2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയാനന്തരം: വടക്കാഞ്ചേരിയില്‍ കാര്‍ഷിക അതിജീവന ദൗത്യത്തിന് നാളെ തുടക്കം

വടക്കാഞ്ചേരി: പ്രളയത്തില്‍ തകര്‍ന്ന വാഴാനി ഇറിഗേഷന്‍ കനാലും വടക്കാഞ്ചേരി പുഴയുംചിറകളും തിരിച്ചുപിടിക്കുന്ന ‘കാര്‍ഷിക അതീജീവന ദൗത്യത്തി’ന് നാളെ തുടക്കമാകും.
പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന് തെക്കുംകരയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നു പോയ കനാലുകളും ചിറകളും അറ്റകുറ്റ പണികള്‍ നടത്തി വെള്ളം എത്തിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 15ന് മാത്രമെ കഴിയുകയുള്ളൂവെന്ന് ഇറിഗേഷന്‍ വകപ്പ് വ്യക്തമാക്കിയതോടെയാണ് മുണ്ടകന്‍ കൃഷിയുടെ ഒരുക്കങ്ങള്‍ അനിശ്ചിതത്തിലായിരുന്നു. സാധാരണ കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് മുണ്ടകന്‍ കൃഷി സെപ്റ്റംബര്‍ 30 നാണ് നട്ടവസാനിപ്പിക്കേണ്ടത്.
പ്രളയത്തെ തുടര്‍ന്ന് വടക്കാഞ്ചേരി പുഴയിലും തോടുകളിലും പാടശേഖരങ്ങളിലും വെള്ളം നന്നേ കുറഞ്ഞു. ഞാറ്റടി ഇട്ട പാടശേഖരങ്ങളില്‍ ഞാറ്റടി നടത്തുന്നത് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ വാഴാനിയില്‍ നിന്നും വെള്ളം എത്തിച്ചാല്‍ മാത്രമെ കൃഷി ഇറക്കാന്‍ കഴിയുകയുള്ളു. ഈ അനിശ്ചിതാവസ്ഥ മറികടക്കുന്നതിനായി 5200 ഏക്കര്‍ പാടശേഖരങ്ങളിലെ മുണ്ടകന്‍ കൃഷിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനത്താല്‍ വീണ്ടെടുക്കുന്നത്.
7200 തൊഴിലാളികള്‍ ഒരാഴ്ചകൊണ്ട് തെക്കുംകര, വേലൂര്‍, എരുമപ്പെട്ടി, അവണൂര്‍, ചൂണ്ടല്‍, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലുമായി 61.200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ അറ്റക്കുറ്റ പണികളും തകര്‍ന്നു പോയ കനാല്‍ ഭിത്തിയും പദ്ധതിയുടെ ഭാഗമായി പുനര്‍ നിര്‍മിക്കും. പദ്ധതിയുടെ ഏകോപനത്തിനായി ഇറിഗേഷന്‍ അസി.എക്‌സി.എന്‍ജിനീയര്‍ ടി.കെ ജയരാജിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, നഗരസഭാ സെക്രട്ടറി, കൃഷി അസി.ഡയറക്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സബ് കമ്മിറ്റി രൂപീകരിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭുകുമാര്‍, പഞ്ചായത്തു പ്രസിഡന്റുമാരായ എം.കെ ശ്രീജ (തെക്കുംകര), ഷെര്‍ളി ദിലീപ് കുമാര്‍ (വേലൂര്‍), രമണി രാജന്‍ (കടങ്ങോട്), കെ.എസ് അബ്ദുള്‍ കരീം (ചൂണ്ടല്‍), വിജയ ബാബുരാജ് (അവണൂര്‍), അസി.എക്‌സി.എന്‍ജിനീയര്‍ ടി.കെ ജയരാജ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.ബാലഗോപാല്‍ , നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ്കിഷോര്‍, കൃഷി അസി.ഡയറക്ടര്‍ കെ.കെ സിനിയ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.