2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പ്രളയം ബാധിച്ച നദികളില്‍നിന്ന് മണല്‍ ലഭ്യത കണ്ടെത്താന്‍ ഓഡിറ്റിന് നടപടി

മാവൂര്‍: പ്രളയം ബാധിച്ച ചാലിയാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ആറ് പ്രധാന നദികളില്‍ മണല്‍ ഓഡിറ്റ് നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. 2018ല്‍ സംസ്ഥാനത്ത് പ്രളയം ബാധിച്ച പെരിയാര്‍, പമ്പ, മൂവാറ്റുപുഴ, ചാലിയാര്‍, കടലുണ്ടി, ഇത്തിക്കര എന്നീ നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തുന്നതിന് ഏജന്‍സികളെ നിശ്ചയിച്ചും ആവശ്യമായ ഫീസ് അനുവദിച്ചുമാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായത്.
നദികളിലെ മണല്‍ വാരല്‍ നിരോധനം നിലവില്‍വന്നിട്ട് നാലുവര്‍ഷം പിന്നിട്ടു. ഇതുകാരണം മണല്‍ വാരുന്നതിന് മാത്രമായി നിര്‍മിച്ച ലക്ഷങ്ങള്‍ വില വരുന്ന ഇരുമ്പ് തോണികള്‍ തുരുമ്പെടുത്തു നശിച്ചു. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നദികളില്‍നിന്ന് മണല്‍ വാരുന്നതിനും പ്രളയത്തെ തുടര്‍ന്ന് നദിയോടടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും വേര്‍തിരിക്കുന്നതിനും ഇത്തരം മണല്‍ ശേഖരിച്ചു സൂക്ഷിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവ പ്രളയ ദുരിതബാധിതര്‍ക്ക് വീട് നിര്‍മാണം, റോഡ് പുനര്‍നിര്‍മാണം ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ തുക ഈടാക്കി നടപടിക്രമം പാലിച്ച് വില്‍പന നടത്തുന്നതിനും അതതു ജില്ലകളിലെ ആര്‍.എം.എഫിലേക്ക് തുക കൈമാറുകയും വേണം.
ചാലിയാറിലെ 53 കി.മീറ്റര്‍ ഓഡിറ്റിങ് നടത്തുന്നതിന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് റിസോഴ്‌സ് ഡവലപ്‌മെന്റ് എന്ന സ്ഥാപനത്തേയും കടലുണ്ടി പുഴയിലെ 88 കി.മീറ്റര്‍ ഓഡിറ്റിങ് നടത്തുന്നതിന് കൊച്ചി ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വിസസ്(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിനേയുമാണ് ചുമതലപ്പെടുത്തിയത്.
എറണാകുളം ജില്ലയിലെ പെരിയാറില്‍ 59 കിലോമീറ്റര്‍ സര്‍വേ നടത്തുന്നതിന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിനും പത്തനംതിട്ടയിലെ പമ്പയില്‍ 60 കിലോമീറ്റര്‍ സര്‍വേ നടത്തുന്നതിന് തിരുവനന്തപുരം കേരള യൂനിവേഴ്‌സിറ്റി സി ഗ്രാഫ് ഫ്യൂച്ചര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ 52 കിലോമീറ്റര്‍ സര്‍വേ നടത്തുന്നതിന് കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് സയന്‍സുമാണ് ഏജന്‍സികള്‍.
കിലോമീറ്ററിന് 14,000 രൂപയും ഡിജിറ്റലൈസേഷന് 50,000 രൂപയും നശ്ചയിച്ചു. കൊല്ലം ജില്ലയിലെ ഇത്തിക്കര പുഴയില്‍ 43 കിലോമീറ്റര്‍ സര്‍വേ നടത്തുന്നതിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റിന് കിലോമീറ്ററിന് 10,000 രൂപയും ഡിജിറ്റലൈസേഷന് 50,000 രൂപയും നിശ്ചയിച്ചു. ഏജന്‍സികള്‍ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ സര്‍വേ നടത്തേണ്ടതും തുടര്‍ന്ന് റിവര്‍ മാനേജ്‌മെന്റ് സെന്ററില്‍ പരിശോധന പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ഡയരക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ മുഖേന 2019 ജൂണ്‍ മാസത്തില്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ് അഡീഷനല്‍ സെക്രട്ടറി അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.