2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയ അക്കൗണ്ട്: ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. എന്നാല്‍, പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനം ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറി. പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പ്രത്യേക അക്കൗണ്ടിലാക്കണമെന്ന ആവശ്യം തുടക്കംമുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂവെന്നതിനാല്‍ പ്രത്യേക അക്കൗണ്ട് തുടങ്ങാനാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു.
പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നത് അനാവശ്യ കാലതാമസവും ഉണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയത്തിനായി ലഭിക്കുന്ന തുക പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്.
അതിനാല്‍ വകമാറ്റി ചെലവഴിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് മുന്നില്‍ നിവേദനവുമായി എത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.