2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പ്രളയം മനുഷ്യസൃഷ്ടിയെന്നു കരുതാന്‍ മതിയായ കാരണമുണ്ട്: പി.ടി തോമസ്

തൊടുപുഴ: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ സൃഷ്ടിയാണെന്നു കരുതാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് പി ടി തോമസ് എംഎല്‍എ. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകള്‍ വേണ്ടത്ര ഒരുക്കമില്ലാതെ തുറന്നുവിട്ടതാണ് നാശത്തിന് വഴിയൊരുക്കിയത്. ഓഗസ്റ്റ് 9നാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. അടച്ചത് സപ്തംബര്‍ 7ന് ഉച്ചയ്ക്കാണ്. ഓഗസ്റ്റ് 19ഓടെ പ്രളയത്തിന്റെ കാഠിന്യം അവസാനിച്ചിരുന്നു.19മുതല്‍ സപ്തംബര്‍ 7 വരെ ഡാം തുറന്നുവിട്ടത് എന്തിനാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. പ്രളയാനന്തരം ഇത്രയും ദിവസം തുറന്നുവിട്ട വെള്ളം പ്രളയത്തിനു മുമ്പ് തുറന്നുവിട്ടിരുന്നെങ്കില്‍ ഇത്രയും ദുരന്തം ഉണ്ടാവുമായിരുന്നില്ല. കാലവര്‍ഷക്കാലത്ത് ഇടുക്കി ഡാം നിറച്ചിടാനുള്ള തീരുമാനം ആരുടേതാണെന്നും പി ടി തോമസ് ചോദിച്ചു. തുലാവര്‍ഷത്തില്‍ മാത്രമാണ് ഇടുക്കി ഡാം നിറഞ്ഞിട്ടുള്ളത്. മുന്നൊരുക്കം നടത്താതെ ഡാം നേരത്തെ തുറന്നുവിട്ടതും പ്രശ്‌നമായി. ഡാം തുറന്നു വിടുമ്പോള്‍ പല ഘട്ടങ്ങളിലായി മുന്നറിയിപ്പുകള്‍ നല്‍കണമെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ഒരിടത്തും ഡാം തുറക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിച്ചിട്ടില്ല.
ഡാം തുറന്നുവിടാന്‍ പോകുന്നു എന്ന് അനൗണ്‍സ് ചെയ്ത് പോയ മൂന്നു വാഹനങ്ങള്‍ വെള്ളത്തില്‍ പെട്ടുപോയതും ഗൗരവമായി എടുക്കണം. തുറന്നുവിടുന്നതിന് സമയം വൈകി എന്നതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കല്ലാറും ഇരട്ടയാറും തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായിട്ടുള്ള ദുരന്തങ്ങള്‍ മനുഷ്യനിര്‍മിതമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ പരാജയമാണ് ഇടുക്കി ഡാം തുറന്നുവിടേണ്ട സാഹചര്യം ഒരുക്കിയത്.
തന്റെ ജന്മനാടായ ഉപ്പുതോട് ഉള്‍പ്പെടെ ദുരന്തം സംഭവിച്ച മേഖലകളില്‍ പോയപ്പോള്‍ വലിയ യുദ്ധം ഉണ്ടായശേഷമുള്ള പ്രതീതിയാണ് അനുഭവപ്പെട്ടത്.
കര്‍ഷകരുടെ എല്ലാതരത്തിലുള്ള കടങ്ങളും എഴുതിത്തള്ളണം.മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഉപകരിക്കില്ല. മലങ്കര എസ്‌റ്റേറ്റ്, കാളിയാര്‍ എസ്‌റ്റേറ്റ് തുടങ്ങിയവ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞതാണെങ്കില്‍ ഏറ്റെടുത്ത് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.