2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പ്രളയത്തിലെ മടവീഴ്ച: കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇനിയുമകലെ

ഹരിപ്പാട്: മഹാപ്രളയത്തെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് സംഹാരതാണ്ഡവമാടിയപ്പോള്‍ മടവീണ് തകര്‍ന്ന അപ്പര്‍ കുട്ടനാട് തീരദേശമേഖലയിലെ കരിനിലങ്ങളിലെ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഒപ്പം ഇന്‍ഷുറന്‍സ് തുകയും കിട്ടിയിട്ടില്ലെന്ന് പരാതി.
നിലവില്‍ പുഞ്ചക്കൃ ഷി ഇറക്കി വിളവെടുപ്പ് അടുത്തിട്ടും മടവീണ് തകര്‍ന്ന കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണതോതില്‍ ലഭിക്കുന്നതിനോ അറുപത് ദിവസത്തിനു മുകളില്‍ മൂപ്പെത്തിയ കരിനിലമേഖലയിലെ വലിയ പാടശേഖരങ്ങളിലൊന്നായ കരുവാറ്റാ ഈഴാങ്കേരി അടക്കമുള്ള പാട ശേഖരങ്ങളിലെ കൃഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തുക കൃത്യമായി വാങ്ങി നല്‍കുന്നതിനോ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന പരാതിയും കൃഷിക്കാര്‍ക്ക് ഉണ്ട്.
പ്രളയത്തിനു ശേഷം പലകുറി മേഖല സന്ദര്‍ശിച്ച കൃഷിമന്ത്രി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കൃഷിക്കാരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് തുകയും സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.2018 ഡിസംബര്‍ 31നു മുന്‍പ് തന്നെ കൃഷിക്കാര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണതോതില്‍ നല്‍കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.
കൃഷി ഭവനില്‍ തുടങ്ങി ജില്ലാ അഗ്രികള്‍ച്ചറല്‍ ഓഫിസ് വരെയുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ് ആ നുകൂല്യങ്ങള്‍ കൃഷിക്കാരില്‍ എത്താന്‍ താമസിക്കുന്നതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആനുകൂല്യങ്ങള്‍ കര്‍ഷകരില്‍ എത്താത്തതിന് പിന്നില്‍ സര്‍വ്വത്ര ദുരൂഹതയുണ്ടെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറയുന്നു. ഭാരിച്ച സാമ്പത്തിക ചിലവ് കര്‍ഷകര്‍ക്ക് വരുന്ന വിളവെടുപ്പിന് ഇനി ഒരുമാസം അവശേഷിക്കെ സര്‍ക്കാര്‍ സാഹായം പ്രതീക്ഷിച്ചിരുന്ന കൃഷിക്കാര്‍ കഴുത്തറപ്പന്‍ പലിശയ്ക്ക് ബ്ലൈഡില്‍ നിന്ന് പണം കടമെടുക്കേണ്ട സ്ഥിതിയിലാണ്.
ഇതിനിടെ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന മാത്രം നല്‍കിയിരുന്ന പതിവ് രീതി വിട്ട് ചില സഹായങ്ങള്‍ പാടശേഖര സമിതികള്‍ വഴി വീണ്ടും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. വ്യാപകമായ അഴിമതിക്ക് വഴിമരുന്നിടുന്ന ഈ നീക്കത്തിനു പിന്നിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് അറിവ്. നിരോധിത കൃഷി മരുന്നുകള്‍ വ്യാപകമായി പാടശേഖരങ്ങളില്‍ തളിക്കുന്നതിനു കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആക്ഷേപവും ഉയരുന്നുണ്ട്.
ഇപ്പോള്‍ വിളവിറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന കീടനാശിനികളെക്കുറിച്ച് അന്വേഷണം നടത്തി. നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുവാന്‍ കര്‍ഷകരെ പ്രേരിപ്പിച്ച കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.