2018 May 08 Tuesday

‘പ്രസവാവധി’ കഴിഞ്ഞു; ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും

തൊടുപുഴ: വരയാടുകളുടെ പ്രജനന കാലം മുന്‍നിര്‍ത്തി അടച്ചിട്ടിരിക്കുന്ന രാജമലയിലെ ഇരവികുളം ദേശീയോദ്യാനം ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദേശീയോദ്യാനത്തിന്റെ ടൂറിസം സോണായ രാജമലയില്‍ മാത്രം 65 നവജാത വരയാടിന്‍കുഞ്ഞുങ്ങളെയാണ് ഈ സീസണില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മെയ് ആദ്യവാരത്തോടെ ഈ വര്‍ഷത്തെ സെന്‍സസ് ആരംഭിക്കും. 1998 മുതല്‍ എല്ലാവര്‍ഷവും വനംവകുപ്പ് കണക്കെടുക്കുന്നുണ്ട്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രസവകാലം. ഇക്കുറി പ്രസവകാലം നീണ്ടുപോയതിനാലാണ് പാര്‍ക്ക് തുറക്കല്‍ നീട്ടിവച്ചത്. കിഴക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളിലുമാണ് പ്രസവം.

ഒരു സീസണില്‍ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നത്. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്. പ്രായപൂര്‍ത്തിയായ ഒരാടിന് 150 കിലോവരെ തൂക്കംവരും. ആസ്‌ത്രേലിയയിലും പശ്ചിമഘട്ട മലനിരകളിലുമാണ് ലോകത്ത് വരയാടുകള്‍ അവശേഷിക്കുന്നത്. ഭൂമുഖത്ത് ആകെയുള്ള 2500 വരയാടുകളില്‍ 1100ലധികം പശ്ചിമഘട്ട മലനിരകളിലാണെന്നാണ് കണക്ക്. ഇവയുടെ ഏറ്റവും പ്രധാന അഭയകേന്ദ്രമാണ് ഇരവികുളം. ഇവിടുത്തെ 97 ചതുരശ്രമൈല്‍ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം.

സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. വരയാടുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി 1975ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.