2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

പ്രളയബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി കാരുണ്യ സംഗമം

കൊച്ചി: പ്രളയത്തെ അതിജീവിച്ച വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് ആശ്വാസവുമായി തണലും ഓള്‍ കേരള വീല്‍ചെയര്‍ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച കൈത്താങ്ങ് ചടങ്ങ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. പ്രളയത്തില്‍ ആധാറും ആധാരവും നഷ്ടപ്പെട്ടെങ്കിലും ചെറുപ്പം മുതലേ കഥയും കവിതകളും കുത്തിക്കുറിച്ച ഡയറി നഷ്ടപ്പെട്ടതാണ് മഞ്ഞുമ്മല്‍ സ്വദേശിയായ ഡൊമിനികിനെ ഇപ്പോഴും പ്രയാസപ്പെടുത്തുന്നത്. പ്രളയത്തിനു തകര്‍ക്കാന്‍ കഴിയാത്ത കവിതകള്‍ അദ്ദേഹം മനസ്സില്‍ നിന്നും ഓര്‍ത്തെടുത്ത് സദസ്സില്‍ അവതരിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും ഫര്‍ണ്ണിച്ചറും അടുക്കളയിലേക്കാവശ്യമായ പാത്രങ്ങളും ഗ്യാസ് സ്റ്റൗവും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
ദുരന്തമേഖലയില്‍ തണലും ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷനും ചെയ്ത സേവനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. പ്രളയം ആരംഭിച്ച സന്ദര്‍ഭത്തില്‍ തന്നെ ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ തണല്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു.
എറണാകുളം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഭിന്നശേഷിക്കാരുടെ വീട് നിര്‍മ്മാണത്തിന് അടിയന്തിര പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ മുഖ്യാതിഥിയായി.തണല്‍ കണ്‍വീനര്‍ കെ.കെ.ബഷീര്‍ അധ്യക്ഷനായി. സീമ ജി.നായര്‍, രാജീവ് പള്ളുരുത്തി, തണല്‍ രക്ഷാധികാരി അബൂബക്കര്‍ ഫാറൂഖി, മുംബൈയിലെ സിനിമാ പ്രവര്‍ത്തകനായ ജിമ്മി, ബ്ലഡ് ഡോണേഴ്‌സ് കേരള കണ്‍വീനര്‍ വിനു നായര്‍, തണല്‍ പാരാപ്ലീജിക് കെയര്‍ ജില്ലാ സമിതിയംഗങ്ങളായ മണി ശര്‍മ്മ, ദീപ മണി, തണല്‍ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയര്‍ സെക്രട്ടറി സാബിത് ഉമര്‍ ഐ.ആര്‍.ഡബ്ല്യൂ കണ്‍വീനര്‍ മന്‍സൂര്‍ പള്ളുരുത്തി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി രഹനാസ് ഉസ്മാന്‍ , ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.