2020 February 29 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും തുറക്കാതെ ട്രാഫിക് പാര്‍ക്ക്

മാനന്തവാടി: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോടനുബന്ധിച്ച് നിര്‍മിച്ച ട്രാഫിക് പാര്‍ക്ക് ഇനിയും പ്രവര്‍ത്തനമാരംഭിച്ചില്ല. കുട്ടികള്‍ക്ക് റോഡ് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നതിനായി സംസ്ഥാനത്തെ ആദ്യ ട്രാഫിക് പാര്‍ക്കാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടും ഇതുവരെ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാത്തത്. കഴിഞ്ഞ നവംബറില്‍ പാര്‍ക്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ക്ക് തുറന്ന് കൊടുത്തിട്ടില്ല. ഇനിയും വൈകിയാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പാര്‍ക്കിലെ ഉപകരണങ്ങളും മറ്റും നിശിക്കും. പാര്‍ക്ക് എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ടര്‍വര്‍ക്ക് പോലും യാതൊരു നിശ്ചയമില്ലെന്നും ആക്ഷേപമുണ്ട്.  റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ട്രാഫിക് പാര്‍ക്ക് സജ്ജമാക്കിയത്. കെല്‍ട്രോണിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. സംസ്ഥാനത്ത് കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ ട്രാഫിക് പാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകള്‍, ദിശ സൂചക ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍, സ്‌കൂള്‍ പരിസരം, ഹമ്പുകള്‍ തുടങ്ങി വാഹനയാത്രക്കാര്‍ക്ക് ആവശ്യമായി വരുന്ന എല്ലാ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.  വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയും മൂലം അപകടമുണ്ടാകുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് കാല്‍നടയാത്രക്കാരുടെ ശ്രദ്ധയും അത് കൊണ്ട് തന്നെ എല്ലാ വിഭാഗം ആളുകള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോട് കൂടിയ ക്ലാസ് മുറിയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്‌കൂളിന്റെ മതിലിലും മറ്റിടങ്ങളിലും ട്രാഫിക് നിയമ സന്ദേശങ്ങള്‍ നല്‍കുന്നതിനുള്ള കാര്‍ട്ടൂണുകളും വരച്ചും പാര്‍ക്കിലെ പുല്‍തകിടിയില്‍ മൃഗങ്ങളുടെ ശില്‍ങ്ങളും നിര്‍മിച്ചും പാര്‍ക്ക് മനോഹരമാക്കിയിരിക്കുന്നു. ഇവിടെ തയാറാക്കിയിരിക്കുന്ന ഇലക്ട്രോണിക് ട്രാഫിക് ക്ലാസ് റൂമില്‍ എല്‍.സി.ഡി സ്‌ക്രീന്‍ സൗകര്യവും വിവിധ തരം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കാനും കഴിയുന്നതാണ് സംവിധാനം. ട്രാഫിക് പാര്‍ക്ക് അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.