2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയത്തില്‍ മുങ്ങിയ താലൂക്ക് ആശുപത്രിയുടെ ചുവരുകള്‍ മിനുക്കാന്‍ മന്ത്രിയെത്തി

ചാലക്കുടി: പ്രളയത്തില്‍ മുങ്ങിയ താലൂക്ക് ആശുപത്രിയുടെ ചുവരുകള്‍ മിനുക്കാന്‍ മന്ത്രിയെത്തി. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഇന്നലെ രാവിലെ ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിങ് പ്രവര്‍ത്തികള്‍ക്കായി എത്തിയത്.
പെയിന്റ് പാട്ടയില്‍ ബ്രഷ് മുക്കി കറതീര്‍ത്ത പെയിന്റിങ് തൊഴിലാളിയെ പോലെ ഭിത്തിയില്‍ പെയിന്റടിച്ച് മന്ത്രി പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഡെക്കറേറ്റീവ് പെയിന്റിങ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗജന്യമായി താലൂക്ക് ആശുപത്രിയിലെ ഒ.പി വിഭാഗത്തില്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്.
പെയിന്റ് ചെയ്ത് ഭിത്തികള്‍ മിനുക്കുന്നത് പോലെ എല്ലാവരുടേയും മനസിലെ കറകളെല്ലാം നീക്കി മിന്നിതിളങ്ങട്ടെയെന്ന് മന്ത്രി. നിരവധി പേരാണ് പ്രളയ ദുരിതത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സഹായവുമായി എത്തുന്നത്. ഇത് മനുഷ്യമനസുകളിലെ ചെളിയെല്ലാം ഇല്ലാതായി എന്നതിനുള്ള തെളിവാണെന്നും മന്ത്രി പറഞ്ഞു.
ബി.ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, നഗരസഭ കൗണ്‍സിലര്‍മാരായ സീമ ജോജോ, ഗീത സാബു, കെ.ഡി.പി.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റോ പോള്‍, ജില്ലാ പ്രസിഡന്റ് പി.ജി മുരളി, ഡോ.ശ്യാം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.