2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

പ്രമുഖ പണ്ഡിതന്‍ ശൈഖ് ഖലീല്‍ അല്‍ഖാരി അന്തരിച്ചു

ജിദ്ദ: പ്രമുഖ പണ്ഡിതനും വിശുദ്ധ ഹറമിലെയും മസ്ജിദുന്നബവിയിലെയും ഇമാമുമാരുടെ അധ്യാപകനുമായിരുന്ന ശൈഖ് ഖലീല്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖാരി അന്തരിച്ചു.

സഊദിയില്‍ വ്യവസ്ഥാപിതമായി നടത്തുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ ക്ലാസുകള്‍ക്ക് തുടക്കമിട്ട പണ്ഡിതനായിരുന്നു അദ്ദേഹം. മസ്ജിദുന്നബവി ഇമാമുമരായ മുഹമ്മദ് ഖലീല്‍ അല്‍ഖാരിയും മഹ്മൂദ് ഖലീല്‍ അല്‍ഖാരിയും മക്കളാണ്.

വിശുദ്ധ ഹറം, മസ്ജിദുന്നബവി ഇമാമുമാരായ ശൈഖ് മുഹമ്മദ് അല്‍സുബൈല്‍, മുഹമ്മദ് അയൂബ്, അലി ജാബിര്‍ എന്നിവരുടെ അധ്യാപകനാണ്.

1940ല്‍ മുസഫറാബാദിലാണ് ജനനം. ലാഹോറില്‍ മുഹമ്മദ് സുലൈമാന്‍, ഖാരി അന്‍വാറുല്‍ഹഖ്, ഖാരി ഫസ്ല് കരീം എന്നിവര്‍ക്ക് കീഴില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ജോലി നിര്‍വഹിച്ചിരുന്നു. 1963ല്‍ പാകിസ്താനില്‍ നിന്ന് മക്കയിലേക്ക് പാലായനം ചെയ്തു.

മക്ക അല്‍ഹഫായിറില്‍ ബിന്‍ലാദില്‍ സ്‌കൂളില്‍ ഖുര്‍ആന്‍ അധ്യാപകനായിരുന്നു. വൈകുന്നേരങ്ങളില്‍ അസര്‍ നമസ്‌കാരത്തിനു ശേഷം വിശുദ്ധ ഹറമില്‍ ഖുര്‍ആന്‍ ക്ലാസുകളെടുത്തിരുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ക്ലാസുകളെടുത്തിരുന്നു ഇദ്ദേഹം. പിന്നീട് അദ്ദേഹം മദീനയിലേക്ക് താമസം മാറിയ ശൈഖ് ഖലീല്‍ മദീന ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലെ മദീന അല്‍മുന്നവ്വറ അക്കാദമിയിലെ അധ്യാപകനായി നിയമിക്കപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌കാരാനന്തരം മസ്ജിദുന്നബവിയില്‍ വച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി ജന്നത്തുല്‍ബഖീഇല്‍ മൃതദേഹം ഖബറടക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.