2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പ്രവാസിയുടെ കാരുണ്യം; രാധാകൃഷ്ണന് ഇനി വാഹനത്തില്‍ വീട്ടിലെത്താം

കക്കട്ടില്‍: നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിപ്പോകുമായിരുന്ന തന്റെ സ്വപ്നങ്ങള്‍ മോഹങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം ഒന്നൊന്നായി പൂവണിയാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് നരിപ്പറ്റ ജാതിയുള്ള പറമ്പത്ത് രാധാകൃഷ്ണന്‍. 27 വര്‍ഷം മുന്‍പ് തന്റെ 15ാമത്തെ വയസില്‍ കമുങ്ങില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ രാധാകൃഷ്ണന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ മുച്ചക്ര വാഹനത്തില്‍ ഇനി വീട്ടിലെത്തിക്കാം. ഈ വാഹനമാണ് രാധാകൃഷ്ണന്റെ ജീവിതം മാറ്റിമറിച്ചത്. വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ കൂലി പണിക്ക് പോവുന്ന അയല്‍വാസി പ്രജിത്ത് തോളിലേറ്റി റോഡിലെത്തിച്ചു കൊടുക്കും. പിന്നീട് മുചക്ര വണ്ടിയില്‍ സഹായിയായ പ്ലസ് ടു വിദ്യാര്‍ഥി ആനന്ദിന്റെ കൂടെയാണ് പുറത്തു പോവുക. വൈകീട്ട് പ്രജിത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതു വരെ പുറത്ത് കാത്തുനില്‍ക്കലുമാണ് പതിവ്. കഴിഞ്ഞ പാലിയേറ്റീവ് ദിനത്തില്‍ സുപ്രഭാതത്തില്‍ രാധാകൃഷ്ണനെക്കുറിച്ചു വന്ന വാര്‍ത്തയാണ് പ്രവാസിയും നാട്ടുകാരനുമായ മുറിച്ചാണ്ടി റഫീഖിനെ ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടാന്‍ മുന്നോട്ടു വരാന്‍ പ്രേരിപ്പിച്ചത്.  റഫീഖിനോടൊപ്പം സ്ഥലമുടമകള്‍ ഭൂമി വിട്ടുനല്‍കുകയും ചെയ്തതതോടെ റോഡ് എന്ന സ്വപ്നം പൂവണിഞ്ഞു. നട്ടെല്ലിന് ക്ഷതം സംഭവിച്ച സുരേന്ദ്രന്‍ പച്ചപ്പാലവും സമൂഹ മാധ്യമങ്ങളിലൂടെ രാധാകൃഷ്ണനെ സഹായിക്കാനെത്തി. പ്രദേശത്തെ യുവാക്കളും കൂടെ ചേര്‍ന്നപ്പോള്‍ രാധാകൃഷ്ണന്റെ മുച്ചക്ര വാഹനം വീട്ടിലെത്തുമെന്ന സന്തോഷത്തിലാണ് നാട്ടുകാര്‍. ഇനി റോഡ് കോണ്‍ക്രീറ്റുകൂടി ചെയ്താല്‍ ഏതു കാലാവസ്ഥയിലും ഈ നിരത്തിലൂടെ വാഹനമോടിക്കാനാവും. ഇതിനു പഞ്ചായത്ത് അധികൃതര്‍ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. വിദ്യാലയങ്ങളിലും, ക്ലബ്ബുകളിലും പേപ്പര്‍ പേന നിര്‍മാണ പരിശീലനം നല്‍കി വരുന്ന രാധാകൃഷ്ണന് റോഡ് യാഥാര്‍ഥ്യമായാല്‍ മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ ഈ പ്രവൃത്തി തുടരാനാവും. വിത്തു പേന നിര്‍മാണ പരിശീലനമാണ് രാധാകൃഷ്ണന്‍ നല്‍കി വരുന്നത്. ഇതോടൊപ്പം എല്‍.ഇ.ഡി ബള്‍ബും, കുട നിര്‍മാണവും നടത്തുന്ന രാധാകൃഷ്ണന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതിനോടകം തന്നെ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍, പുതുക്കയത്തെ മുദ്ര കലാവേദി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മൊകേരിയിലെ സ്‌പെഷ്യല്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കും പേന നിര്‍മാണ പരിശീലനം നല്‍കിയിട്ടുണ്ട്.
പാലിയേറ്റീവ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപുകളിലും കുടയും ബള്‍ബും പേനയുടെയും വില്‍പ്പന നടത്തുന്ന രാധാകൃഷ്ണന് ഏറെ കടപ്പാടും നന്ദിയും പാലിയേറ്റീവ് പ്രവര്‍ത്തകരോടാണ്. മുച്ചക്ര വാഹനമോടിക്കാനുള്ള ലൈസന്‍സ് കൈവശമാക്കിയതോടെ വയനാട്, കോഴിക്കോട്, വാഴമല, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലൊക്കെ പോയത് ഒരിക്കലും മറക്കാനാവാത്ത യാത്രയാണന്ന് രാധാകൃഷ്ണന്. ഹൃദ്രോഗിയായ അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. കൂലി പണിയെടുത്ത് ജീവിക്കുന്ന സഹോദരനെ ആശ്രയിക്കാതെ തന്റെ ചെറിയ വരുമാനം കൊണ്ട് അത്യാവശ്യങ്ങള്‍ നിറവേറ്റാനാവുന്നതിലുള്ള സന്തോഷവും രാധാകൃഷ്ണനുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News