2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രാദേശിക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും

 

ശ്രീനഗര്‍: ജമ്മുകശ്മിരില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിയുടെ രണ്ടാംനിരയിലെ പ്രധാനനേതാക്കളില്‍ പലരും തടവില്‍ കഴിയുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജമ്മുകശ്മിര്‍ കോണ്‍ഗ്രസ് വക്താവ് ഗുലാം അഹമ്മദ് മിര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ എങ്ങനെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്ന് മിര്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കളെ മോചിപ്പിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 24നാണ് ജമ്മുകശ്മിരിലെ 316 ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, സംസ്ഥാനത്തെ രണ്ടുപ്രബലകക്ഷികളും തെരഞ്ഞെടുപ്പിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഉമര്‍ അബ്ദുല്ലയും വീട്ടുതടങ്കലിലുമാണ്.
ഈ സാഹചര്യത്തില്‍ ബി.ജെ.പിയും കശ്മിരി പണ്ഡിറ്റുകളുടെ സംഘടനയായ പാന്തേഴ്‌സ് പാര്‍ട്ടിയും മാത്രമാണ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ളത്. ഫലത്തില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വാക്കോവാര്‍ വിജയം ആയിരിക്കും ഉണ്ടാവുക. ആകെയുള്ള 316ല്‍ 280 സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുമുണ്ട്.

 

 

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ഷെഹ്‌ല റാഷിദ്

ശ്രീനഗര്‍: ജമ്മുകശ്മിരിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ബ്ലോക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ജെ.എന്‍.യു മുന്‍ തീപ്പൊരി നേതാവും ആക്ടിവിസ്റ്റുമായ ഷെഹ്‌ല റാഷിദ്.
കശ്മിരിലെത്തുമ്പോള്‍ നിയമവും നീതിയും മറന്നുപോവുകയാണ് അധികൃതര്‍. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇതുപോലുള്ള പല നടപടികളും കണ്ടില്ലെന്നു നടിക്കേണ്ടിവരുമെന്നും തനിക്ക് അതിന് കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെഹ്‌ല ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
സിവില്‍സര്‍വിസില്‍ നിന്ന് രാജിവച്ച ഷാ ഫസല്‍ രൂപീകരിച്ച ജമ്മുകശ്മിര്‍ പീപിള്‍സ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു ഷെഹ്‌ല.
കശ്മിരില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുകയാണ് നിലവില്‍ ഷെഹ്‌ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.