2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പ്രളയക്കെടുതി: കൂട്ടായ്മ പുനരധിവാസത്തിലും വേണം: ഡോ.വി. വേണു

കല്‍പ്പറ്റ: ദുരിതാശ്വാസരക്ഷാ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മയും സഹകരണവും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്ന് ജില്ലയുടെ പുനരധിവാസ ഏകോപന ചുമതലയുള്ള വനം വകുപ്പ് -പിന്നാക്ക വിഭാഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.
മഹാപ്രളയം ജില്ലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അക്ഷീണം പ്രവര്‍ത്തിച്ചവരാണ് വയനാട്ടിലെ പൊതുസമൂഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനാണ് മഴക്കെടുതിയില്‍ കൂടുതല്‍ ദുരിതമുണ്ടായത്. കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ട മുഴുവന്‍ കുടുംബത്തിന്റെയും അതിജീവനം നമ്മുടെ ലക്ഷ്യമാണ്. കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ വാണിജ്യ സാമൂഹ്യ സാംസ്‌കാരിക മതസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഭൂരിഭാഗത്തിനും മുഖ്യധാരാ ജീവിതത്തിന്റെ സൗകര്യങ്ങളൊന്നും ലഭ്യമായിട്ടില്ല. ഊരുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ മുന്‍പുണ്ടായിരുന്നതിലും മെച്ചപ്പെട്ട ജീവിത സാഹചര്യം അവര്‍ക്കൊരുക്കാന്‍ കഴിയണം.
ഹൈദരാബാദ് നാഷനല്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് വയനാട്ടിലേക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി കേരളത്തില്‍ ട്രാവല്‍ മാര്‍ട്ട് നടത്താനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ വിനോദ സഞ്ചാര രംഗം ഉടന്‍ പൂര്‍വ സ്ഥിതിയിലെത്തുമെന്നു പ്രതീക്ഷിക്കാം. പ്രളയാനന്തരമുണ്ടായ തകര്‍ച്ചയില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും കരകയറുന്നതിന് എല്ലാ വ്യവസായ വാണിജ്യ സേവന വിഭാഗത്തിന്റേയും സഹായവും സഹകരണവുമുണ്ടാവണം ഡോ.വി. വേണു പറഞ്ഞു.ഹോട്ടല്‍ റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് പി. അബ്ദുല്‍ റഹ്മാന്‍ യോഗത്തെ അറിയിച്ചു. പുനരധിവാസ വീട് നിര്‍മാണ വേളയില്‍ സാങ്കേതിക സഹായവും സന്നദ്ധ സേവനവും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നല്‍കുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. സംഘടനാ ഭരണ സമിതിയുമായി ആലോചിച്ച് സര്‍ക്കാരിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടി നല്‍കുമെന്ന് യോഗത്തിനെത്തിയ ഇതര സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.