2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയം നഷ്ടം വീണ്ടെടുക്കാന്‍ ത്രിതല ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാകണം : മന്ത്രി ഡോ. ടി.എം തോമസ് ഐസക്

കോട്ടയം : പ്രളയം കേരളത്തില്‍ സൃഷ്ടിച്ച നാശനഷ്ടം അതീവ ഗുരുതരമാണെന്നും ഇവ വീണ്ടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന ധനസമാഹരണ യജ്ഞത്തില്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി പങ്കാളികളാകണമെന്നും ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിന് കോട്ടയത്ത് ചേര്‍ന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ മേഖല ഉള്‍പ്പെടെ സമസ്ത മേഖലകളും സ്തംഭനാവസ്ഥയിലാണ്. കാര്‍ഷിക അനുബന്ധ മേഖലകള്‍ തീവ്ര വരുമാന നഷ്ടം നേരിടുകയാണ്.തൊഴിലാളികള്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് വരുമാനവും നഷ്ടമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ നഷ്ടം നേരിടുന്നവരെ സഹായിക്കുന്നതിന് 30 കോടിയോളം രൂപയാണ് ആവശ്യമായിട്ടുളളത്.
പ്രളയം തകര്‍ത്ത റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള സംവിധാനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ബണ്ടുകള്‍ എന്നിവ ബലവത്തായ രീതിയില്‍ അടിയന്തിരമായി പുനര്‍:നിര്‍മ്മിക്കേണ്ടതുണ്ട്. അടുത്ത മഴക്കാലം സ്വപ്നം കാണാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് തീരപ്രദേശത്തും മലയോര മേഖലയിലുമുള്ളവര്‍ താമസിക്കുന്നത്. തീരമേഖലയില്‍ കടല്‍ ഭിത്തിയും മലയോരമേഖലയില്‍ സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കേണ്ടതുണ്ട്. ഇരുപതിനായിരം കോടി രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനു പുറമേ ദുരിതാശ്വസ പുനരധിവാസ പ്രവര്‍ത്തനങ്ങളും തുലാവര്‍ഷത്തിനു മുന്‍പേ പൂര്‍ത്തീയാക്കേണ്ടതുണ്ട്. ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനു 6000 കോടി രൂപ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്റെ പുന:സൃഷ്ടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം പര്യാപതമല്ലാത്ത സാഹചര്യത്തില്‍ പുനരധിവാസത്തിനുളള തുക കണ്ടെത്താന്‍ പ്രാദേശിക ധനസമാഹരണമല്ലാതെ മറ്റ് പോംവഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ധനസഹായം നല്‍കാന്‍ കഴിവും മനസ്സുമുള്ളവരെ കണ്ടെത്തി ഇവരില്‍ നിന്നും ധനസഹായം ഉറപ്പു വരുത്താന്‍ ജനപ്രതിനിധികള്‍ ശ്രമം നടത്തണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്കുള്ള പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വനം -മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ, രാജു അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച 10 ലക്ഷം രൂപയും കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സമാഹരിച്ച 21.76 ലക്ഷംരൂപയും മന്ത്രിമാര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ.മോന്‍സ് ജോസഫ്, സികെ,ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി, ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലി, എഡിഎം ഇന്‍ ചാര്‍ജ്ജ് അലക്‌സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.