2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രമുഖ സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ആംആദ്മി പാര്‍ട്ടി പ്രചാരണം നടത്തും

കൊച്ചി: കേരളത്തിലെ പ്രമുഖരായ പന്ത്രണ്ട് സ്ഥാനാര്‍ഥികളെ തോല്‍പിക്കുന്നതിനായി പ്രചാരണം നടത്താന്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച പാര്‍ട്ടി ഒരു മുന്നണിയെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

പാര്‍ട്ടിയുടെ രീതി അനുസരിച്ച് മത്സരിക്കാവുന്ന സാഹചര്യം കേരളത്തില്‍ ഇല്ലാത്തതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടിക്ക് അധികാരത്തിലേക്ക് എത്താന്‍ സാഹചര്യം ഇല്ലാത്തതിനാല്‍ പ്രകടനപത്രിക ഇറക്കുന്നില്ല.

എന്നാല്‍ അടുത്ത അഞ്ച് വര്‍ഷം ശക്തമായ പ്രതിപക്ഷമായി ആംആദ്മി പാര്‍ട്ടി നിയമസഭയ്ക്ക് പുറത്തുണ്ടാകും. അഴിമതിക്കാരായ ഇരുമുന്നണിയിലെയും ഒന്‍പത് പേരെയും വര്‍ഗീയത ഇളക്കി വിജയിക്കാമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും എതിരെയാണ് പ്രചാരണം നടത്തുക. അഴിമതി നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി (പുതുപ്പള്ളി), മന്ത്രിമാരായ കെ.എം മാണി (പാലാ), കെ ബാബു (തൃപ്പൂണിത്തുറ), അനൂപ് ജേക്കബ് (പിറവം), അടൂര്‍ പ്രകാശ് (കോന്നി), വി.കെ ഇബ്രാഹിംകുഞ്ഞ് (കളമശ്ശേരി), ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട) എന്നിവര്‍ക്കും ഇടതുപക്ഷമുന്നണിയില്‍ നിന്ന് അഴിമതിക്കാരായി പാര്‍ട്ടിക്ക് ബോധ്യമുള്ള പിണറായി വിജയനും (ധര്‍മ്മടം), ഇ.പി ജയരാജനു (മട്ടന്നൂര്‍)മെതിരെയാണ് പ്രചാരണം.

വര്‍ഗീയ ധ്രുവീകരണത്തിലൂടെ സീറ്റ് പിടിക്കാന്‍ ശ്രമിക്കുന്ന ഒ. രാജഗോപാല്‍ (നേമം), കുമ്മനം രാജശേഖരന്‍ (വട്ടിയൂര്‍കാവ്), കെ സുരേന്ദ്രന്‍ (മഞ്ചേശ്വരം) എന്നിവരാണ് ബി.ജെ.പിയില്‍ നിന്ന് ആംആദ്മിയുടെ എതിര്‍പ്പ് നേരിടേണ്ടിവരുന്നത്. ഇവിടങ്ങളില്‍ ബി.ജെ.പിക്ക് വിജയ സാധ്യതയുള്ളതുകൊണ്ടല്ല, അവിടെ രണ്ടാം സ്ഥാനത്ത് പോലും എത്താതിരിക്കാനാണ് ബി.ജെ.പിക്കെതിരെ രംഗത്തിറങ്ങുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. മൊത്തത്തിലുള്ള ജനകീയ അംഗീകാരമാണെന്ന് വാദിച്ച് അഴിമതിക്കാരായവര്‍ നിയമസഭയിലെത്തിയാല്‍ ഇവര്‍ എല്ലാത്തിനും അതീതരാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യും.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തുടരാന്‍ പോകുന്നതും ഏറെക്കുറെ യു.ഡി.എഫിന്റെ നിലപാടായിരിക്കും. എല്‍.ഡി.എഫിലെ രാഷ്ട്രീയ കച്ചവടത്തിന് സൂത്രധാരനായതിനാലാണ് പിണറായിക്കും, ജയരാജനുമെതിരേ പ്രചാരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 12 മണ്ഡലങ്ങളിലും കണ്‍വന്‍ഷന്‍ നടത്തുകയും സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തകരെയും മണ്ഡലങ്ങളില്‍ ക്യാംപ് ചെയ്യിപ്പിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മീഡിയാ കോഡിനേറ്റര്‍ ഷൈബു മഠത്തില്‍, ഷൗക്കത്ത് അലി, അശോക് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.