്‌ലിംകള്‍ ഇത് അംഗീകരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ച് ശാസ്ത്രം മതത്തിന്റെ മാനദണ്ഡമല്ല. അവരുടെ ഡോക്ടറും സാംസ്‌കാരിക നായകനുമെല്ലാം പ്രവാചകരാണ്.

പ്രമാണങ്ങളില്‍
ശാഫിഈ പണ്ഡിതനായ ഇമാം ശീറാസി (റ) പറഞ്ഞു: ചേലാകര്‍മം നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘ഇബ്‌റാഹീമിന്റെ ചര്യ നിങ്ങള്‍ പിന്‍പറ്റുക'(ആലു ഇംറാന്‍: 95). ‘ഇബ്‌റാഹീം നബി (അ) ചേലാകര്‍മം ചെയ്തിട്ടുണ്ട് ‘ (മുഹദ്ദബ് 1297). സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു: ഇബ്‌റാഹീം (അ)ന്റെ ചര്യ പിന്‍പറ്റാന്‍ കല്‍പ്പിക്കപ്പെട്ടവരാണ് നാം. ഇബ്‌റാഹീം നബിയുടെ ചര്യയില്‍ പെട്ടതാണ് ചേലാകര്‍മം (അസ്‌നല്‍ മഥാലിബ് 4164). മറ്റു നിരവധി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
അല്‍ ബഖറ 138 ല്‍ ‘അല്ലാഹുവിന്റെ ഭംഗിയാക്കല്‍ (ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു)’ എന്നതിന്റെ ഉദ്ദേശ്യം ചേലാകര്‍മമാണെന്ന് ചില മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്‌സീര്‍ റാസി: 1623, തഫ്‌സീര്‍ ബഗവി 1157, സാദുല്‍ മസീര്‍ 1151).
നബി (സ) പറഞ്ഞു: ‘അഞ്ച് കാര്യങ്ങള്‍ (പ്രവാചകന്മാരുടെ) ചര്യയില്‍ പെട്ടതാണ്. ചേലാകര്‍മം, നഖം മുറിക്കല്‍, മീശ വെട്ടല്‍, കക്ഷ രോമം നീക്കല്‍, ഗുഹ്യ രോമം വടിക്കല്‍ എന്നിവ’ (ബുഖാരി, മുസ്‌ലിം). ഈ ഹദീസില്‍ ചേലാകര്‍മം കൊണ്ടുദ്ദേശ്യം പുരുഷ ചേലാകര്‍മം മാത്രമല്ല. പണ്ഡിതര്‍ ഇക്കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, സ്ത്രീ ചേലാകര്‍മം ഇസ്‌ലാമികമാണെന്നതിന് പണ്ഡിതര്‍ തെളിവുദ്ധരിക്കുന്നത് തന്നെ ഈ ഹദീസാണ്. (ഇമാം മാവര്‍ദിയുടെ അല്‍ ഹാവീ 13431432……., ഇമാം ഖറാഫിയുടെ അദ്ദഖീറ 13280).
പ്രാമാണിക പണ്ഡിതര്‍ മാത്രമല്ല; സലഫി പണ്ഡിതരും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. പ്രമുഖ സലഫി പണ്ഡിതനും സഊദി ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഇബ്‌നു ബാസ് പറയുന്നു: ‘സ്ത്രീകള്‍ക്ക് ചേലാകര്‍മം ചെയ്യാന്‍ പ്രാപ്തിയുള്ള ഡോക്ടറെയോ മറ്റോ കിട്ടിയാല്‍ അഎ വര്‍ക്കത് സുന്നതാണ്. നബി (സ) പറഞ്ഞു: ‘അഞ്ച് കാര്യങ്ങള്‍ ഇസ്‌ലാമിക ചര്യയില്‍ പെട്ടതാണ്; ചേലാകര്‍മം, നഖം മുറിക്കല്‍, മീശ വെട്ടല്‍, കക്ഷ – ഗുഹ്യ രോമങ്ങള്‍ നീക്കല്‍. ഇതില്‍ മീശ വെട്ടലൊഴികെയുള്ള കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബാധകമാണ് ‘ (ഫതാവാ ഇബ്‌നി ബാസ് 1047). സഊദിയിലെ തന്നെ പരമോന്നത പണ്ഡിത സഭയായ ഫത്‌വയ്ക്കുള്ള സ്ഥിരം സമിതി (ലജ്‌നതുദ്ദാഇമ) യുടെ ഫത്‌വയില്‍ പറയുന്നു: ശരീഅത്തില്‍ സ്ത്രീകള്‍ക്കും ചേലാകര്‍മമുണ്ട്. അത് സുന്നത്താണെന്ന് മാത്രം. അഞ്ച് കാര്യങ്ങള്‍ ഇസ്‌ലാമിക ചര്യയാണെന്ന ഹദീസ് അവര്‍ക്കും ബാധകമായതാണ് കാരണം (ഫതാവാ ലജ്‌നതുദ്ദാഇമ 5115).
