2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രളയ ശേഷം വരള്‍ച്ചാ ഭീഷണി ജലനിരപ്പ് നിരീക്ഷിക്കാന്‍ ഭൂജല വകുപ്പ്

മഞ്ചേരി:പ്രളയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. കടുത്ത വേനലെന്ന സൂചന നല്‍കി പുഴകളും അരുവികളും വറ്റിവരളാന്‍ തുടങ്ങിയതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് പരിശോധിക്കാന്‍ ഭൂജലവകുപ്പ് രംഗത്തിറങ്ങുന്നു. മഴ പെട്ടെന്ന് കുറഞ്ഞതും ശക്തമായ പ്രളയത്തില്‍ പുഴകളിലെ തടസങ്ങള്‍ നീങ്ങിയതും മൂലം വെള്ളം പെട്ടെന്ന് ഒഴുകിപ്പോയതുമാണ് വരള്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയാണ് മഴവെള്ളം ഒഴുകി കടലിലെത്താനുള്ള പരമാവധി സമയം. പിന്നെ പുഴയിലുണ്ടാകേണ്ടത് ഭൂഗര്‍ഭ ജലമാണ്. ഇതില്‍ കുറവ് വന്നതാകാം പുഴകളിലെ വെള്ളം പെട്ടെന്ന് കുറയാന്‍ കാരണമെന്നും പറയുന്നുണ്ടെങ്കിലും ജലനിരപ്പ് വളരെ വേഗത്തില്‍ കുറയുന്നത് വരള്‍ച്ചക്കിടയാക്കുമോയെന്ന ഭീതിയെ തുടര്‍ന്നാണ് ജലനിരപ്പ് പരിശോധിക്കുന്നത്.
സാധാരണ ഗതിയില്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് ഭൂഗര്‍ഭ ജലനിരപ്പ് പരിശോധിക്കാറുള്ളുവെങ്കിലും ഈ മാസം കൂടുതല്‍ പരിശോധന നടത്തും. പ്രളയത്തിന് മുന്‍പത്തെ ജലനിരപ്പും പ്രളയശേഷമുള്ള സ്ഥിതിയും തമ്മില്‍ താരതമ്യ പഠനം നടത്തും. ഒക്ടോബര്‍ ആദ്യവാരത്തോടെ പരിശോധനാ ഫലം സംസ്ഥാന വകുപ്പ് മേധാവിക്ക് നല്‍കാനാണ് തീരുമാനം. ഫെബ്രുവരിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 70 ശതമാനത്തിലധികം കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നതായായിരുന്നു ഫലം. കാലവര്‍ഷം ആരംഭിച്ചതോടെ കിണറുകള്‍ക്കൊപ്പം പുഴകളിലും കുളങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. എന്നാല്‍ പ്രളയ സമയത്ത് ജലമെല്ലാം കുത്തിയൊലിച്ച് പോയതോടെ ജില്ലയിലെ പുഴകളിലും കിണറുകളിലും വളരെ പെട്ടെന്നാണ് ജലനിരപ്പ് താഴ്ന്നത്.
ഇതോടെയാണ് വരള്‍ച്ചാ ഭീഷണി മുന്നില്‍കണ്ട് ഭൂജല വകുപ്പ് പരിശോധനക്കിറങ്ങിയത്. വേനലില്‍ പോലും വെള്ളമുണ്ടായിരുന്ന നദികളും വറ്റിത്തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ഏറനാട്, നിലമ്പൂര്‍ താലൂക്കുകളില്‍ കനത്ത മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമാണ് ഇത്തവണ ഉണ്ടായത്. വലിയ മരങ്ങളും കുന്നുകളും വ്യാപകമായി നശിച്ചതോടെ വനമേഖലകളില്‍ വെള്ളം പിടിച്ചുനിര്‍ത്താനാസാത്ത സ്ഥിതിയുമായി. നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടിയിരുന്നു. ഇത് പുഴകളെ സമ്പന്നമാക്കി. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ ഭൂമിയുടെ അടിത്തട്ടില്‍ വെള്ളത്തിന്റെ സംഭരണം കുറഞ്ഞതാവും ജലനിരപ്പ് കുറയാന്‍ കാരണമെന്ന് വിലയിരുത്തുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.