2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് സംവിധാനം താറുമാറാകും

കണ്ണൂര്‍: കണ്ണൂര്‍ എസ്.എസ്.എയിലെ ബി.എസ്.എന്‍.എല്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടരുന്ന സമരം തെരഞ്ഞെടുപ്പിനെ ബാധിക്കും. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മാഹിയിലുമാണു സമരം നടക്കുന്നത്. പുതിയ കണക്ഷന്‍ നല്‍കല്‍, ഫോണ്‍ മാറ്റിസ്ഥാപിക്കല്‍, ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് തകരാറുകള്‍ പരിഹരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരാണു സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 325ഓളം പേരാണു കണ്ണൂര്‍ എസ്.എസ്.എയ്ക്കു കീഴില്‍ ഇത്തരം ജോലികള്‍ ചെയ്തുവരുന്നത്. തെരഞ്ഞെടുപ്പിനു പ്രത്യേക തിരിച്ചറിയില്‍കാര്‍ഡുകള്‍ നല്‍കി ഇത്തരം ജീവനക്കാരെ ബൂത്തുകളില്‍ നിര്‍ത്തിയാണു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നിയോഗിച്ചിരുന്നത്.
ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ മാത്രം 962 വെബ് കാസ്റ്റിങ് സംവിധാനങ്ങളാണു സജ്ജമാക്കുന്നത്. ഫലം അറിയുന്നതിന് ഉള്‍പ്പടെ ബി.എസ്.എന്‍.എല്ലിന്റെ അഞ്ചു ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനും സ്ഥാപിക്കുന്നുണ്ട്. കള്ളവോട്ടും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി കലക്ടറേറ്റുകളില്‍ പ്രത്യേകവിഭാഗത്തെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കാനും ഏര്‍പ്പെടുത്തും. ഇത്തവണ ദൃശ്യങ്ങള്‍ക്കുപുറമേ ശബ്ദവും കേള്‍ക്കുന്നതാണു ലൈവ് വെബ്കാസ്റ്റിങ് സംവിധാനം. എന്നാല്‍ സമരം തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് സജ്ജീകരണത്തെ പ്രതികൂലമായി ബാധിക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിലും വീഴ്ചവരും. പ്രശ്‌നബാധിത ബൂത്തുകളില്‍ കേബിള്‍ലൈന്‍ മുറിക്കുന്നത് ഉള്‍പ്പെടെ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇക്കുറി ഇതു കള്ളവോട്ട് കൂടാനും ഇടയാക്കും. ലൈന്‍ മുറിച്ചുമാറ്റിയാലും താല്‍കാലിക ജീവനക്കാര്‍ ബൂത്തുകളില്‍ വേഗത്തിലെത്തി പ്രശ്‌നം പരിഹരിക്കാറുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിലും സമാനമായ രീതിയില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പൊതുതാല്‍പര്യം പരിഗണിച്ച് തൊഴിലാളി നേതാക്കള്‍ തന്നെ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ സമരവുമായി മുന്നോട്ടുപോവാനാണു തൊഴിലാളികളുടെ തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.