2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പ്രളയം; താല്‍ക്കാലിക ഭവനനിര്‍മാണം പൊതു പണത്തിന്റെ ധൂര്‍ത്ത്

കല്‍പ്പറ്റ: മഴക്കെടുതിയെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് സ്ഥിരമായി വീടുകള്‍ പൂര്‍ത്തീകരിക്കുന്നത് വരെ താമസിക്കുന്നതിന് വേണ്ടി നിര്‍മിക്കാനുദ്ദേശിക്കുന്ന താല്‍ക്കാലിക ഭവനനിര്‍മാണം പൊതുപണത്തിന്റെ ധൂര്‍ത്താണെന്ന് ക്രിസ്റ്റ്യന്‍ കള്‍ച്ചറല്‍ ഫോറം(സി.സി.എഫ്) ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു ഭവനത്തിന്റെ നിര്‍മ്മാണത്തിന് പ്രൊജക്ട് വിഷന്‍ എന്ന എന്‍.ജി.ഒ വഴി 15000 രൂപയുടെ സാധനങ്ങള്‍ നല്‍കുകയും 8000 രൂപയുടെ നിര്‍മ്മാണജോലികളും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും തൊഴിലുറപ്പ് പദ്ധതി വഴിയും ചെയ്യുമെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്.
ജില്ലയില്‍ ആദിവാസികളടക്കമുള്ള 520 കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടി വരുമ്പോള്‍ ചിലവഴിക്കേണ്ടി വരുന്നത് 1,19,60000 കോടി രൂപയാണ്. സ്ഥിര ഭവനത്തിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ എസ്റ്റിമേറ്റിട്ട് അനുവദിച്ചിരിക്കുന്നത് നാല് ലക്ഷം (400000) രൂപയാണ്.
ആ നിലക്ക് പരിശോധിച്ചാല്‍ 30 വീടുകള്‍ നിര്‍മ്മിക്കുന്നതിന് തുല്യമാണിത്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സമയത്ത് 30 വീടുകള്‍ നിര്‍മ്മിക്കാനുള്ള പണം താല്‍ക്കാലിക ഭവനത്തിനായി ചിലവഴിക്കുന്ന നടപടി ശരിയല്ല. മാത്രമല്ല, താല്‍ക്കാലിക ഭവനത്തിന്റെ മാതൃക പരിശോധിക്കുമ്പോള്‍ അതില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പകല്‍ സമയത്ത് വലിയ ചൂടും, രാത്രികാലത്ത് വലിയതോതിലുള്ള തണുപ്പും മഞ്ഞുമുള്ള വയനാടിന്റെ കാലാവസ്ഥക്ക് അനുയോജ്യമല്ല.
ട്രഫോള്‍ഡ് ഷീറ്റുപയോഗിച്ച് നിര്‍മ്മിക്കുന്ന എട്ടടിമാത്രം ഉയരമുള്ള ഈ ഭവനത്തിന്റെ ഉള്‍ഭാഗം പകല്‍സമയത്ത് ഉയര്‍ന്ന തോതില്‍ ചൂടനുഭവപ്പെടുന്ന ചൂളക്ക് സമാനമായിരിക്കും. ഇതുമൂലം പകല്‍സമയത്ത് ഇത് വാസയോഗ്യമല്ല. രാത്രികാലങ്ങളില്‍ കൊടിയ തണുപ്പായിരിക്കും. കൂടാതെ മഞ്ഞുകാലത്ത് ഇതിനുള്ളില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെടുകയും, ഷീറ്റില്‍ നിന്നും തുള്ളികളായി അകത്തുകിടക്കുന്നവരുടെ ദേഹത്ത് വീണുകൊണ്ടിരിക്കുകയും ചെയ്യും.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി താമസിക്കുന്നതിനായി തൊഴിലുടമകള്‍ നിര്‍മ്മിക്കേണ്ട വാസസ്ഥലങ്ങളുടെ നിര്‍മ്മാണത്തിന് പോലും സര്‍ക്കാരിന്റെ കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും ഉണ്ടായിരിക്കെ അത്തരം മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കപ്പെടാതെയാണ് ഇവ നിര്‍മ്മിക്കുന്നത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, വാഴവറ്റ തുടങ്ങിയ സ്ഥലങ്ങള്‍ കാരാപ്പുഴ പദ്ധതിക്ക് വേണ്ടിയും, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ബാണാസുരസാഗര്‍ പദ്ധതിക്ക് വേണ്ടിയും നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സുകളില്‍ ബഹുഭൂരിപക്ഷവും ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
ഇതില്‍ പലതിലും ഒന്നിലധികം കുടുംബങ്ങളെ ഒന്നിച്ച് താമസിപ്പിക്കാന്‍ കഴിയുന്നത്ര മുറികളും സൗകര്യങ്ങളുമുള്ളതാണ്. ഡി.ടി.പി.സിയുടെ കൈവശം 500 ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന സൗകര്യത്തോട് കൂടിയ ഡോര്‍മെറ്ററി സൗകര്യങ്ങള്‍ ജില്ലയിലുടെ വിവിധ ഭാഗങ്ങളിലുണ്ട്.
