2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പ്രളയകാലം അതിജീവിച്ച കുരുന്നുകള്‍ കരീമഠത്തിലെ അക്ഷരമുറ്റത്തെത്തി

കോട്ടയം : കഴിഞ്ഞു പോയ പ്രളയകാലം ജീവിതാനുഭവമായി ഏറ്റെടുത്തു കൊണ്ട് കരീമഠം വെല്‍ഫെയര്‍ യു.പി സ്‌കൂളിലെ കുരുന്നുകള്‍ വീണ്ടും അക്ഷരമുറ്റത്തെത്തി. ആര്‍പ്പുവിളികളും ആരവങ്ങളുമായി കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് ആനയിക്കുവാന്‍ ഒരു നാടു മുഴുവന്‍ ഒരുമിക്കുകയായിരുന്നു. കൃഷിയും മത്സ്യ ബന്ധനവും ഉപജീവന മാര്‍ഗ്ഗമാക്കിയ, സമൂഹത്തില്‍ പിന്നാക്കാവസ്ഥയില്‍ നിന്നിരുന്ന ഒരു കൂട്ടം ആളുകളുടെ ഉന്നമനത്തിനായി പി.കെ കേശവന്‍ വൈദ്യന്‍ 1958ല്‍ തുടങ്ങിയ വിദ്യാലയമാണിത്.
പ്രളയകാലം അതിജീവിച്ച കുരുന്നുകളുടെ സ്‌കൂളിലേക്കുള്ള മടങ്ങി വരവ് അക്ഷരാര്‍ത്ഥത്തില്‍ ഒരാഘോഷമാക്കി മാറ്റുകയായിരുന്നു കരീമഠം തുരുത്ത് നിവാസികള്‍.അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്റെ നേതൃത്വത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പ്രളയത്തില്‍ മുങ്ങിപ്പോയ കരീമഠം സ്‌കൂളിനെ വീണ്ടെടുത്തത്. നാട്ടുകാരടക്കം അമ്പതോളം ആളുകളുടെ നിതാന്ത പരിശ്രമമാണ് സ്‌കൂളിനെ പുനരുജ്ജീവിപ്പിച്ചത്. സര്‍ക്കാര്‍ വകുപ്പുകളും സ്‌കൂളിനെപ്പറ്റി കേട്ടറിഞ്ഞ ഒട്ടനവധി സന്നദ്ധ സംഘടനകളും സമാഹരിച്ച സമ്മാനപ്പൊതികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.
കുട്ടികള്‍ക്ക് നല്‍കാനായി സെന്‍ട്രല്‍ ടാക്‌സിന്റെ വഡോദ്ധരയിലെ കമ്മീഷണറേറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച വലിയ പാക്കറ്റുകള്‍ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പാണ് സ്‌കൂളിലെത്തിച്ചത്. കിംസ് ആശുപത്രിയുടെ വക എല്ലാ കുട്ടികള്‍ക്കും കുട, അയ്മനം കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സമ്മാനമായി ബാഗുകള്‍ ,ക്ഷീര വകുപ്പിന്റെ വക എല്ലാ കുട്ടികള്‍ക്കും ടെട്രാ പാല്‍, കൂടാതെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്ത് വക നോട്ട് ബുക്കുകള്‍, പേന, പുത്തനുടുപ്പുകള്‍, അരി ,പലവ്യഞ്ജജനങ്ങള്‍ എന്നിങ്ങനെ പ്രളയകാലം മറികടക്കാന്‍ കുട്ടികളെ കാത്ത് നിരവധി സമ്മാനങ്ങള്‍ അണിനിരന്നിരുന്നു. സ്‌കൂളിലെ പ്രഥമ അധ്യാപിക സിന്ധു ടീച്ചറിന്റെ വക 190 കുടുംബങ്ങള്‍ക്ക് ഫാമിലി കിറ്റുകളും തയ്യാറാക്കിയിരുന്നു. മുന്‍ എം.എല്‍.എ വൈക്കം വിശ്വന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരുമടക്കമുള്ള ആളുകള്‍ സന്നിഹിതരായിരുന്നു.
അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്‍, വൈസ് പ്രസിഡന്റ് മിനിമോള്‍, വാര്‍ഡ് മെമ്പര്‍ സുജിത സനുമോന്‍, സെന്‍ട്രല്‍ ടാക്‌സ് ആന്റ് എക്‌സൈസ് അസി.കമ്മീഷണര്‍ സരസ്വതി ചന്ദ്രമോഹന്‍, ക്ഷീര വികസന വകുപ്പ് ഡെ.ഡയറക്ടര്‍ ടി.കെ അനികുമാരി അയ്മനം സഹകരണ ബാങ്ക് പ്രസിഡണ്ട് ഭാനു, ക്രിസ്റ്റ്യന്‍ ബ്രദറണ്‍ ചര്‍ച്ച് ബ്രദര്‍ ജയിന്‍, അയ്മനം പഞ്ചായത്ത് സെക്രട്ടറി അനില്‍, കിംസ് ഹോസ്പിറ്റല്‍ പി.ആര്‍.ഒ രാഹുല്‍ കേശവന്‍,ക്യാപ്റ്റന്‍ ഷീബ,റിട്ട. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ ഗ്ലോറി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.