2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പ്രളയം: കേരളത്തിന് 3,048 കോടി അധിക കേന്ദ്രസഹായം

 

ന്യൂഡല്‍ഹി: പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് 3,048 കോടി രൂപയുടെ അധിക കേന്ദ്രസഹായം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല സമിതിയുടെ യോഗത്തിലാണ് തീരുമാനം.
കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധികസഹായ പ്രഖ്യാപനം.
4,800 കോടി രൂപ വേണമെന്നാണ് സെപ്റ്റംബറില്‍ കേരളം ആവശ്യപ്പെട്ടത്. ആദ്യഘട്ട ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചില ബില്ലുകളും കണക്കുകളും കേരളം നല്‍കിയാല്‍ ഉന്നതതല സമിതി അനുവദിച്ച തുക സംസ്ഥാനത്തിന് കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനര്‍നിര്‍മാണത്തിനായി 31,000 കോടി രൂപയാണ് മൊത്തം ആവശ്യമായ തുക.
പ്രകൃതിക്ഷോഭം നേരിടുന്നതിനായി നാഗാലാന്റിന് 1,31.16 കോടി രൂപയും ആന്ധ്രപ്രദേശിന് 5,39.52 കോടി രൂപയും അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബെ, ആഭ്യന്തരം, ധനകാര്യം, കൃഷി മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.