കൂടാതെ ജില്ലയില്‍ വിവിധ ഇടങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ബില്‍ഡിംഗുകളും കൂടി ഉപയോഗിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നം മാത്രമെയുള്ളുവെന്നിരിക്കെ ദുരന്തത്തിന്റെ പേരില്‍ സഹാനുഭൂതി തോന്നി പൊതുജനങ്ങളും കോര്‍പറേറ്റ് കമ്പനികളും നല്‍കുന്ന പണം ഇങ്ങനെ ചിലവഴിക്കുന്നത് പൊതുപണത്തിന്റെ ധൂര്‍ത്താണെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി താല്‍ക്കാലികഭവന നിര്‍മ്മാണമെന്ന പ്രൊജക്ടില്‍ നിന്നും പിന്മാറണമെന്നും, എന്‍.ജി.ഒ വാഗ്ദാനം ചെയ്ത പണം സ്ഥിരഭവനങ്ങളുടെ നിര്‍മ്മിതിക്കുപയോഗിക്കണമെന്നും സി.സി.എഫ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജില്ലാചെയര്‍മാന്‍ സാലു അബ്രഹാം മേച്ചേരില്‍, ജനറല്‍ സെക്രട്ടറി ജോസ് താഴത്തേല്‍. ജില്ലാ ട്രഷറര്‍ കെ കെ ജേക്കബ്ബ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. എന്‍.ജി.ഒകളില്‍ ചിലരെങ്കിലും ഈ ദുരന്തത്തെ പണപ്പിരിവിനുള്ള മാര്‍ഗമാക്കി മാറ്റുന്നുണ്ടോയെന്ന് സംശയമുണ്ട്.
എന്തെങ്കിലുമൊക്കെ ഉപയോഗപ്രദമല്ലാത്ത പദ്ധതികളുമായി ജില്ലാഭരണകൂടത്തെ സമീപിച്ച് എഗ്രിമെന്റുകളിലെത്തി പിന്നീട് ഇതു കാണിച്ച് കോര്‍പറേറ്റ് ഏജന്‍സികളില്‍ നിന്നടക്കം പണം പിരിക്കുകയാണ് ഇത്തരത്തില്‍ ചിലര്‍. ഇങ്ങനെ പ്രൊജക്ടുകള്‍ കിട്ടുമ്പോള്‍ ലഭിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജില്‍ മാത്രമാണ് പല എന്‍.ജി.ഒകളുടെയും ശ്രദ്ധയെന്നും സംശയമുണ്ട്. ഇത് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ വരെ സംശയത്തിന്റെ നിഴലിലാക്കാനെ ഉപകരിക്കൂ.
അതുകൊണ്ട് പ്രളയദുരന്തത്തില്‍ സഹായ വാഗ്ദാനവുമായി വരുന്ന സംഘടനകളെ പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പ്രവര്‍ത്തനാനുമതി നല്‍കാവൂ. ഏതെങ്കിലുമൊരു എന്‍.ജി.ഒകള്‍ക്ക് ഫണ്ട് വര്‍ധിപ്പിക്കാനും പ്രൊജക്ടുകള്‍ നേടിയെടുക്കാനുമുള്ള ജീവനോപാധിയായി വയനാട് ദുരന്തത്തെ ഉപയോഗിക്കരുത്.
പ്രളയദുരന്തത്തില്‍പ്പെട്ട 300ലധികം ആദിവാസി കുടുംബങ്ങളെ അവര്‍ പ്രതികരിക്കില്ലെന്ന ധാരണയില്‍ ഇത്തരം ഭവനങ്ങള്‍ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഈ ഭവനത്തെ പുകഴ്ത്തിപറയുന്നവര്‍ താമസിച്ചുകാണിച്ച് തരണമെന്നും സി.സി.എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News