2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പ്രളയം: ഏറ്റുമാനൂര്‍ നഗസഭാ കൗണ്‍സിലില്‍ വീണ്ടും ബഹളം; സാധനങ്ങള്‍ മറിച്ചു കൊടുത്തെന്ന് സി.പി.എം കൗണ്‍സിലര്‍

ഏറ്റുമാനൂര്‍: പ്രളയ ദുരന്തത്തെ കുറിച്ചുള്ള ചര്‍ച്ച ഏറ്റുമാനൂര്‍ നഗരസഭയുടെ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗവും അലങ്കോലമാക്കി. പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനായി വ്യാപാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ചതുള്‍പ്പെടെ മുഴുവന്‍ വരവ് ചെലവ് കണക്കുകളും കൗണ്‍സിലില്‍ ബോധ്യപ്പെടുത്തണമെന്ന് അംഗങ്ങളുടെ ആവശ്യം ബഹളത്തിന് വഴിവെക്കുകയായിരുന്നു. ഇതിനിടെ നഗരസഭ പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാനായി സമാഹരിച്ച സാധന സാമഗ്രികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊടുത്തു വിട്ടതിനെതിരെ ഒരു സംഘം കൗണ്‍സിലര്‍മാര്‍ ശബ്ദമുയര്‍ത്തിയത് വാക്കേറ്റത്തില്‍ കലാശിച്ചു.
പതിനാലാം വാര്‍ഡ് കൗണ്‍സിലറായ സിപിഎമ്മിലെ മിനിമോള്‍ തന്റെ വാര്‍ഡിലെ ഒരു ക്യാമ്പില്‍ ലഭിച്ച സാധനങ്ങളുടെ ലിസ്റ്റും ഉയര്‍ത്തി പിടിച്ചാണ് ആരോപണം ഉന്നയിച്ചത്. മിനിമോളുടെ വാര്‍ഡിലേക്കെന്ന് പറഞ്ഞ് നഗരസഭയില്‍ കെട്ടിവെച്ച സാധനങ്ങള്‍ എതിലേ പോയെന്നായി കൗണ്‍സിലര്‍ ബീനാ ഷാജി. ആലോചിച്ച് തീരുമാനമെടുത്ത ശേഷം നല്‍കാമെന്ന് സെക്രട്ടറി പറഞ്ഞതായി റവന്യൂ ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ മിനിമോളുടെ വാര്‍ഡില്‍ സാധനങ്ങള്‍ക്ക് ഒരു കുറവും ഇല്ലായിരുന്നുവെന്നും ആ വാര്‍ഡില്‍ നിന്നും വരുന്ന തന്റെ വീട്ടുജോലിക്കാരിക്ക് മാത്രം 18 നൈറ്റി ലഭിച്ചുവെന്നും ബിജെപി അംഗം ഉഷാ സുരേഷ് പറഞ്ഞത് കലുഷിതമായി നിന്ന യോഗത്തില്‍ ചിരി ഉണര്‍ത്തി.
പ്രളയത്തിന് ശേഷം നടന്ന രണ്ട് യോഗങ്ങളിലും കെടുതികളെ സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. പ്രളയത്തിന്റെ വ്യാപ്തിയെ കുറിച്ചും നഗരസഭ കൈകൊണ്ട നടപടികളെ പറ്റിയും മറ്റും സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കാത്തതിനെ ാരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് ചോദ്യം ചെയ്തു.
ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ആഗസ്ത് 30ലെ യോഗത്തിലെ തുടര്‍ചര്‍ച്ചകള്‍ക്കായി ഇന്നലെ നടന്ന കൗണ്‍സിലില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ തനത് ഫണ്ടില്‍ നിന്ന് 3 ലക്ഷവും കൗണ്‍സിലര്‍മാരുടെ ഒരു മാസത്തെ ഓണറേറിയവും നല്‍കാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.