മാത്രമല്ല; സ്ത്രീ ചേലാകര്‍മവും ഇബ്‌റാഹീം നബിയുടെ ചര്യയാണെന്നും തന്റെ പത്‌നി ഹാജറിനോട് ചേലാകര്‍മം ചെയ്യാന്‍ ഇബ്‌റാഹീം നബി (അ) നിര്‍ദേശിച്ചിരുന്നുവെന്നും ചരിത്രത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ചരിത്രം ഇബ്‌നു അസാകിര്‍ (റ), വാഖിദി(റ) മുതലായ ചരിത്ര പണ്ഡിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ചരിത്രം ഉദ്ധരിച്ച ശേഷം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞത് ഇപ്രകാരമാണ്: ‘ഇത് അവിശ്വസിക്കേണ്ടതില്ല. സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യുന്നതും ജംറകളില്‍ കല്ലെറിയുന്നതും ഹാജറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണല്ലോ? (തുഹ്ഫതുല്‍ മൗദൂദ് ബി അഹ്കാമില്‍ മൗലൂദ് പേജ്: 190). ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകള്‍ വേറെയുമുണ്ട്.
നബി (സ) യുടെ കാലത്ത് സ്ത്രീകള്‍ ചേലാകര്‍മം ചെയ്യാറുണ്ടായിരുന്നു. കുളി നിര്‍ബന്ധമാകുന്ന കാര്യം വിശദീകരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞു: ‘ (പുരുഷന്റെ) ചേലാകര്‍മഭാഗം (സ്ത്രീയുടെ ) ചേലാകര്‍മ ഭാഗവുമായി ഒത്ത് വന്നാല്‍ കുളി നിര്‍ബന്ധമായി’ (ബുഖാരി). സ്ത്രീകള്‍ അന്ന് ചേലാകര്‍മം ചെയ്യാറുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് സ്പഷ്ടമാണല്ലോ? നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ ചേലാകര്‍മം ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രമുഖ ഹനഫീ ഗ്രന്ഥമായ അല്‍ ബഹ്‌റുര്‍ റാഇഖില്‍ പറഞ്ഞിട്ടുമുണ്ട് (796). മദീനയില്‍ സ്ത്രീകള്‍ക്ക് ചേലാകര്‍മം ചെയ്ത് കൊടുത്തിരുന്ന സ്വഹാബി വനിതയായിരുന്നു ഉമ്മു അത്വിയ്യ (റ). അവരോട് നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ചേലാകര്‍മം ചെയ്യുമ്പോള്‍ (ശിശ്‌നികയുടെ) അല്‍പം മാത്രം ഛേദിച്ചാല്‍ മതി. അമിതമായി മുറിക്കരുത്. മുഖകാന്തി വര്‍ധിക്കാനും ഭര്‍ത്താവിന് പ്രിയം തോന്നാനും അതാണ് നല്ലത് ‘ (അബൂദാവൂദ്, ബൈഹഖി, ഹാകിം, ത്വബ്‌റാനി). ഈ ഹദീസ് സ്വഹീഹാണെന്ന് പ്രമുഖ സലഫി ഹദീസ് പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി പറഞ്ഞിട്ടുണ്ട് (സ്വഹീഹു അബീദാവൂദ് 4540). ഈ ഹദീസ് പ്രമുഖ സ്വഹാബികളായ അനസ് (റ) ഉമ്മു ഐമന്‍ (റ) എന്നിവരില്‍നിന്നും പ്രമുഖ താബിഈ പണ്ഡിതന്‍ ളഹാകില്‍നിന്നും വന്നതായി ഇമാം അസ്ഖലാനി(റ) രേഖപ്പെടുത്തുന്നു (ഫത്ഹുല്‍ ബാരി 10340). പ്രസ്തുത ഹദീസിന്റെ ഏതെങ്കിലും പരമ്പര ദുര്‍ബലമാണെങ്കില്‍ തന്നെയും ഹദീസ് പ്രബലമാണെന്ന് ചുരുക്കം. അത് കൊണ്ടാണ് പണ്ഡിതര്‍ ഇത് തെളിവായി സ്വീകരിച്ചതും സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി പറഞ്ഞതും.
മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: ‘ചേലാകര്‍മം പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകള്‍ക്ക് നന്മയും ഗുണകരവുമാകുന്നു’ (അഹ്മദ്, ബൈഹഖി, ത്വബ്‌റാനീ, ഇബ്‌നു അബീ ശൈബ). ഈ ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണെങ്കിലും ഇമാം ത്വബ്‌റാനീ നിവേദനം ചെയ്ത പരമ്പര സ്വഹീഹാണെന്ന് മുല്ലാ അലിയ്യുല്‍ ഖാരീ (റ) പറഞ്ഞിട്ടുണ്ട് (മിര്‍ഖാത് 13201). ഈ ഹദീസ് തെളിവായി കര്‍മശാസ്ത്ര പണ്ഡിതര്‍ ധാരാളം ഉദ്ധരിച്ചിട്ടുമുണ്ട്.
തെളിവുകള്‍ ഇനിയും ഉദ്ധരിക്കാനുണ്ടെങ്കിലും ദൈര്‍ഘ്യം ഭയന്ന് തല്‍ക്കാലം ചുരുക്കുന്നു. ഇത്തരം വ്യക്തമായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടത് കൊണ്ടാണ് ഈ ആചാരത്തെ ഇസ്‌ലാമികമാണെന്ന് സര്‍വ പണ്ഡിതരും രേഖപ്പെടുത്തിയത്. അത് ഹറാമാണെന്നോ കറാഹത്താണെന്നോ ഒരു പണ്ഡിതനും പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. മദ്ഹബിലെ ഇമാമുകളും സലഫി പണ്ഡിതരും ഇതില്‍ ഏകാഭിപ്രായക്കാരാണ്. അതിന്റെ വിശദീകരണം അടുത്ത ദിവസം.

(പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫസറാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.