2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി ഭോപ്പാലില്‍നിന്ന് ഗാന്ധി ഭവന്‍ പ്രവര്‍ത്തകരെത്തി

ചെങ്ങന്നൂര്‍: നൂറുകണക്കിന് പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി ഭോപ്പാലില്‍നിന്ന് ഗാന്ധിഭവന്‍ പ്രവര്‍ത്തരെത്തി. സഹായം കിട്ടിയിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചെങ്ങന്നൂര്‍, പാണ്ടനാട്, മംഗലം, വളഞ്ഞവട്ടം, തിരുവല്ല മേഖലകളിലെ മുന്നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് ഭോപ്പാല്‍ ഗാന്ധി ഭവന്റെ നേതൃത്വത്തില്‍ സഹായമെത്തിച്ചത്.
വീടൊന്നിന് 20 കിലോ അരിയുള്‍പ്പെടെ ആറായിരത്തില്‍പ്പരം രൂപയ്ക്കുള്ള പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, എന്നിവയും പതിനായിരം ലിറ്റര്‍ കുടിവെള്ളവും വിതരണം നടത്തി. കൂടാതെ അഞ്ച് ലക്ഷം രൂപ ചെലവില്‍ ഏതാനും വീടുകളുടെ അറ്റകുറ്റപണികള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ചെങ്ങന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവര്‍ കുട്ടനാട് മേഖലയിലും സര്‍വേ നടത്തി സഹായത്തിനായി അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി ഇവര്‍ക്ക് സഹായമെത്തിക്കാനാണ് ഗാന്ധിഭവന്റെ പദ്ധതി.
താമസിച്ചിരുന്ന ഷെഡ് പ്രളയത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപിലായിരുന്ന വളഞ്ഞവട്ടം വല്യപറമ്പില്‍ ശോഭനയും രണ്ടു കുട്ടികളും റോഡരികിലെ തൊഴുത്തില്‍ അഭയം തേടിയ പത്രവാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള സഹായം എത്തിക്കുന്നതിനും ഗാന്ധിഭവന്‍ തീരുമാനിച്ചിട്ടുണ്ട്. ശോഭനയുടെ രണ്ടു വൃക്കകളും തകരാറിലാണ്.
ഭോപ്പാല്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ആര്‍.കെ പാലിവാല്‍ ഐ.ആര്‍.എസ് സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ഭോപ്പാല്‍ ഗാന്ധി ഭവന്‍ സെക്രട്ടറി ദയാറാം നാംദേവ്, രാധാകൃഷ്ണ ശര്‍മ്മ (ആഗ്ര), യോഗേഷ് ധാബ്ര (ആദായ നികുതി വകുപ്പ്, ദില്ലി), മോഹന്‍ മാത്യു (ആദായ നികുതി, ഭോപ്പാല്‍), റോബീന ഖാന്‍ (ദില്ലി), ദീപ്തി സിങ് (ദില്ലി), പ്രൊഫ. അല്‍പ്പന ത്രിവേദി (ഭോപ്പാല്‍), പ്രൊഫ. റീതാ സിങ് (ബീഹാര്‍) എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.